Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 19/08/2022)

ഓണകിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 22ന്;മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിനു മുന്‍പ് കിറ്റ് നല്‍കും

ഓണകിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 22ന് വൈകുന്നേരം 4.30ന് പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യാതിഥിയാകും.

ജില്ലയിലുളള 3,58,240 റേഷന്‍ കാര്‍ഡുടമകള്‍ക്കും ഓണത്തിനു മുന്‍പ് കിറ്റ് വിതരണം നടത്തുന്നതിനുളള നടപടികള്‍ സപ്ലൈക്കോയുടെ മേല്‍ നോട്ടത്തില്‍ ജില്ലയിലെ വിവിധ പായ്ക്കിംഗ് സെന്ററുകളില്‍ നടത്തിവരുകയാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ അറിയിച്ചു. ജില്ലയില്‍ ആകെ 23,294 എവൈ കാര്‍ഡുടമകളും, 1,12,959 പിഎച്ച്എച്ച് കാര്‍ഡുമകളും, 92,489 എന്‍പിഎസ് കാര്‍ഡുടമകളും 1,29,498 എന്‍പിഎന്‍എസ് കാര്‍ഡുടമകളും നിലവിലുണ്ട്.
ഓണത്തിന് എന്‍പിഎസ്, എന്‍പിഎന്‍എസ് വിഭാഗങ്ങള്‍ക്ക് നോര്‍മല്‍ വിഹിതത്തിനു പുറമെ കാര്‍ഡിന് പരമാവധി 10 കിലോ അരി കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെ വിതരണം ചെയ്യുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പത്തനംതിട്ടയെ ഭരണഘടന സാക്ഷര നഗരമാക്കും: ചെയര്‍മാന്‍
പദ്ധതിക്ക് ( 20/08/2022) തുടക്കമാകും

വെല്ലുവിളികള്‍ നേരിടുന്ന ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള പത്തനംതിട്ട നഗരസഭയുടെ പദ്ധതികള്‍ക്ക് ( 20/08/2022) തുടക്കമാകും. നഗരത്തിലെ ആബാലവൃദ്ധം ജനങ്ങളെയും ഭരണഘടനാ സാക്ഷരരാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഭരണഘടന സാക്ഷരതാ പ്രവര്‍ത്തനത്തിനുള്ള പരിശീലകരെ സേവനസന്നദ്ധതയുള്ള നഗരസഭാ പ്രദേശത്തെ സ്ഥിര താമസക്കാരില്‍ നിന്നും കണ്ടെത്തും.
അവര്‍ക്കുള്ള പരിശീലനം കിലയുടെ നേതൃത്വത്തില്‍ നടത്തി പരിശീലകര്‍ ഭവന സന്ദര്‍ശനവും ചെറു യോഗങ്ങളിലൂടെയും നഗരവാസികളെ ഭരണഘടനാ സാക്ഷരരാക്കുന്ന വിപുലമായ പ്രവര്‍ത്തനങ്ങളാണ് നഗരസഭ വിഭാവനം ചെയ്തിട്ടുള്ളത്. കില, സാക്ഷരതാ മിഷന്‍, കുടുംബശ്രീ, ലീഗല്‍ സര്‍വീസ് അതോറിറ്റി, ബാര്‍ അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
( 20/08/2022) രാവിലെ പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന ഉദ്ഘാടന യോഗം പ്രശസ്ത പ്രഭാഷകനും ശ്രീ ശങ്കരാചാര്യ സര്‍വകലാശാല അധ്യാപകനുമായ ഡോ. സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്യും നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാവുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യാതിഥിയാകും.

ഏനാദിമംഗലം, കടമ്പനാട് പഞ്ചായത്തുകളുടെ
വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗരേഖ പ്രകാരം ജില്ലയിലെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 2022-23 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ഏനാദിമംഗലം, കടമ്പനാട് എന്നീ പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. നേരത്തേ ജില്ലാ ആസൂത്രണസമിതി 63 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു.
വാര്‍ഷിക പദ്ധതി പ്രോജക്ടുകള്‍ക്ക് അംഗീകാരം ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പദ്ധതി നടത്തിപ്പ് നടപടികളിലേക്ക് കടക്കണമെന്നും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍ദേശിച്ചു. ഇനി പുറമറ്റം പഞ്ചായത്ത് മാത്രമാണ് വാര്‍ഷിക പദ്ധതി സമര്‍പ്പിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. എഡിഎം ബി. രാധാകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ദേശീയ അധ്യാപക ദിനാചരണം: അധ്യാപകര്‍ക്കുള്ള മത്സരങ്ങള്‍
ദേശീയ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ അധ്യാപകര്‍ക്കുള്ള മത്സരങ്ങള്‍ ഓഗസ്റ്റ് 23ന് തിരുവല്ല ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംഘഗാനം, കവിയരങ്ങ്, ലളിതഗാനം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍.
കവിയരങ്ങില്‍ അധ്യാപകര്‍ സ്വയം രചിച്ച കവിതകളായിരിക്കണം അവതരിപ്പിക്കേണ്ടത്. സംഘഗാനം ടീമില്‍ 10 അധ്യാപകര്‍ വരെ ഉള്‍പ്പെടാം. സംഘഗാനത്തിന് 10 മിനിറ്റും കവിയരങ്ങിന് എട്ടു മിനിറ്റും ലളിതഗാനത്തിന് അഞ്ചു മിനിറ്റുമാണ് അനുവദിച്ചിട്ടുള്ളത്.
പങ്കെടുക്കുന്ന അധ്യാപകര്‍ അന്നേ ദിവസം രാവിലെ 9.30ന് തിരുവല്ല ഡയറ്റിലെ വേദിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകഭായ് അറിയിച്ചു. സ്ഥാപനത്തിന്റെ ഐഡി കാര്‍ഡ്/ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.

ശാസ്ത്രീയ ജാതി കൃഷി പരിശീലനം 23ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ ജാതികൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഈ മാസം 23ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ ഈ മാസം 22 ന് മൂന്നു മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8078 572 094

യോഗം ചേരും
സ്പെഷ്യല്‍ സമ്മറി റിവിഷന്‍ 2023 മായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളുടെ പുന:ക്രമീകരണം 01.01.2023 യോഗ്യത തീയതി നിശ്ചയിച്ച് 18 വയസ് പൂര്‍ത്തീകരിച്ച മുഴുവന്‍ പേരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും, നിലവിലെ വോട്ടര്‍പട്ടികയിലെ തെറ്റ് തിരുത്തുന്നതിനും, ഒരു പോളിംഗ് സ്റ്റേഷനില്‍ നിന്നും മറ്റൊരു പോളിംഗ് സ്റ്റേഷനിലേക്ക് പേര് മാറ്റുന്നതിനും വോട്ടര്‍ ഐഡികാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യുന്നതും സംബന്ധിച്ച യോഗം ഇന്ന് (20) ഉച്ചകഴിഞ്ഞ് 3.30 ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ട്രറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.

 

യോഗം 29ന്
വ്യാജമദ്യ നിയന്ത്രണസമിതി ജില്ലാതല ജനകീയസമിതി യോഗം ഈ മാസം 29ന് രാവിലെ 11.30ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ചേംബറില്‍ ചേരുമെന്ന് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.

 

ടെന്‍ഡര്‍
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കോന്നി ശിശു വികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 27ന് ഉച്ചക്ക് രണ്ടുവരെ. ഫോണ്‍ 8129 663 325,9188 959 672.

 

യുവതികള്‍ക്കായി വിവാഹ പൂര്‍വ കൗണ്‍സിലിംഗ്
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ അവളിടം യുവതീ ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുവതികള്‍ക്കായി വിവാഹ പൂര്‍വ കൗണ്‍സിലിംഗ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവര്‍ ഈ മാസം 25ന് മുന്‍പ് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്ട്രേറ്റിനു സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0468 2 231 938, 9847 545 970.

സഹകരണ വകുപ്പ് മുഖേന ഇതുവരെ ജില്ലയില്‍ ക്ഷേമ പെന്‍ഷന്‍ നല്‍കിയത് 710 കോടി രൂപ

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഇനത്തില്‍ സഹകരണ വകുപ്പ് മുഖേന പത്തനംതിട്ട ജില്ലയില്‍ 2016 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെ കുടിശിക അടക്കം വിതരണം ചെയ്തത് 710 കോടി രൂപ. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, അംഗപരിമിതര്‍ക്കുള്ള പെന്‍ഷന്‍, 50 വയസിന് മുകളിലുള്ള അവിവാഹിത സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നീ അഞ്ച് ഇനം പെന്‍ഷനുകളാണ് സഹകരണ വകുപ്പ് മുഖേന വിതരണം ചെയ്യുന്നത്. എല്ലാ മാസവും ജില്ലയിലെ 101 പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേന നിലവില്‍ 62838 പേര്‍ക്ക് നേരിട്ട് വീടുകളില്‍ പെന്‍ഷന്‍ എത്തിച്ച് നല്‍കി വരുന്നു. 2022 ജൂണ്‍ മാസം വരെയുള്ള പെന്‍ഷന്‍ തുക വിതരണം ചെയ്തതായി പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.പി. ഹിരണ്‍ അറിയിച്ചു.

 

 

error: Content is protected !!