Trending Now

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

 

konnivartha.com/ തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ ഇരതോട് കടവിൽ നടന്നു.

അഞ്ച് അമരക്കാരും ഏഴ് താളക്കാരും രണ്ട് ഇടിക്കാരും 85 തുഴക്കാരുമുള്ള നിരണം ചുണ്ടൻ്റെ പണി, 168 ദിവസം കൊണ്ടാണ് പൂർത്തിയായത്. 128 അടി നീളമുള്ള ചുണ്ടനെ നിരണം ബോട്ട് ക്ലബാണ് നെഹ്രു ട്രോഫിയ്ക്ക് എത്തിക്കുന്നത്. 5000 രൂപ മുതൽ അഞ്ചുലക്ഷം വരെയുള്ള ഓഹരി ഉടമകളെ കണ്ടെത്തിയാണ് വള്ള നിർമ്മാണത്തിന്​ ധനസമാഹരണം നടത്തിയത്.

സെപ്റ്റംബർ നാലിന് നടക്കുന്ന നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക. ആറിന് നടക്കുന്ന മാന്നാർ ജലോത്സവത്തിലും വള്ളം മത്സരിക്കും. വള്ളത്തിൽ അണിയാനുള്ള ആടയാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര നിരണം തൃക്കപാലീശ്വരം ക്ഷേത്ര സന്നിധിയിൽ നിന്ന്​ അമരച്ചാർത്ത് ഏറ്റുവാങ്ങി ഞായറാഴ്ച രാവിലെ 11.30ന് എത്തിച്ചിരുന്നു. മാലിക് ദിനാർ മസ്ജിദിൽ നിന്ന്​ വള്ളത്തിന്‍റെ കൂമ്പും ജറൂസലം മാർത്തോമ ദേവാലയത്തിൽ നിന്നും​ കുമിളകളും നിരണം സെന്‍റ്​ മേരീസ് വലിയ പള്ളിയിൽ നിന്നും ഇടിയനും നിരണം ബിലീവേഴ്സ് ദേവാലയത്തിൽ നിന്ന് നിരണം ചുണ്ടന്‍റെ പേര് ആലേഖനം ചെയ്ത ചെമ്പ് പാളിയും സ്വീകരിച്ചായിരുന്നു ഘോഷയാത്ര വള്ളപ്പുരയിൽ എത്തിയത്. നീരണിയൽ ചടങ്ങിൽ ആന്‍റോ ആന്‍റണി എം.പി, ചലച്ചിത്ര സംവിധായകൻ ബ്ലസി, നടൻ ലാലു അലക്സ് തുടങ്ങിയവർ പങ്കെടുത്തു. റെജി അടിവാക്കൽ, റോബി തോമസ്, അജിൽ പുരക്കൽ, ജോബി ആലപ്പാട്, ജോബി ഡാനിയൽ, റെന്നി തേവേരിൽ എന്നിവരാണ് വള്ള സമിതി ഭാരവാഹികൾ.