konnivartha.com : ചമ്പക്കുളം മൂലം വള്ളംകളിയില്‍ കേരള പോലീസ് ടീം തുഴഞ്ഞ ചമ്പക്കുളം ചൂണ്ടന് കീരിടം. ഒന്‍പതു ചുണ്ടന്‍ വള്ളങ്ങള്‍ മാറ്റുരച്ച ജലോത്സവത്തിലാണ് ചമ്പക്കുളം മുണ്ടക്കല്‍ എം.സി കുഞ്ചപ്പന്‍ നയിച്ച ചമ്പക്കുളം ചുണ്ടന്‍ രാജപ്രമുഖന്‍ ട്രോഫി സ്വന്തമാക്കിയത്. നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനവും കാരിച്ചാല്‍ ചുണ്ടന്‍ മൂന്നാം സ്ഥാനവും നേടി.
മൂന്നു വള്ളങ്ങള്‍ വീതം മത്സരിച്ച മൂന്നു ഹീറ്റ്‌സുകളിലെ ഒന്നാം സ്ഥാനക്കാരാണ് കലാശപ്പോരാട്ടത്തിനിറങ്ങിയത്
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ട്രോഫി സമ്മാനിച്ചു. ജില്ലാ കളക്ടർ ഡോ.രേണു രാജ്, ജില്ലാ പോലിസ് മേധാവി ജി. ജയദേവ്, മൂലം ജലോത്സവ സമിതി ചെയർമാനായ സബ് കളക്ടർ സൂരജ് ഷാജി, ജനറൽ കൺവീനറായ കുട്ടനാട് തഹസിൽദാർ എസ്. അൻവർ തുടങ്ങിയവർ പങ്കെടുത്തു.
നേരത്തെ കൊടിക്കുന്നില്‍ സുരേഷ് എം.പി വള്ളംകളി ഉദ്ഘാടനം ചെയ്തു.
തോമസ് കെ. തോമസ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പതാക ഉയര്‍ത്തി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എം.വി പ്രിയ, ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു, മൂലം ജലോത്സവ സമിതി ചെയര്‍മാനായ സബ് കളക്ടര്‍ സൂരജ് ഷാജി, ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസിലിക്ക റെക്ടര്‍ ഫാ.ഗ്രിഗറി ഓണംകുളം, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മത്സര വള്ളംകളിക്കു മുന്നോടിയായി തിരുവിതാംകൂര്‍ ദേവസ്വം അധികാരികളുടെ നേതൃത്വത്തില്‍ മഠത്തില്‍ ക്ഷേത്രം, മാപ്പിളശേരി തറവാട്, കല്ലൂര്‍ക്കാട് ബസിലിക്ക എന്നിവിടങ്ങളില്‍ ആചാരാനുഷ്ഠാനങ്ങളും നടത്തി.