Trending Now

ലഹരിമരുന്നിന്‍റെ വിപത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ യോദ്ധാവ് പദ്ധതിയുമായി     പോലീസ്

 

konnivartha.com : സമൂഹത്തിന്‍റെ സർവ്വ മേഖലകളെയും പിടിമുറുക്കിയിരിക്കുന്ന ലഹരിമരുന്നുകളുടെ സ്വാധീനത്തിൻ നിന്നും യുവതലമുറ ഉൾപ്പെടെയുള്ളവരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് രൂപീകരിച്ച പദ്ധതിയായയോദ്ധാവി ന്‍റെ ഭാഗമായി ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ
നടന്നുവരുന്നു.

9995966666 എന്ന യോദ്ധാവ് വാട്സാപ്പ് നമ്പരിലേക്ക് പൊതുജനങ്ങൾക്ക് ലഹരിവസ്തുക്കളുടെ ഉപയോഗം, വില്പന, കടത്ത് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ കൈമാറാവുന്നതാണ്. സന്ദേശം ടെക്സ്റ്റ്‌ ആയോ, ശബ്ദമായോ, വീഡിയോ രൂപത്തിലോ, ചിത്രങ്ങളായോ അറിയിക്കാം.

സന്ദേശം സ്വീകരിക്കുന്ന പോലീസുദ്യോഗസ്ഥർക്കുപോലും വിവരം പങ്കുവയ്ക്കുന്നയാളുടെ പേരോ മറ്റ് വിശദാoശങ്ങളോ അറിയാനാവില്ല എന്ന പ്രത്യേകത കൂടിയുണ്ട് ഈ പദ്ധതിയ്ക്ക്.
ലഹരിമരുന്നുകൾക്കെതിരായ പോരാട്ടത്തിൽ പങ്കാളികളായി യോദ്ധാവിനെപ്പോലെ പോരാടാൻ ആളുകൾ മുന്നോട്ടുവരണമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആന്റി നർകോട്ടിക് ക്ലബ്ബുകൾ രൂപീകരിച്ചു. സ്കൂളുകളിൽ ആകെ 113 ഉം, കോളേജുകളിൽ ആകെ 35 ഉം ക്ലബ്ബുകളാണ് ഇതിനകം രൂപീകരിച്ചത്.

സ്കൂളുകളിൽ ഹെഡ് മാസ്റ്ററും കോളേജുകളിൽ പ്രിൻസിപ്പലും ക്ലബ്ബിന്റെ ചെയർമാൻ ആയിരിക്കും. ആദ്യ യോഗം കഴിഞ്ഞ 29 ന് നടന്നു . പി ടി എ പ്രസിഡന്റ്‌ വൈസ് ചെയർമാനും, അതത് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഓ കൺവീനറും, ഒരു അദ്ധ്യാപകൻ കോ ഓർഡിനേറ്ററും,2 പി ടി എ പ്രതിനിധികൾ,4 വിദ്യാർഥി പ്രതിനിധികൾ എന്നിവർ അംഗങ്ങളുമാണ്. പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർ യോദ്ധാവ് എന്നറിയപ്പെടും. ലഹരിമരുന്നുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും പറ്റി ദ്വിദിന പരിശീലനം അവർക്ക് നൽകും.

വിദ്യാർഥികളെ ഈ വിഷയത്തിൽ ബോധവൽക്കരിക്കുക, ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ
തിരിച്ചറിയുക, ക്വിസ്, നാടകം, മാജിക് ഷോ തുടങ്ങിയ പരിപാടികളിലൂടെയുള്ള ബോധവൽക്കരണം എന്നിങ്ങനെ നിരവധി ഉത്തരവാദിത്തങ്ങളാണ് ആന്റി നർകോട്ടിക് ക്ലബ്ബിനുള്ളത്.

വിദ്യാലയങ്ങളിലെ എൻ എസ് എസ്, എൻ സി സി, എസ് പി സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എന്നിവയുടെ സഹകരണം ഉറപ്പാക്കിയാവും പ്രവർത്തനം വ്യാപിപ്പിക്കുന്നത്.

എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ ജനമൈത്രി ബീറ്റ് ഓഫീസര്മാർക്ക് ഇതുസംബന്ധിച്ച പരിശീലനം ലഭ്യമാക്കി. കഴിഞ്ഞമാസം 31 ന് ജില്ലാതല കോ ഓർഡിനേഷൻ കമ്മിറ്റി രൂപവൽക്കരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിൽ നടന്ന കമ്മിറ്റിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ, ഹയർ സെക്കന്ററി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ
ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, സാമൂഹിക നീതി ഓഫീസർ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധി എന്നിവർ പങ്കെടുത്തു. സ്കൂൾ തല ക്ലബ്‌ യോഗങ്ങൾ എസ് എച്ച് ഒമാരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, പോലീസ്, ചൈൽഡ്
പ്രൊട്ടക്ഷൻ, സാമൂഹിക നീതി വകുപ്പ്, എക്സൈസ് എന്നീ വകുപ്പുകളിൽ നിന്നുള്ള രണ്ടുവീതം റിസോഴ്‌സ് പേഴ്സൺ വിദ്യാർഥികൾക്ക് പരിശീലനം നൽകും.

പദ്ധതിയുടെ പ്രചരണാർത്ഥം പ്രമുഖ വ്യക്തികളെ പങ്കെടുപ്പിക്കും, വീഡിയോകൾ, ഹ്രസ്വ ചിത്രങ്ങൾ തുടങ്ങിയവ നിർമിച്ച് ബോധവൽക്കരണം നടത്തും. സൈക്കിൾ റാലി, കൂട്ടയോട്ടം, സ്പോർട്സ് മത്സരങ്ങൾ എന്നിവയിലൂടെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുമെന്നും
ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

മാർക്കറ്റുകൾ, ബസ് റെയിൽവേ സ്റ്റേഷനുകൾ, മാളുകൾ, സിവിൽ സ്റ്റേഷനുകൾ, ആശുപത്രികൾ തുടങ്ങിയ പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ച് നാടകങ്ങളും മറ്റും നടത്തുകയും, ലഹരിവിരുദ്ധ പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു. കൗൺസിലിങ് സെന്ററുകൾ, സാമൂഹിക നീതി വകുപ്പ്, എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യം, എൻ ജി ഓകൾ, കുടുംബശ്രീ യൂണിറ്റുകൾ, രാഷ്ട്രീയ
സാമൂഹിക സംഘടനാ പ്രവർത്തകർ, റോട്ടറി ലയൺസ് ക്ലബ്ബുകൾ, വൈ എം സി എ, വൈ ഡബ്ല്യൂ സി എ, റെസിഡന്റ്‌സ് അസോസിയേഷൻ, വ്യാപരികൾ, ഡ്രൈവർമാർ തുടങ്ങിയവരുടെ സഹകരണം ഉറപ്പാക്കിയാണ് യോദ്ധാവ് പദ്ധതി നടപ്പാക്കുക.

 

ഇന്നലെ മുതൽ പോലീസ് സ്റ്റേഷൻ പരിധികളിൽ കുട്ടികളെ ഉൾപ്പെടുത്തി റാലികൾ, കൂട്ടയോട്ടം എന്നീ പരിപാടികൾ തുടങ്ങി. എസ് എച്ച് ഓമാർ നേതൃത്വം നൽകുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. നർകോട്ടിക് സെൽ ഡി വൈ എസ് പി ആണ് പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർ.

പന്തളം ജനമൈത്രി പോലീസ് വിവിധ ലഹരി വിരുദ്ധക്യാമ്പയിൻറെ ഭാഗമായി ഇന്ന് രാവിലെ നടത്തിയ കൂട്ടയോട്ടം പന്തളം എസ് എച്ച് ഒ, എസ്സ്. ശ്രീകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. എസ്ഐമാരായ ശ്രീജിത്ത്, രാജൻ, തോമസ് ഉമ്മൻ, വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകിയ കൂട്ടയോട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. പന്തളം പോലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂൾ കോളേജ് തലങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി.


മലയാലപ്പുഴ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ സി . എം സ്കൂളിൽ ലഹരി വിരുദ്ധ ജാഥ സംഘടിപ്പിച്ചു. മലയാലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ വിജയൻ കുട്ടികൾക്ക് ലഹരിവിരുദ്ധബോധവൽക്കരണക്ലാസ്സ്‌ എടുത്തു. വാർഡ് അംഗം പി ടി എ പ്രസിഡന്റ്‌, അധ്യാപകര്‍, ഓട്ടോ തൊഴിലാളികൾ,എന്നിവർ പങ്കെടുക്കുകയും ചെയ്തു.


കോന്നി ഗവൺമെൻന്‍റ ഹയർ സെക്കൻഡറി സ്കൂൾ എസ് പി സിയും ജനമൈത്രി പോലീസും സംയുക്തമായി മയക്കു മരുന്ന് ഉപയോഗവും വിപണനവും തടയുന്നതിനായി “യോദ്ധാവ്” പദ്ധതിയുടെ ഭാഗമായുള്ള പരിപാടികൾ  തുടങ്ങി.

ലഹരി വിരുദ്ധ ക്യാമ്പയിൻ ഭാഗമായി , പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള പോലീസ് സ്കൂൾ സേഫ്റ്റി ഗ്രൂപ്പിൻറെ ആഭിമുഖ്യത്തിൽ കുഴിക്കാല
സിഎംഎസ് ഹൈസ്കൂളിലെ കുട്ടികളും കോഴഞ്ചേരി സെൻറ് തോമസ് സ്കൂളിലെ എസ് പി സി കേഡറ്റുകളും ചേർന്ന് വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബും ഇന്ന് കോഴഞ്ചേരി പൈവറ്റ് ബസ് സ്റ്റാൻഡിൽ നടത്തി. രണ്ടു സ്കൂളുകളിൽ നിന്നായി എൺപതോളം കുട്ടികൾ ലഹരി മരുന്നു
ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു. ആറന്മുള പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി കെ മനോജ്,ജനമൈത്രി സി ആർ ഒ സബ് ഇൻസ്പെക്ടർ ശ്രീ ഹരീന്ദ്രൻ , കുഴിക്കാല സി എം എസ് എച്ച് എസ് ഹെഡ്മാസ്റ്റർ ശ്രീ ഷിബു ജോയ് അധ്യാപകരായ ഷേർലി തോമസ്, ബിനു വർഗീസ്, സരിൻ ജോസഫ് ജോർജ് , ആനി (എസ് പി സി സെന്റ് തോമസ് എച്ച് എസ് എസ് കോഴഞ്ചേരി)എ എസ് ഐ നെപ്പോളിയൻ , സിപിഒമാരായ ഗിരീഷ് ,അഖിൽ സ്കൂൾ സേഫ്റ്റി ഗ്രൂപ്പ് ലെയിസൻ ഓഫീസർമാരായ അനിലേഷ് , ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി.

മൈലപ്ര സേക്രഡ് ഹാർട്ട് സ്കൂളിൽ 13 ന് കുട്ടികൾക്ക് നടത്തിയ ബോധവൽക്കരണപരിപാടി ജില്ലാ നോഡൽ ഓഫീസർ കെ എ വിദ്യാധരന്റെ നേതൃത്വത്തിൽ നടന്നു. പോലീസ് റിസോഴ്‌സ് പേഴ്സൺ അനീഷ് ടി എൻ ക്ലാസ്സ്‌ എടുത്തു.

ആറന്മുള വള്ളം കളിദിവസം വള്ളങ്ങളിൽ യോദ്ധാവ് പദ്ധതി സംബന്ധിച്ച പരസ്യപ്രചാരണം നടത്തുകയും, സത്രക്കടവിൽ ഫ്ലാഷ് മോബ് സംഘടിപ്പിക്കുകയും ചെയ്തു.

വരും ദിവസങ്ങളിലും സ്റ്റേഷൻ പരിധികളിൽ വിവിധ ബോധവൽക്കരണപരിപാടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.