konnivartha.com : വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ ആത്മാര്‍ത്ഥതയോടെ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച 26ാമത് ദേശീയ വായനാ മാസാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ജില്ലാ ടീം അംഗങ്ങളായ എസ്. അഭിഷേക് ( മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്തനംതിട്ട), ദേവിക സുരേഷ് (ഗവണ്‍മെന്റ് എച്ച്എസ്എസ് തോട്ടക്കോണം) എന്നീ വിജയികളെ ആദരിക്കുന്ന ചടങ്ങില്‍ സമ്മാനദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
വിദ്യാര്‍ഥികളുടെ മികവ് കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ മത്സരങ്ങള്‍ പ്രയോജനകരമാകണം. മത്സരത്തില്‍ പങ്കെടുക്കുന്നതിലെ തയ്യാറെടുപ്പുകള്‍ വിദ്യാര്‍ഥികള്‍ക്ക് എന്നും പുതിയ അനുഭവമായിരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി .കെ . നസീര്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ സംസ്ഥാന നിര്‍വാഹക സമിതി അംഗവും കൊടുമണ്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അംഗവുമായ കുഞ്ഞന്നാമ്മ കുഞ്ഞ്, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്. അമീര്‍ ജാന്‍, വായന മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് ദാമോദരന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ വൈസ് ചെയര്‍മാന്‍ എസ്. മീര സാഹിബ്, അടൂര്‍ താലൂക്ക് പ്രസിഡന്റ് ഹരിപ്രസാദ് , അധ്യാപകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.