Trending Now

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കുക

 

മഴ ശക്തി പ്രാപിച്ചതോടെ ജില്ലയിലെ പല മേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 28 ക്യാമ്പുകളിലായി 561 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ കോവിഡിന്റെയും മറ്റ് പകര്‍ച്ചവ്യാധികളുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധചെലുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു

മൂക്കും,വായും മൂടത്തക്ക വിധത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണം. പനി, ചുമ, തലവേദന ഉള്‍പ്പെടെയുള്ള കോവിഡ്- 19 രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും കോവിഡ് പരിശോധന നടത്തുകയും വേണം.
വ്യക്തി ശുചിത്വം, ആഹാര ശുചിത്വം എന്നിവ പാലിക്കണം. തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കണം, പഴകിയ ഭക്ഷണം കഴിക്കരുത്, ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. ഭക്ഷണത്തിന് മുന്‍പും മലമൂത്ര വിസര്‍ജ്ജനത്തിന്‌ശേഷവും കൈകള്‍ നന്നായി കഴുകണം, ടോയ്‌ലെറ്റുകള്‍ വൃത്തിയായി പരിപാലിക്കണം, സ്ഥിരമായി മരുന്ന് കഴിക്കുന്ന ആളുകള്‍ ക്യാമ്പിലുണ്ടെങ്കില്‍ കൃത്യമായി മരുന്ന് കഴിക്കണം.

മരുന്ന് കൈവശമില്ലെങ്കില്‍ മെഡിക്കല്‍ ടീമിനെ അറിയിക്കണം. കാലില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കുകയും പാദരക്ഷകള്‍ നിര്‍ബന്ധമായും ധരിക്കുകയും വേണം. എലിപ്പനി തടയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന ഡോക്‌സിസൈക്ലിന്‍ പ്രതിരോധ ഗുളികകള്‍ കഴിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ക്യാമ്പിലെ വ്യക്തികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.