Trending Now

അതീവ ജാഗ്രത , പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുന്നു;വാക്സിനേഷന് വിമുഖത പാടില്ല

അതീവ ജാഗ്രത , പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുന്നു;വാക്സിനേഷന് വിമുഖത പാടില്ല

പത്തനംതിട്ട ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷം കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇനിയും വാക്സിന്‍ എടുക്കാത്തവരും, കരുതല്‍ ഡോസ് വാക്സിന് അര്‍ഹരായവരും, വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.

ജില്ലയില്‍ 60 വയസിനു മുകളിലുളള 42 ശതമാനം പേര്‍ മാത്രമേ കരുതല്‍ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുളളൂ. പ്രായമായവരിലും, മറ്റ് രോഗങ്ങള്‍ ഉളളവരിലും, വാക്സിന്‍ എടുക്കാത്തവരിലും കോവിഡ് രോഗബാധയുണ്ടായാല്‍ ഗുരുതരമാകുന്നിനുളള സാധ്യത കൂടുതലാണ്. രണ്ടാമത്തെ ഡോസ് എടുത്ത് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് എടുക്കാം.

60 വയസിനു മുകളില്‍ ഉളളവര്‍ക്കുളള കരുതല്‍ ഡോസ് വാക്സിനേഷന്‍ (കോവിഷീല്‍ഡ്) എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ലഭിക്കും. 18 മുതല്‍ 59 വയസ്സ് വരെയുളളവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ വാക്സിന്‍ സ്വീകരിക്കാം. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, പുഷ്പഗിരി മെഡിക്കല്‍ കോളേജ്, മൗണ്ട് സിനായി ഹോസ്പിറ്റല്‍ പറന്തല്‍, ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ അടൂര്‍, എന്നീ സ്വകാര്യ ആശുപത്രകളില്‍ കോവിഡ് വാക്സിന്‍ ലഭ്യമാണ്.

ജില്ലയില്‍ 15 മുതല്‍ 17 വയസ് വരെയുളള 66.86 ശതമാനം പേരും 12 മുതല്‍ 14 വയസ് വരെയുളള 60.74 ശതമാനം പേരുമാണ് സെക്കന്റ് ഡോസ് കോവിഡ് വാക്സിന്‍ എടുത്തിട്ടുളളത്. 15 മുതല്‍ 17 വയസ് വരെയുളളവര്‍ക്കുളള കോ വാക്സിന്‍ വ്യാഴാഴ്ച ദിവസങ്ങളിലും 12 മുതല്‍ 14 വയസ് വരെയുളള കുട്ടികള്‍ക്ക് നല്‍കുന്ന കോര്‍ബെ വാക്സ് ശനിയാഴ്ച ദിവസങ്ങളിലും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. കോളേജുകളും, സ്‌കൂളുകളും തുറന്ന സാഹചര്യത്തില്‍ ഇനിയും രണ്ടാം ഡോസ് എടുത്തിട്ടില്ലാത്തവര്‍ വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണം.

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും മുന്‍കരുതല്‍ ഡോസ് നല്‍കുന്ന വിഭാഗത്തില്‍പെട്ടവര്‍ക്ക് അതാത് ഇടത്തെ ആശാ പ്രവര്‍ത്തകരുടെയോ ആരോഗ്യപ്രവര്‍ത്തകരുടെയോ സഹായത്തോടെ വാക്സിന്‍ എടുക്കാനുളള സൗകര്യം ഉണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!