പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 20/08/2022 )

ചെന്നീര്‍ക്കര ഐടിഐ യില്‍ എസ് സി വി ടി സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാം

 

ഗവ. ഐ .ടി ഐ ചെന്നീര്‍ക്കരയില്‍ നടക്കുന്ന എസ് സി വി ടി 1,2,3, 4 (സെമസ്റ്റര്‍ സപ്ലിമെന്ററി)പരീക്ഷയില്‍ പങ്കെടുക്കുന്നതിന് നിശ്ചിത ഫോറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു. 2014 ആഗസ്റ്റ് സെഷനില്‍ പ്രവേശനം നേടിയ ഫോര്‍ത്ത് സെമസ്റ്റര്‍ പരീക്ഷ മുന്‍പ് എഴുതി പരാജയപ്പെട്ട ട്രെയിനികള്‍ക്കും , 2015 ആഗസ്റ്റ് സെഷന്‍ മുതല്‍ 3,4 സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി മുന്‍പ് പരാജയപ്പെട്ട ട്രെയിനികള്‍ക്കും, 2016 ആഗസ്റ്റ് സെഷന്‍ മുതല്‍ 2,3,4 സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ട ട്രെയിനികള്‍ക്കും, 2017 ആഗസ്റ്റ് സെഷന്‍ മുതല്‍ പ്രവേശനം നേടി മുന്‍പ് 1,2,3, 4 സെമസ്റ്റര്‍ പരീക്ഷ എഴുതി പരാജയപ്പെട്ട്, തുടര്‍ച്ചയായ അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് അവസരങ്ങള്‍ വിനിയോഗിക്കാത്ത ട്രെയിനികള്‍ക്കും, സെപ്റ്റംബര്‍ 2022ല്‍ നടക്കുന്ന എസ്‌സിവിടി സപ്ലിമെന്ററി പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ ‘0230-എല്‍ആന്റ് ഇ-00-800-അദര്‍ റെസീപ്റ്റ്സ്-88- അദര്‍ ഐറ്റംസ്’ എന്ന ശീര്‍ഷകത്തില്‍ 170 രൂപ ഒടുക്കിയ അസല്‍ ചെലാന്‍, അപേക്ഷകളുടെ രണ്ട് പകര്‍പ്പ്, എസ് എസ്എല്‍സി പകര്‍പ്പ്, മുന്‍പ് പങ്കെടുത്ത പരീക്ഷയുടെ മാര്‍ക്ക്ഷീറ്റിന്റെ പകര്‍പ്പ്, സെമസ്റ്റര്‍ പരീക്ഷ എഴുതിയ ഹാള്‍ ടിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ഈ മാസം 23 ന് വൈകുന്നേരം നാലിനു മുന്‍പായി ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കണം.

ഓണത്തിന് വിപുലമായ വിപണന മേളകളുമായി കുടുംബശ്രീ

ഓണാഘോഷം സമൃദ്ധമാക്കാന്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ വിപുലമായ വിപണന മേളകള്‍ വരുന്നു. ഓണം ഉത്സവ് ജില്ലാതല വിപണന മേള സെപ്റ്റംബര്‍ മൂന്നു മുതല്‍ ആറു വരെ പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നടക്കും. ഇതോടൊപ്പം ജില്ലയിലെ 58 ഗ്രാമ – നഗര സിഡിഎസുകളിലും ഓണച്ചന്തകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴു വരെ നടക്കും. പന്തളം തെക്കേക്കര, കുന്നന്താനം എന്നീ പഞ്ചായത്തുകളില്‍ മുഴുവന്‍ സംരംഭകരെയും കുടുംബശ്രീ അംഗങ്ങളെയും സംഘകൃഷി ഗ്രൂപ്പുകളെയും പങ്കെടുപ്പിച്ച് ഓണം ട്രേഡ് ഫെസ്റ്റ് നടത്തും. ഇതിനു പുറമേ സെപ്റ്റംബര്‍ ഒന്നു മുതല്‍ 19 വരെ പത്തനംതിട്ട ഇടത്താവളത്തില്‍ നടക്കുന്ന പത്തനംതിട്ട ഓണം ഫെസ്റ്റിലും കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കും.

ഉത്പന്ന കാര്‍ഷിക വിപണന മേളയില്‍ ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളില്‍ ഉത്പാദിപ്പിച്ച പലതരം അച്ചാറുകള്‍, കറി പൗഡറുകള്‍, ധാന്യപ്പൊടികള്‍, നാടന്‍ പുളി, വെളിച്ചെണ്ണ, ശുദ്ധമായ വെളിച്ചെണ്ണയില്‍ തയാര്‍ ചെയ്ത ചിപ്സ്, ശര്‍ക്കര വരട്ടി, കളിയടയ്ക്ക, പലഹാരങ്ങള്‍, മുറം, ദോശകല്ല,് തവ, മണ്‍വെട്ടി, തൂമ്പ മുതലായവയും, ഗുണമേന്മയില്‍ മികവു പുലര്‍ത്തുന്ന ബാഗുകള്‍, തുണിത്തരങ്ങള്‍, ലോഷനുകള്‍, സോപ്പുകള്‍, പച്ചക്കറികള്‍, വിവിധയിനം പച്ചക്കറി തൈകളും വിത്തുകളും, വളം, ഗ്രോ ബാഗ്, കരകൗശല ഉത്പന്നങ്ങള്‍, ഇരവിപേരൂര്‍ റൈസ് തുടങ്ങി എല്ലാവിധ സാധനങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കും.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിക്കുന്നതിന്റെ ഭാഗമായി ഓണക്കാലത്ത് മൂവായിരത്തോളം വരുന്ന കുടുംബശ്രീ സംരംഭകര്‍ക്കും, കൃഷി, സംഘകൃഷി ഗ്രൂപ്പുകള്‍ക്കും പരമാവധി പിന്തുണയേകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിപണന മേളകള്‍ സംഘടിപ്പിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍ പറഞ്ഞു.

ജില്ലാ വികസന സമിതി യോഗം

പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം ഓഗസ്റ്റ് 27ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കൈത്തറി തുണിത്തരങ്ങള്‍ക്ക് ഹാന്‍ടെക്സില്‍  വിലക്കിഴിവ്; പ്രത്യേക പദ്ധതികള്‍

ഓണത്തോട് അനുബന്ധിച്ച് ഹാന്‍ടെക്സ് ഷോറൂമുകളില്‍ കൈത്തറി തുണിത്തരങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ് ആരംഭിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുളള പ്രത്യേക ഇ- ക്രെഡിറ്റ് സ്‌കീമും അവതരിപ്പിച്ചിട്ടുണ്ട്. ഹാന്‍ടെക്സ് ഷോറൂമുകളില്‍ നിന്നു കൈത്തറി തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ 20 ശതമാനം റിബേറ്റ് ലഭിക്കും. ഏതെങ്കിലും ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ 10 ശതമാനം അധിക വിലക്കിഴിവും ലഭിക്കും. പത്തനംതിട്ട ജില്ലയില്‍ ഹാന്‍ടെക്സിന് നാല് ഷോറൂമുകളാണുള്ളത്. പത്തനംതിട്ട കോളജ് റോഡ്, അടൂര്‍ സെന്‍ട്രല്‍ ജംഗ്ഷന്‍, തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള നഗരസഭ കോംപ്ലക്സ്, പന്തളം പഞ്ചായത്ത് ഷോപ്പിംഗ് സെന്റര്‍ എന്നിവിടങ്ങളിലാണ് ഈ ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.

 

ഇ ക്രെഡിറ്റ് പദ്ധതിക്ക് കീഴില്‍ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/ പൊതുമേഖല/ബാങ്ക് ജീവനക്കാര്‍ക്ക് 10,000 രൂപ വരെ തവണ വ്യവസ്ഥയില്‍ തുണിത്തരങ്ങള്‍ വാങ്ങാം. സീറോ ഡൗണ്‍പേമെന്റില്‍ തുണി വാങ്ങാം. അഞ്ച് മാസമാണു തിരിച്ചടവ് കാലാവധി. ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് മാസത്തവണകള്‍ അടയ്ക്കാം. ഇത്തരത്തില്‍ തിരിച്ചടയ്ക്കുമ്പോള്‍ തിരിച്ച് അടയ്ക്കുന്ന തുകയ്ക്കു വീണ്ടും തുണിത്തരങ്ങള്‍ വാങ്ങാനും അവസരം ലഭിക്കും.

കേരളത്തിലെ ഹാന്‍ടെക്സിന്റെ 84 ഷോറൂമുകളിലും ഈ സ്‌കീം ലഭ്യമാണ്. ഷോറൂമിലെത്തി അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കി പദ്ധതിയില്‍ ചേരാം. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ഇ-ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും. ഈ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് റിട്ടയര്‍മെന്റ് കാലം വരെ എപ്പോള്‍ തുണിത്തരങ്ങള്‍ വാങ്ങിയാലും 10 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും. പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് ഓണക്കാലത്തെ റിബേറ്റ് അടക്കം 40 ശതമാനം വിലക്കിഴിവാണ് ആകെ ലഭിക്കുക.

ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെയാണ് ഹാന്‍ടെക്സ് ഷോറൂമുകളില്‍ ഗവ. റിബേറ്റ് + ഡിസ്‌ക്കൗണ്ട് ലഭ്യമാകുക. വ്യാജ കൈത്തറി ഉത്പന്നങ്ങളില്‍ വഞ്ചിതരാകാതെ കൈത്തറി മുദ്രയുളള യഥാര്‍ഥ കൈത്തറി ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ ഉപഭോക്താക്കള്‍ ഹാന്‍ടെക്സ് ഷോറൂമുകളെ സമീപിക്കണമെന്ന് ഏറണാകുളം മേഖലാ മാനേജര്‍ കെ.എസ്. സ്വപ്ന അറിയിച്ചു. അംഗ സംഘങ്ങളില്‍ ഉത്പാദിപ്പിച്ച വൈവിധ്യമാര്‍ന്ന കൈത്തറി തുണിത്തരങ്ങള്‍ ഹാന്‍ടെക്സിന്റെ ഷോറൂമുകളില്‍ ലഭ്യമാണ്. കൂടാതെ ഹാന്‍ടെക്സിന്റെ സ്വന്തം കൈത്തറി ബ്രാന്‍ഡ് ആയ കമാന്‍ഡോ ഷര്‍ട്ട്, കേമി കുര്‍ത്തി എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്.

 

ക്ഷേമ സ്ഥാപനങ്ങളില്‍ ഓണക്കിറ്റ് എത്തിക്കും

ജില്ലയിലെ സാധാരണ റേഷന്‍ കാര്‍ഡുടമകള്‍ക്കു പുറമെ സംസ്ഥാനത്തെ എന്‍പിഐ കാര്‍ഡുടമകളെയും ക്ഷേമ സ്ഥാപനങ്ങളെയും സൗജന്യ ഓണക്കിറ്റിന്റെ ഗുണഭോക്താക്കളായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. നാല് എന്‍പിഐ കാര്‍ഡുകള്‍ക്ക് ഒരു കിറ്റ് എന്ന കണക്കിലും, ക്ഷേമ സ്ഥാപനങ്ങളിലെ നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന കണക്കിലുമാണ് സൗജന്യ ഓണകിറ്റുകളുടെ വിതരണം ക്രമീകരിച്ചിട്ടുളളത്. സപ്ലൈക്കോയില്‍ നിന്നും ഓണക്കിറ്റുകള്‍ ലഭ്യമാക്കി അതത് സ്ഥാപനങ്ങളില്‍ നേരിട്ട് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ഓണത്തിനു മുന്‍പായി വിതരണം നിര്‍വഹിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ അറിയിച്ചു.

ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകള്‍;
ഖാദി വസ്ത്രങ്ങള്‍ക്കൊപ്പം 30 ശതമാനം കിഴിവും ആകര്‍ഷക സമ്മാനങ്ങളും
ഓണത്തെ വരവേല്‍ക്കാന്‍ നവീനവും വ്യത്യസ്തവുമായ വസ്ത്രങ്ങളുമായി ജില്ലയിലെ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകള്‍ സജ്ജമായി. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലുമുളള വിവിധ തരം വസ്ത്രങ്ങളാണ് ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകളില്‍ വിപണനത്തിന് എത്തിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും ജനപ്രീതി ആര്‍ജിച്ചതാണ് ഖാദി സില്‍ക്ക് തുണിത്തരങ്ങള്‍.

ഖാദി കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് 2022 സെപ്റ്റംബര്‍ ഏഴു വരെ നീളുന്ന ഓണം ഖാദി മേള കാലയളവില്‍ 30 ശതമാനം കിഴിവ് ലഭിക്കും. കോട്ടണ്‍, സില്‍ക്ക് സാരികള്‍, കോട്ടണ്‍, സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ടിംഗ്, ബെഡ് ഷീറ്റുകള്‍, ഷാളുകള്‍, ചുരിദാര്‍ ടോപ്പുകള്‍, തോര്‍ത്തുകള്‍, കുഞ്ഞുടുപ്പുകള്‍, മുണ്ടുകള്‍, ടവ്വലുകള്‍, കിടക്കകള്‍, തലയിണകള്‍ തുടങ്ങി വിവിധ തരം ഗ്രാമ വ്യവസായ ഉത്പന്നങ്ങളുടെ വിപുല ശേഖരമാണ് ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകളില്‍ ഒരുക്കിയിട്ടുള്ളത്. ഇലന്തൂര്‍, റാന്നി, അടൂര്‍, പത്തനംതിട്ട ടൗണ്‍ എന്നിവിടങ്ങളില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേരിട്ടുളള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിപണനശാലകളില്‍ നിന്നും തികച്ചും പരിശുദ്ധമായ ഖാദി ഗ്രാമവ്യവസായ ഉത്പന്നങ്ങള്‍ വാങ്ങാം. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നല്ലാതെ ഖാദി വസ്ത്രങ്ങള്‍ വാങ്ങി വഞ്ചിതരാകരുതെന്ന് ഖാദി പ്രോജക്ട് ഓഫീസര്‍ ആര്‍.എസ്. അനില്‍കുമാര്‍ അറിയിച്ചു.
പുതിയ തലമുറയെ ആകര്‍ഷിക്കുന്ന നവീന ഖാദി വസ്ത്രങ്ങളാണ് പ്രാധാന ആകര്‍ഷണം. ഓണക്കാലയളവില്‍ വിവിധ തരം സമ്മാന പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ 1000 രൂപയുടെ ബില്ലിന്‍മേലും ലഭിക്കുന്ന കൂപ്പണുകളില്‍ നിന്ന് നറുക്കെടുപ്പിലൂടെ ആഴ്ച തോറും 5000 രൂപയുടെ പര്‍ച്ചേസ് കൂപ്പണും മെഗാ സമ്മാനമായി ഒന്നാം സമ്മാനം 10 പവന്‍, രണ്ടാം സമ്മാനം അഞ്ചു പവന്‍, മൂന്നാം സമ്മാനമായി ഓരോ ജില്ലയിലും ഒരു പവനും ലഭിക്കും. ജില്ലയിലെ ഷോറൂമുകള്‍: ഖാദി ഗ്രാമ സൗഭാഗ്യ, ഇലന്തൂര്‍ – ഫോണ്‍. 8113870434, ഖാദി ഗ്രാമ സൗഭാഗ്യ, പത്തനംതിട്ട – ഫോണ്‍. 9744259922, ഖാദി ഗ്രാമ സൗഭാഗ്യ, റാന്നി- ഫോണ്‍. 7907368514. ഖാദി ഗ്രാമ സൗഭാഗ്യ, അടൂര്‍- ഫോണ്‍. 9061210135.

കൃഷി വകുപ്പ് 44 ഓണ വിപണികള്‍ ആരംഭിക്കും

കൃഷി വകുപ്പ് പത്തനംതിട്ട ജില്ലയില്‍ 44 ഓണവിപണികള്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി. ഷീല അറിയിച്ചു. കര്‍ഷകരില്‍ നിന്നും കഴിയുന്നത്ര പച്ചക്കറികള്‍ നേരിട്ട് സംഭരിച്ച് വിപണികള്‍ വഴി വിതരണം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. പൊതുവിപണിയിലെ സംഭരണ വിലയേക്കാള്‍ 10 ശതമാനം അധികവില നല്‍കി കര്‍ഷകരില്‍ നിന്നും ഉത്പ്പന്നങ്ങള്‍ വാങ്ങും.

വിപണി വിലയേക്കാള്‍ 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ ലഭ്യമാക്കും. കൃഷി വകുപ്പിന്റെ ഓണവിപണികളില്‍ കര്‍ഷകരില്‍ നിന്നുള്ള നാടന്‍ പച്ചക്കറികള്‍, നല്ല കാര്‍ഷിക മുറകള്‍ പ്രകാരം ഉത്പാദിപ്പിച്ച പച്ചക്കറികള്‍ വട്ടവട, കാന്തല്ലൂര്‍ പച്ചക്കറികള്‍, ഇതരസംസ്ഥാന പച്ചക്കറികള്‍ എന്നിവ ലഭ്യമാക്കുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

വയോമധുരം പദ്ധതി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് ഗ്ലുക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിപിഎല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമൂഹ്യ വകുപ്പിന്റെ സുനീതി വെബ് പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 15 അഞ്ച് മണി വരെ. വിശദവിവരങ്ങള്‍ ജില്ലാ സാമൂഹ്യ നീതി ആഫീസില്‍ നിന്നും ലഭ്യമാണെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2 325 168.

 

സൗജന്യ പരിശീലന ക്യാമ്പ്

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുള്ള ജില്ലയിലെ 18 – 30 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്കായി ദ്വദിന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 25, 26 തീയതികളില്‍ ചരല്‍കുന്നില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ 24നകം രജിസ്റ്റര്‍ ചെയ്യണം. താമസം, ഭക്ഷണം, യാത്രബത്താ എന്നിവ അനുവദിക്കും. ഫോണ്‍: 9847 545 970, 9847 987 414

 

ദേശീയ അധ്യാപക ദിനാചരണം: മത്സരങ്ങള്‍ 23ന്

ദേശീയ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ അധ്യാപകര്‍ക്കുള്ള മത്സരങ്ങള്‍ ഈ മാസം 23ന് തിരുവല്ല ഡയറ്റില്‍ നടക്കും. സംഘഗാനം, കവിയരങ്ങ്, ലളിതഗാനം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. കവിയരങ്ങില്‍ അധ്യാപകര്‍ സ്വയം രചിച്ച കവിതകളായിരിക്കണം അവതരിപ്പിക്കേണ്ടത്. സംഘഗാനം ടീമില്‍ 10 അധ്യാപകര്‍ വരെ പങ്കെടുക്കാം. സംഘഗാനത്തിന് 10 മിനിറ്റും കവിയരങ്ങിന് എട്ടു മിനിറ്റും ലളിതഗാനത്തിന് അഞ്ചു മിനിറ്റുമാണ് സമയം.
പങ്കെടുക്കുന്ന അധ്യാപകര്‍ അന്നേ ദിവസം രാവിലെ 9.30ന് തിരുവല്ല ഡയറ്റിലെ വേദിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകഭായ് അറിയിച്ചു. പങ്കെടുക്കുന്നവര്‍ സ്ഥാപനത്തിന്റെ ഐഡി കാര്‍ഡ്/ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.

 

 

കോളജ് വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുളള ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോളജ് വിദ്യാര്‍ഥികള്‍ക്കായി കേരളത്തിലെ സ്വാതന്ത്ര്യ പോരാളികള്‍ എന്ന വിഷയത്തില്‍ കാരിക്കേച്ചര്‍, പെയിന്റിംഗ് മത്സരവും കേരള നവോത്ഥാനം: സ്വാതന്ത്ര്യസമര പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ പ്രബന്ധ മത്സരവും പിന്നാക്ക വിഭാഗ വികസന വകുപ്പ് സംഘടിപ്പിക്കുന്നു. സൃഷ്ടികളും രചനകളും പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ തിരുവനന്തപുരത്തുളള വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഈ മാസം 31ന് വൈകുന്നേരം അഞ്ചിന് മുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in. ഫോണ്‍ : വകുപ്പ് ഡയറക്ടറേറ്റ് : 0471 2 727 378, 2 727 379, കൊല്ലം ( 0474 2 914 417 ), എറണാകുളം ( 0484 2 429 130 ), പാലക്കാട് ( 0491 2 505 663 ), കോഴിക്കോട് ( 0495 2 377 786 ).

 

സ്പോട്ട് അഡ്മിഷന്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, എംഎസ്‌സി സൈബര്‍ ഫോറന്‍സിക്സ്, എംഎസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 9446 302 066, 0468 2 224 785.

 

ഐഎച്ച്ആര്‍ഡി; അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ സൗജന്യ കോഴ്സിന് എസ്‌സി /എസ്ടി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ഐടിഐ 50 ശതമാനം മാര്‍ക്കോടെ വിജയിച്ച വിദ്യാര്‍ഥികള്‍ക്കാണ് അവസരം. താല്പര്യമുള്ളവര്‍ ഈ മാസം 30നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 9495 276 791, 9447 847 816 ([email protected]).

 

ലോക മുലയൂട്ടല്‍ വാരം ആചരിച്ചു

ആഗസ്റ്റ് ഒന്നു മുതല്‍ ഏഴു വരെ നീണ്ടു നിന്ന ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി കോന്നി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗവും ശിശുരോഗ വിദഗ്ദ്ധരുടെ അഖിലേന്ത്യാ സംഘടനയായ അക്കാദമി ഓഫ് പീഡിയാട്രിക്സും സംയുക്തമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വാരാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് ഭാരവാഹി ഡോ.ബിനുകുട്ടന്‍ നിര്‍വഹിച്ചു. കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.സെസി ജോബ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.സി.വി രാജേന്ദ്രന്‍, ഗൈനക്കോളജി മേധാവി ഡോ.എസ് ശ്രീലത, നഴ്സിംഗ് സൂപ്രണ്ട് എന്നിവര്‍ പങ്കെടുത്തു. വാരാചരണത്തോടനുബന്ധിച്ച് അവബോധ ക്ലാസുകള്‍, പോസ്റ്റര്‍ എക്സിബിഷന്‍, തെരുവ് നാടകം, പ്രബന്ധമത്സരം, ക്വിസ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു.

 

 

ഗസ്റ്റ് അധ്യാപക അഭിമുഖം 26ന്

താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ബിസിനെസ് മാനേജ്മെന്റ്, വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു (ആഴ്ചയില്‍ 13 മണിക്കൂര്‍). യുജിസി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 26ന് രാവിലെ 10ന് അഭിമുഖത്തിനായി കോളേജില്‍ നേരിട്ട് ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി ക്ക് 55ശതമാനം യോഗ്യതയുള്ളവരെയും പരിഗണിക്കും. വെബ്സൈറ്റ് : gctanur.ac.in