ഡോക്ടറുടെ കൂടെ ഒരു സെല്‍ഫി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ നടത്തി
ദേശീയ ഡോക്ടേഴ്സ് ദിനവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി സംഘടിപ്പിച്ച ഡോക്ടറുടെ കൂടെ ഒരു സെല്‍ഫി എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ കളക്ടറുടെ ചേംബറില്‍ നടന്നു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഡോക്ടേഴ്സ് ദിനവുമായി ബന്ധപ്പെട്ട് സന്ദേശം നല്‍കി.
വൈദ്യശാസ്ത്ര രംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയ ഡോ. ബി.സി. റോയി എന്ന വ്യക്തിത്വത്തോടുള്ള ബഹുമാനാര്‍ഥമാണ് നാം ജൂലൈ ഒന്ന് ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സമൂഹത്തിന്റെ ആരോഗ്യസുരക്ഷ ഉറപ്പാക്കുവാന്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുവാനുള്ള ഒരു അവസരമായി ഈ ദിനത്തെ കാണാം. കോവിഡ് മഹാമാരിയുടെ സമയത്ത് സഹനത്തിന്റെ മാതൃകയായി നിലകൊണ്ട നിരവധി ഡോക്ടര്‍മാര്‍ നമ്മുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതോടൊപ്പം കോവിഡ് മുന്നണിപ്പോരാളികളായി ജീവന്‍ ബലിയര്‍പ്പിച്ച ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. ഇവരെയൊക്കെ ഓര്‍മ്മിക്കുന്നതിനുള്ള ഒരു ദിനമായി കൂടി ഈ ദിവസത്തെ നമുക്ക് കാണാം. ആധുനിക കാലത്ത് ഡോക്ടര്‍മാരുടെ സേവനം എന്നുള്ളതിന് പൂര്‍ണ അര്‍ഥം പകരുന്നത് ജനങ്ങളുടെ സഹകരണമാണ്. അതിനാല്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിച്ച് ആരോഗ്യപൂര്‍ണമായ ഒരു നല്ല നാളേക്കായി കൈകോര്‍ക്കാമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി, ആര്‍ സി എച്ച് ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി.എസ്. നന്ദിനി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, എന്‍ സി ഡി നോഡല്‍ ഓഫീസര്‍ ഡോ. പി.എന്‍. പത്മകുമാരി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജിവന്‍, ഡോ ഡിപിന്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നിരണ്‍ ബാബു, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍മാരായ വി.ആര്‍. ഷൈലാഭായി, ആര്‍. ദീപ, ജൂനിയര്‍ കണ്‍സല്‍ട്ടന്റ് അജിത് കുമാര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിനില്‍ പങ്കെടുത്തു.
മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വിവിധ ഇനങ്ങളില്‍പ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളായ അഞ്ചര മാസം പ്രായമായ ബി വി 380യും, 50 മുതല്‍ 75 ദിവസം വരെ പ്രായമായ ഗ്രാമശ്രീ കുഞ്ഞുങ്ങളും വില്‍പ്പനയ്ക്ക് തയാറാണ്. ഫോണ്‍: 8078572094
റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി
റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള ഫയലുകള്‍ വില്ലേജ് ഓഫീസര്‍ സി.കെ.ബിജു ജില്ലാ കളക്ടര്‍ക്ക് കൈമാറി.
ദീര്‍ഘകാലമായി ഫയലുകളില്‍ നിന്ന് ഫയലുകളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യ ജീവിതങ്ങളെ ഇതില്‍ നിന്ന് സ്വതന്ത്രമാക്കുക എന്ന പ്രധാനപ്പെട്ട കര്‍ത്തവ്യമാണ് ഇതിലൂടെ റവന്യൂ വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്. എഡിഎം ബി.രാധാകൃഷ്ണന്‍, കോഴഞ്ചേരി തഹസീല്‍ദാര്‍ ആര്‍.കെ.സുനില്‍, വില്ലേജ് ഓഫീസര്‍ സി.കെ. ബിജു, വില്ലേജ് ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക് എന്നത്. ഭക്ഷണം സുരക്ഷിതമാവേണ്ട ഈ കാലഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഗൗരവമായ ഇടപെടലാണ് ഈ പദ്ധതിയെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആദ്യവിളവെടുപ്പ് നിര്‍വഹിച്ചു. ജില്ലാ കൃഷി ഓഫീസര്‍ ഷീല എ ഡി, ഡെപ്യൂട്ടി ഡയറക്റ്റര്‍ ലൂയിസ് മാത്യു, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.പി വിദ്യാധരപണിക്കര്‍, എന്‍.കെ ശ്രീകുമാര്‍, പ്രിയ ജ്യോതികുമാര്‍, ബ്ലോക്ക് മെമ്പര്‍ സന്തോഷ്‌കുമാര്‍, കൃഷി അസിസ്റ്റന്റ് സെക്രട്ടറി ഡയറക്ടര്‍ റീജ ആര്‍ എസ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.കെ സുരേഷ്, ശ്രീകല, അംബികാദേവി, ശ്രീവിദ്യ, പൊന്നമ്മ വര്‍ഗ്ഗീസ്, കൃഷി ഓഫീസര്‍ ലാലി സി, സീനിയര്‍ അസിസ്റ്റന്റ് എന്‍ ജിജി, കേരസമതി പാടശേഖര സമതി അംഗങ്ങള്‍, കാര്‍ഷിക വികസന സമതി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
ശുചിത്വത്തിന്റെ ആദ്യഘട്ടം ശീലവത്ക്കരണം: ജില്ലാ കളക്ടര്‍
ശീലവത്കരണമാണ് ശുചിത്വത്തിന്റെ ആദ്യഘട്ടമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭയെ മാലിന്യമുക്തമാക്കുന്നതിന് സ്വീകരിക്കാവുന്ന നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജീവിതശൈലിയിലും പെരുമാറ്റത്തിലും നാം മാറ്റം വരുത്തേണ്ടതുണ്ട്. ശീലങ്ങള്‍ ദിനചര്യയാവുന്നതിനൊപ്പം നമ്മുടെ ഘടനയില്‍ മാറ്റം വരുത്തുകയും സുസ്ഥിരമായി അത് കൊണ്ടു പോകാന്‍ സാധിക്കുകയും ചെയ്യണം. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ സാധിക്കുന്നതിനൊപ്പം മാലിന്യം കൂട്ടി ഇടാതിരിക്കുക എന്നതാണ് ശുചിത്വവുമായി ബന്ധപ്പെട്ട് ആദ്യം നാം ചെയ്യേണ്ട കാര്യമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കണമെന്ന് പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഹരിത നഗരമാക്കുന്നതില്‍ എല്ലാ വകുപ്പുകളും സംയുക്തമായി പ്രവര്‍ത്തിക്കണം. ഓരോ ഓഫീസുകളിലും പ്രോട്ടോകോള്‍ നിരീക്ഷണ സമിതി ജൂലൈ 15നകം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും ഇതിന് മികച്ച പിന്തുണ സംവിധാനം നഗരസഭ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, നഗരസഭ ആരോഗ്യ സൂപ്പര്‍വൈസര്‍ മുഹമ്മദ് ഫൈസല്‍, ജില്ലയിലെ വിവിധ ഓഫീസുകളുടെ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാര്‍ ഇതര ഓഫീസുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 42 ഇനങ്ങളുടെ ശുചിത്വ പ്രോട്ടോകോളും നഗരസഭ പുറത്തിറക്കി.
സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 2022 – 2023 സാമ്പത്തിക വര്‍ഷം നടത്തുന്ന കൗമാരഭൃത്യം പദ്ധതിയിലേക്ക് നിലവില്‍ ഒഴിവുള്ള സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് (ഒരു ഒഴിവ്) പ്രതിദിനം 1455 രൂപ (പ്രതിമാസം പരമാവധി 39,285രൂപ) നിരക്കിലും ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികളുമായി കൂടികാഴ്ച നടത്തുന്നു.
സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ ഉദ്യോഗാര്‍ഥികള്‍ കൗമാരഭൃത്യം/പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ/കായ ചികിത്സ ഇവയില്‍ ഒരു വിഷയത്തില്‍ പി.ജി ഉള്ളവരും 56 വയസില്‍ താഴെ പ്രായമുള്ളവരും ആയിരിക്കണം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, റ്റി.സി.എം.സി രജിസ്ട്രേഷന്‍, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജൂലൈ ആറിന് രാവിലെ 10ന് നടത്തപ്പെടുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന ഇന്റര്‍വ്യൂ ആയതിനാല്‍ ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ ബയോഡേറ്റ [email protected] എന്ന വിലാസത്തിലേക്ക് ജൂലൈ നാലിന് വൈകുന്നേരം അഞ്ചിന് മുമ്പ് ഇ-മെയില്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 7012888149, 0468 2324337
കേരള വനിതാ കമ്മീഷന്‍ സിറ്റിംഗ് എട്ടിന്
കേരള വനിതാ കമ്മീഷന്‍ സിറ്റിംഗ് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജൂലൈ എട്ടിന് രാവിലെ 10 മുതല്‍ നടക്കും.
ക്വട്ടേഷന്‍
റാന്നി ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക വാഹനം (540 ജീപ്പ്) റണ്ണിംഗ് കണ്ടീഷന്‍ അല്ലാത്തതിനാല്‍ ആക്രി വിലയ്ക്ക് എടുക്കുവാന്‍ (കണ്ടം ചെയ്യുവാന്‍) താത്പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15ന് രാവിലെ 11 വരെ. ഫോണ്‍ : 04735 221568.
താല്‍ക്കാലിക അധ്യാപക ഒഴിവ്
ഓമല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ സുവോളജി അദ്ധ്യാപക ഒഴിവിലേക്ക് യോഗ്യത ഉള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.