Trending Now

ലഹരിമരുന്ന് വിപത്തിനെതിരായ പോരാട്ടം : പോലീസ് മുന്നോട്ട്

 

konnivartha.com/പത്തനംതിട്ട : സമൂഹത്തെ, വിശിഷ്യാ യുവാക്കളെയും വിദ്യാർഥികളെയും ലഹരിമരുന്നുപയോഗത്തിൽ നിന്നും മോചിപ്പിക്കുന്നതിനും, ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനും ലക്ഷ്യമിട്ട് പോലീസ് നടത്തിവരുന്ന യോദ്ധാവ്  ബോധവൽക്കരണപരിപാടിക്ക് വൻ സ്വീകാര്യത.

 

ഈമാസം 13 നാണ് ജില്ലയിൽ വിവിധ ബോധവൽക്കരണപരിപാടികൾക്ക് തുടക്കം കുറിച്ചത്. 9995966666 എന്ന യോദ്ധാവ് വാട്സാപ്പ് നമ്പർ പൊതുജനങ്ങൾക്ക് ലഹരിവസ്തുക്കളുടെ ഉപയോഗം, വില്പന, കടത്ത് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ കൈമാറാവുന്നവിധം ഏർപ്പെടുത്തി.

 

സന്ദേശം ടെക്സ്റ്റ്‌ ആയോ, ശബ്ദമായോ, വീഡിയോ രൂപത്തിലോ, ചിത്രങ്ങളായോ
അറിയിക്കാവുന്ന വിധത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈമാസം 18 മുതൽ 24 വരെയുള്ള കാലയളവിൽ, പദ്ധതിയുടെ ഭാഗമായി റെസിഡന്റ്‌സ് അസോസിയേഷനുകളെ ഉൾപ്പെടുത്തി 18 ആന്റി നർകോട്ടിക് ക്ലബ്ബുകൾ രൂപീകരിച്ചു.

പദ്ധതി തുടങ്ങി ഇതുവരെ സ്കൂളുകളിൽ ആകെ 113 ഉം, കോളേജുകളിൽ ആകെ 35 ഉം ക്ലബ്ബുകളാണ് രൂപീകരിച്ചത്. ഇതിന് പുറമെയാണ് ഇപ്പോൾ റെസിഡന്റ്‌സ് അസോസിയേഷനുകളെ ഉൾപെടുത്തിയുള്ള ക്ലബ്ബുകൾ. പദ്ധതിയുടെ
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അധ്യാപകരെയോദ്ധാവ് എന്ന പേരിൽ തെരഞ്ഞെടുത്തുവരുന്നു. ഇത്തരത്തിൽ ആകെ 148 യോദ്ധാക്കളാണ് ജില്ലയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്.

റിസോഴ്‌സ് പേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ട പോലീസ്, എക്സൈസ്, സാമൂഹിക നീതിവകുപ്പ്, ആരോഗ്യം, എൻ ജി ഓ മാർ എന്നിവർക്ക് ജില്ലാ പോലീസ് ഹെഡ് ക്വാർട്ടർ സഭാഹാളിൽ വച്ച് ദ്വിദിന പരിശീലനം നൽകി. 29 ജനമൈത്രി ബീറ്റ് ഓഫീസർമാർക്ക് ഇവിടെവച്ച് ഏകദിന പരിശീലനവും നൽകി. ഇക്കാലയളവിൽ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾക്ക് അഞ്ച് ദിവസത്തെ പരിശീലനം ലഭ്യമാക്കി.

ലഹരിവിരുദ്ധ ബോധവൽക്കരണ കൂട്ടയോട്ടം പന്തളം ടൗണിൽ പോലീസിന്റെ നേതൃത്വത്തിൽ നടന്നു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനിൽപ്പെട്ട സ്ഥലങ്ങളിൽ വ്യത്യസ്തമായ പൊതുപരിപാടികൾ നടത്തി. കോഴഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ 19 ന് ലഹരിവിരുദ്ധ ബോധവൽക്കരണ നാടകം, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു.

കുന്നന്താനം എൻ എസ് എസ് എച്ച് എസ് എസിൽ മാജിക് ഷോ നടത്തി. 20 ന് അടൂർ കണ്ണൻകോട് മാർതോമ്മ സെന്ററിന്റെ സഹകരണത്തോടെ നാടകവും,22 ന്
ചെങ്ങരൂരിൽ ഫ്ലാഷ് മോബും നാടകവും, 24 ന് കുന്നന്താനം എൻ എസ് എസ് എച്ച് എസ് എസ്സിൽ ക്ലാസ്സും, മാജിക് ഷോയും നടന്നു. തിരുവല്ല ടൗണിൽ ഡി ബി എച്ച് എസ് എസിലെ എസ് പി സി കേഡറ്റുകളെ ഉൾപ്പെടുത്തി റാലി നടത്തി. കൂടാതെ, ഈദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 8 ഇടങ്ങളിൽ പൊതു പരിപാടികളും സംഘടിപ്പിച്ചു. തിരുവല്ല ടൌൺ കാവുംഭാഗം, പുളിക്കീഴ്,
ചുങ്കപ്പാറ, ഇടയാറന്മുള, കുന്നന്താനം, അടൂർ എന്നിവടങ്ങളിലെ വിദ്യാലയങ്ങളും മറ്റും കേന്ദ്രീകരിച്ചു നടത്തിയ പരിപാടികളിൽ വൻ തോതിൽ പൊതുജന
പങ്കാളിത്തമുണ്ടായി.

ജില്ലയിലെ 15 ഇടങ്ങളിൽ ലഹരിവിരുദ്ധ പ്രതിജ്ഞ പൊതുജനങ്ങളെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തി. അടൂർ, പുളിക്കീഴ്, കൂടൽ, കൊടുമൺ, പെരുമ്പെട്ടി, കീഴ്‌വായ്പ്പൂർ, പത്തനംതിട്ട തുടങ്ങിയ പോലീസ് സ്റ്റേഷൻ
പരിധികളിലെ കേന്ദ്രങ്ങളിൽ നടന്ന പ്രതിജ്ഞയെടുക്കൽ ചടങ്ങുകളിൽ നിരവധി ആളുകൾ പങ്കെടുത്തു. 24 ന് പെരിങ്ങനാട് ബോധവൽക്കരണ മനുഷ്യ ചങ്ങല സൃഷ്ടിച്ചു. ലഹരിവസ്തുക്കൾക്കെതിരെ ഫേസ്ബുക്, വാട്സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി സന്ദേശങ്ങൾ കൈമാറി.

വിദ്യാലയങ്ങളുടെ 200 മീറ്ററിനുള്ളിലുള്ള തട്ടുകടകൾ, മറ്റ് കടകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് റെയ്‌ഡുകൾ പോലീസിന്റെ നേതൃത്വത്തിൽ നടത്തി. ഇത്തരത്തിൽ 18 മുതൽ 24 വരെയുള്ള ദിവസങ്ങളിലായി 114 റെയ്‌ഡുകൾ ജില്ലയിൽ നടത്തുകയും, കഞ്ചാവ്, നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതിന് 11 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു, 11 പേർ അറസ്റ്റിലായി, 17.16 ഗ്രാം കഞ്ചാവ്
ഉൾപ്പെടെ പിടികൂടി. ആന്റി നർകോട്ടിക് ഡോഗിന്റെ സഹായത്തോടെ ബസ്സുകളിൽ പരിശോധന നടത്തി.

ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടന്നു. ലഹരിമരുന്നുകളുടെ വിപത്തിൽ നിന്നും നാടിനെ രക്ഷിക്കുന്നതിനുള്ള യോദ്ധാവ് ബോധവൽക്കരണ
കാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികൾ ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിൽ തുടർന്നുവരികയാണെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് പറഞ്ഞു.

error: Content is protected !!