Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

വനിതാ കമ്മീഷന്‍ അംഗത്തിന്റെ സന്ദര്‍ശനം
ആറന്മുള മല്ലപ്പുഴശേരി പഞ്ചായത്തിലെ കുറുന്താര്‍ ഹൗസ് സെറ്റ് കോളനിയില്‍ സ്ത്രീധന പീഡനുമായി ബന്ധപ്പെട്ട് മരണപ്പെട്ട അനിതയുടെ വീട് വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ ജൂലൈ ഏഴിന് വൈകുന്നേരം നാലിന് സന്ദര്‍ശിക്കും.

ശുചീകരണ ജോലി ഒഴിവ്
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്റ്റേഡിയത്തില്‍ ശുചീകരണ ജോലികള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് തദ്ദേശീയരായ പുരുഷന്മാര്‍/ സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18നും 45നും ഇടയില്‍, ഒഴിവ് – ഒന്ന്. വിശദമായ ബയോഡേറ്റ, പ്രായം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുമായി ജൂലൈ 14ന് മുന്‍പ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04734 285225.

ആയ കം കുക്ക് ഒഴിവ്
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് ആയ കം കുക്ക് തസ്തികയിലേക്ക് പത്താംതരം വരെ പഠിച്ച ആരോഗ്യവും തൊഴില്‍ സന്നദ്ധതയും പാചക ആഭിമുഖ്യവുമുളള 40 വയസില്‍ താഴെ പ്രായമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജനന തീയതി ഇവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂലൈ 15ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 04734 285225.

കൗണ്‍സിലര്‍ ഒഴിവ്
തിരുവല്ല കുടുംബകോടതിയിലേക്ക് 750 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി എം.എസ്.ഡബ്ല്യൂ/പി.ജി ഇന്‍ സൈക്കോളജി, ഫാമിലി കൗണ്‍സിലിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം തുടങ്ങിയ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 20ന് വൈകിട്ട് മൂന്നിനു മുമ്പായി തിരുവല്ല കുടുംബകോടതിയില്‍ ലഭിക്കണം. അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള രേഖകളുടെ ശരി പകര്‍പ്പുകളും ഫോണ്‍ നമ്പറും ഇമെയിലും ഉണ്ടായിരിക്കണം. ഫോണ്‍ : 0469 2607031.

കൈപ്പട്ടൂര്‍ വി.എച്ച്.എസ്.എസില്‍ പച്ചക്കറി കൃഷിക്ക് തുടക്കമായി
വളളിക്കോട് ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം കൈപ്പട്ടൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പച്ചക്കറി കൃഷിക്ക് തുടക്കമായി. സ്‌കൂള്‍ വളപ്പില്‍ 100 ഓളം ഗ്രോ ബാഗില്‍ കൃഷി ആരംഭിക്കും. മുഴുവന്‍ കൂട്ടികള്‍ക്കുമായി 300 പാക്കറ്റ് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. വിതരണവും നടീലിന്റെ ഉദ്ഘാടനവും വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി.സുഭാഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, വാര്‍ഡ് മെമ്പര്‍ ആന്‍സി വര്‍ഗീസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലവി പ്രിയ, എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വിശ്വനാഥന്‍ ഉണ്ണിത്താന്‍, കൃഷി ഓഫീസര്‍ എസ്. രഞ്ജിത്ത് കുമാര്‍, അസി.കൃഷി ഓഫീസര്‍ കെ.എസ് അനീഷ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അടികാടു വെട്ടി തെളിക്കണം
വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരുടെ ഉടമസ്ഥതയില്‍ കാടുകയറി കിടക്കുന്ന സ്ഥലങ്ങളിലെ അടിക്കാട് സ്ഥല ഉടമകള്‍ അടിയന്തിരമായി വെട്ടി തെളിയിക്കണമെന്ന് വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

തിരുവാതിര ഞാറ്റുവേലചന്തയും കര്‍ഷക ഗ്രാമസഭയും ഉദ്ഘാടനം ചെയ്തു
പന്തളം തെക്കേക്കരയില്‍ തിരുവാതിര ഞാറ്റുവേലചന്തയും കര്‍ഷക ഗ്രാമസഭയും ബ്ലോക്ക് പ്രസിഡന്റ്് രേഖ അനില്‍ ഉദ്ഘാടനം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പ്രചാരണാര്‍ഥം കൃഷിഭവനും, ഗ്രാമപഞ്ചായത്തും ഡെപ്യൂട്ടി സ്പീക്കറും ചേര്‍ന്നു നടത്തിയ കൃഷിയില്‍ ഉടനീളം പുലര്‍ത്തിയ മോഡല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ചടങ്ങില്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വി.പി വിദ്യാധരപണിക്കര്‍, എന്‍.കെ ശ്രീകുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗം ജയാ ദേവി, വികസന സമിതി അംഗങ്ങളായ വി.വി.ആര്‍. പിള്ള, ശശിധരക്കുറുപ്പ്, ജയശങ്കര്‍, റെജുകുമാര്‍, കൃഷിഓഫീസര്‍ സി.ലാലി, സീനിയര്‍ അസിസ്റ്റന്റ് എന്‍ .ജിജി എന്നിവര്‍ പങ്കെടുത്തു. ഓണക്കാല പച്ചക്കറികൃഷിക്കുള്ള തൈകളുടെ വിതരണവും കാര്‍ഷിക പ്രദര്‍ശനവും ഞാറ്റുവേല ചന്തയോടൊപ്പം സംഘടിപ്പിച്ചു.

സേവ് ചെങ്കുറിഞ്ഞി ക്യാമ്പയിന്‍
വനമഹോല്‍സവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ വിവിധ സ്‌കൂള്‍ പരിസരങ്ങള്‍, പൊതുസ്ഥലങ്ങള്‍, വിവിധ വകുപ്പുകളുടെ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ 300 ചെങ്കുറിഞ്ഞി വൃക്ഷത്തൈകള്‍ നട്ടു. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വില്‍ മാത്രം കാണപ്പെടുന്ന ഒരിനം വൃക്ഷമാണ് ചെങ്കുറിഞ്ഞി. ദക്ഷിണകേരളത്തിലെ ശെന്തരുണി വന്യജീവി സങ്കേതത്തിന് ആപേര് നല്‍കിയിരിക്കുന്നത് ഈ മരത്തിന്റെ സമൃദ്ധമായ സാന്നിധ്യം ഉള്ളതിനാലാണ്. ഗ്ലൂട്ടാ ട്രാവന്‍കൂറിക്ക എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന മനോഹരിയായ ഈ നിത്യഹരിതമരം വംശനാശ ഭീഷണി നേരിടുന്ന ഗണത്തില്‍പ്പെട്ടവയാണ്.
ജനപ്രതിനിധികള്‍, സ്‌കൂള്‍കുട്ടികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ ക്യാമ്പയിനില്‍ പങ്കെടുത്തു. വിവിധ സ്ഥലങ്ങളില്‍ പരിസ്ഥിതി അവബോധന ക്ലാസുകള്‍ നടന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ചടങ്ങുകളില്‍ റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ. ജയകുമാര്‍ ശര്‍മ്മ, കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍. ശ്യാംമോഹന്‍ലാല്‍, പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ സി.കെ ഹാബി എന്നിവര്‍ പങ്കെടുത്തു.

ടെന്‍ഡര്‍
റാന്നിട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ബാന്റ് ഗ്രൂപ്പിന് സംഗീതോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 21 ന് ഉച്ചക്ക് മൂന്നുവരെ. ഫോണ്‍ : 04735 227703.

പോലീസ് കോണ്‍സ്റ്റബിള്‍ (ഐ.ആര്‍.ബി -കമാന്‍ഡോ) എന്‍ഡ്യൂറന്‍സ് ടെസ്റ്റ് തീയതിയില്‍ മാറ്റം
പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ഐ.ആര്‍.ബി -കമാന്‍ഡോ) (കാറ്റഗറി നമ്പര്‍. 136/2022) തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി ജൂലൈ ഒന്‍പത്, 10 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ നടത്തുവാന്‍ തീരുമാനിച്ചിരുന്ന എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ബക്രീദ് പ്രമാണിച്ച് യഥാക്രമം ജൂലൈ 11, 12 തീയതികളിലേക്ക് പുതുക്കി നിശ്ചിയിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് പുതുക്കിയ തീയതി ഉള്‍പ്പെടുത്തിയ അഡ്മിഷന്‍ ടിക്കറ്റ് അനുവദിക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ ജൂലൈ ഒന്‍പത്, 10 തീയതികളിലെ അഡ്മിഷന്‍ ടിക്കറ്റുമായി നിര്‍ദേശിച്ച സ്ഥലത്തും സമയത്തും യഥാക്രമം ജൂലൈ 11, 12 തീയതികളില്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റിന് ഹാജരാകണമെന്ന് പത്തനതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

കെല്‍ട്രോണില്‍ പ്രവേശനം തുടരുന്നു
കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില്‍ നടത്തിവരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം തുടരുന്നു. കേരള സര്‍ക്കാര്‍ അംഗീകരിച്ച പി എസ് സി നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ- 6 മാസം), വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി(മൂന്ന് മാസം), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (മൂന്ന് മാസം) എന്നീ കോഴ്സുകളിലേക്കും ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്കും പ്രവേശനം തുടരുന്നു. അഡ്മിഷന്‍ നേടുന്നതിനായി 8547632016 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.

വാക്ക് -ഇന്‍-ഇന്റര്‍വ്യൂ
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി ഫിസിയോ തെറാപ്പിസ്റ്റിനെ ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. താത്പര്യമുളളവര്‍ ജൂലൈ 14 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. യോഗ്യതയുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. അപേക്ഷകര്‍ക്ക് പ്ലസ് ടു, ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പിസ്റ്റ് ഗവ.അംഗീകൃത യോഗ്യത ഉണ്ടായിരിക്കണം.

വാക്ക് -ഇന്‍-ഇന്റര്‍വ്യൂ
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി എക്സ്‌റേ ടെക്നീഷ്യന്‍ (ഇ.സി.ജി എടുക്കാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന) ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. താത്പര്യമുളളവര്‍ ജൂലൈ 14 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. യോഗ്യതയുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. അപേക്ഷകര്‍ക്ക് പ്ലസ് ടു, ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നോളജി (കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍
രജിസ്ട്രേഷന്‍ ) യില്‍ ഗവ.അംഗീകൃത യോഗ്യത ഉണ്ടായിരിക്കണം.

വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി: അപേക്ഷാ തീയതി നീട്ടി
സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഉത്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും 2022-23 വര്‍ഷത്തേക്കുളള വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പാക്കുന്നതിനുളള അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂലൈ 31 വരെ നീട്ടി. അപേക്ഷാ ഫോമിനും വിശദാംശങ്ങള്‍ക്കുമായി എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2243452

error: Content is protected !!