Trending Now

അമിതവേഗത്തിൽ പാഞ്ഞ പെട്ടി ഓട്ടോയെ പോലീസ് ജീപ്പ് കുറുകെയിട്ടുതടഞ്ഞു : മോഷ്ടാക്കൾ കുടുങ്ങി

Spread the love

 

konnivartha.com /പത്തനംതിട്ട : അമിതവേഗതയിൽ പാഞ്ഞ പെട്ടി ഓട്ടോറിക്ഷയും,പിന്തുടർന്നുവന്ന മോട്ടോർ സൈക്കിളും കണ്ടപ്പോൾ പന്തികേട് തോന്നിയ മാന്നാർ പോലീസ് സ്റ്റേഷനിലെ രാത്രികാല പെട്രോളിങ് സംഘം ജീപ്പ് കുറുകെയിട്ട് തടഞ്ഞപ്പോൾ വലയിലായത് രണ്ട് മോഷ്ടാക്കൾ.റോഡ് നിർമാണ സാമഗ്രികൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ചവരായിരുന്നു പെട്ടി  ഓട്ടോയിലുണ്ടായിരുന്നത്.

കായംകുളം കൃഷ്ണപുരം രണ്ടാം കുറ്റി പന്തപ്ലാവിൽ ജലാലുദ്ദീന്റെ മകൻ സിദ്ധീക് (40), കറ്റാനം ഇലിപ്പക്കുളം തടയിൽ വടക്കേതിൽ ബഷീറിന്റെ മകൻ മുഹമ്മദ്‌ ഇല്ല്യാസ് (29) എന്നിവരാണ് മാന്നാർ പോലീസിന്റെ പിടിയിലായത്. ബുധൻ വെളുപ്പിന് മൂന്നുമണിയ്ക്കാണ് സംഭവം. സ്വകാര്യനിർമാണ കമ്പനിയുടെ റോഡ് നിർമാണ സാമഗ്രികളാണ് ഓട്ടോയിൽ കടത്തിയതെന്ന് മനസ്സിലായ പോലീസ് സംഘം, പുളിക്കീഴ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പുളിക്കീഴ് എസ് ഐ കവിരാജനും സംഘവും സ്ഥലത്തെത്തി, മോഷ്ടാക്കളെ വിശദമായി ചോദ്യം ചെയ്തപ്പോൾ, ആദ്യമല്ല നേരത്തെയും ഈ സാധനങ്ങൾ റോഡുവക്കിൽ നിന്നും മോഷ്ടിക്കാറുണ്ടെന്ന് മൊഴിനൽകി. റോഡ് നിർമ്മാണത്തിന് വിവിധ ഭാഗങ്ങളിൽ ഇറക്കിയിട്ട പലസാധനങ്ങളും മോഷണം പോകുന്നതുമായി ബന്ധപ്പെട്ട് കമ്പനി മാനേജർ പുളിക്കീഴ് പോലീസിൽ പരാതി നൽകിയിരുന്നതും, രാത്രികാലങ്ങളിൽ പരിശോധന നടത്തിവന്നിരുന്നതുമാണ്.

 

അന്വേഷണം തുടരുന്നതിനിടെയാണ്  പ്രതികൾ കുടുങ്ങിയത്. മോഷ്ടാക്കൾ മണിപ്പുഴയിൽ
ഓട്ടോയിട്ട് സാധനങ്ങൾ കയറ്റുന്നത് ബൈക്കിൽ അതുവഴി വന്ന രണ്ട് കമ്പനി ജീവനക്കാർ കണ്ടു. ഉടനെ സാധനങ്ങളുമായി മോഷ്ടാക്കൾ ഓട്ടോയിൽ കടന്നു. ഇവരെ പിന്തുടർന്ന് മോട്ടോർ
സൈക്കിളിൽ സ്റ്റാഫും പാഞ്ഞു. മാന്നാറിൽ വച്ച് അതിവേഗം പാഞ്ഞ ഓട്ടോയെ കണ്ട പോലീസ് സംഘം പിന്തുടർന്ന് കുറുകെയിട്ട് തടയുകയായിരുന്നു.

ഉടനെ ഓട്ടോയിൽ നിന്നും ഇറങ്ങിയോടിയ ഇരുവരെയും ഓടിച്ചിട്ടുപിടികൂടി. 20000 വിലവരുന്ന ഉരുക്കുപാളികളും, പലനീളത്തിലുള്ള 17 കമ്പി കക്ഷ്ണങ്ങളും ഓട്ടോയിൽ നിന്നും കണ്ടെടുത്തു. തിരുവല്ല അമ്പലപ്പുഴ സംസ്ഥാന പാതയുടെ നിർമാണത്തിന്റെ ഭാഗമായി റോഡിൽ പലഭാഗങ്ങളിലായി സൂക്ഷിച്ചിരുന്ന സാമഗ്രികൾ മുമ്പും ഇരുവരും ചേർന്ന് മോഷ്ടിച്ചുകടത്തിയിരുന്നതായി സമ്മതിച്ചു. മൂന്നുമാസത്തിനുള്ളിൽ 5 ജാക്കിയുൾപ്പെടെ 5
ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചതെന്ന് ഇവർ പുളിക്കീഴ് പോലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തുകയായിരുന്നു. സിദ്ധീക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് പെട്ടി ഓട്ടോറിക്ഷ. മാനേജർ സീതത്തോട് തോട്ടക്കുഴി മുണ്ടക്കൽ പറമ്പിൽ വീട്ടിൽ ജിബിൻ
വർഗീസിന്റെ പരാതിയിന്മേൽ കേസ് രജിസ്സ്റ്റർ ചെയ്ത പോലീസ് ഓട്ടോ പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലിനുശേഷം പ്രതികളെ അറസ്റ്റ് ചെയ്തു, തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അന്വേഷണ സംഘത്തിൽ എസ് ഐയെക്കൂടാതെ എ എസ് ഐമാരായ പ്രസാദ്, സതീഷ്, സദാശിവൻ, അനിൽ സി കെ, എസ് സി പി ഓ മാരായ പ്യാരിലാൽ, ഗിരിജേന്ദ്രൻ എന്നിവരാണ് ഉണ്ടായിരുന്നത്.

error: Content is protected !!