konnivartha.com : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏകഭാരത് ശ്രേഷ്ഠഭാരത് പരിപാടിയുമായി ബന്ധപ്പെട്ട് സമഗ്രശിക്ഷാ കേരളം ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ട്വിന്നിങ് പ്രോഗ്രാമിലേക്ക് പത്തനംതിട്ട ജില്ലയില്‍ നിന്ന് ഇഷയും.
അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററിസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഇഷാ ജാസ്മിന്‍. പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നിന്നും ഹിമാചല്‍ പ്രദേശിലേക്കുള്ള ഒരാഴ്ച്ചത്തെ സന്ദര്‍ശന പരിപാടിയില്‍ എല്ലാ ജില്ലകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികള്‍ക്കാണ് അവസരം ലഭിച്ചിട്ടുള്ളത്.
അക്കാദമികരംഗത്ത് എല്ലാ ക്ലാസ്സുകളിലും മികവ് പുലര്‍ത്താന്‍ കഴിഞ്ഞിട്ടുള്ള ഇഷയ്ക്ക് പൂര്‍ണ്ണമായ പീരിയോഡിക്ടേബിള്‍ ഒരുമുട്ടത്തോടില്‍ ഏറ്റവും വേഗതയില്‍ 12 മിനിറ്റ് 56 സെക്കന്‍ഡ് കൊണ്ട് വരച്ചതിന് 2021 ഒക്ടോബര്‍ 16 ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കാന്‍ സാധിച്ചിട്ടുണ്ട്.
സമഗ്ര ശിക്ഷയിലെഎസ്‌കോര്‍ട്ടിംഗ് അധ്യാപകരുടെ നേതൃത്വത്തിലാണ് സംഘത്തിന്റെ യാത്ര. സമഗ്രശിക്ഷാകേരള പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ ഇഷാ ജാസ്മിന് യാത്രയയപ്പ് നല്‍കി. എസ്.എസ്.കെ. ജില്ലാപ്രോജക്ട്കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി. തോമസ് അധ്യക്ഷനായ യോഗം ഡയറ്റ് പ്രിന്‍സിപ്പല്‍ പി. പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രോഗ്രാം ഓഫീസര്‍മാരായ എ.കെ പകാശ്, എ. പി.ജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.