Trending Now

സംസ്ഥാനത്ത് വൈദ്യുതി നിരക്കു പരിഷ്‌കരണം പ്രഖ്യാപിച്ചു; പുതിയ നിരക്ക് (ജൂൺ 26) മുതൽ

konnivartha.com : സംസ്ഥാനത്ത് വൈദ്യുതി നിരക്കു പരിഷ്‌കരണം പ്രഖ്യാപിച്ചു. 1000 വാട്ട് വരെ കണക്റ്റഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവുമുള്ള ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്കു താരിഫ് വർധന ഇല്ല. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളെയും നിരക്കു വർധനയിൽനിന്ന് ഒഴിവാക്കി. ഏകദേശം 25 ലക്ഷം ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളതെന്ന് കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അംഗൻവാടികൾ തുടങ്ങിയ വിഭാഗങ്ങൾക്കു താരിഫ് വർധന ഇല്ല. ഏകദേശം 35200 ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും 1000 വാട്ട് വരെ കണറ്റഡ് ലോഡ് ഉള്ളതുമായ കുടുംബങ്ങളിൽ ക്യാൻസർ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉള്ളവർക്കും വർധന ഇല്ല. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സൗജന്യ നിരക്ക് അതേപടി നിലനിർത്തി. ചെറിയ പെട്ടിക്കടകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്ടിൽനിന്ന് 2000 വാട്ടായി വർധിപ്പിച്ചു. ഏകദേശം 5.5 ലക്ഷം ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

10 കിലോവാട്ട് വരെ കണക്റ്റഡ് ലോഡുള്ള ചെറുകിട വ്യവസായങ്ങളായ അരിപൊടിക്കുന്ന മില്ലുകൾ, തയ്യൽ ജോലി ചെയ്യുന്നവർ, തുണിതേച്ചു കൊടുക്കുന്നവർ തുടങ്ങിയ ചെറുകിട സംരംഭകർക്കുള്ള വൈദ്യുതി നിരക്കിലുള്ള ആനുകൂല്യം തുടരും. ഈ വിഭാഗങ്ങൾക്കു ശരാശരി 15 പൈസയുടെ വർധനവേ വരുത്തിയിട്ടുള്ളൂ. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധന യൂണിറ്റിന് 25 പൈസയിൽ താഴെ മാത്രമാണ്. 88 ലക്ഷം ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്. നിരക്കു പരിഷ്‌കരണം ഇന്നു (ജൂൺ 26) മുതൽ പ്രാബല്യത്തിൽവരും.

ഗാർഹിക ഉപഭോക്താക്കളുടെ വിവിധ വിഭാഗങ്ങളിലുള്ള താരിഫ് പരിഷ്‌കരണം ഇങ്ങനെ

ധാന്യം പൊടിക്കുന്ന മില്ലുകൾ, വെൽഡിങ് വർക്ഷോപ്പുകൾ, മറ്റു ചെറുകിട സംരംഭങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ചെറുകിട വ്യാവസായിക വിഭാഗത്തിൽ (LT-IV-(A)) കണക്റ്റഡ് ലോഡ് 10 കിലോവാട്ട് വരെയുള്ള ഉപഭോക്താക്കൾ ഫിക്സഡ് ചാർജ് ഇനത്തിൽ പ്രതിമാസം 120 രൂപയാണ് ഇപ്പോൾ നൽകുന്നത്. ഇത് 120 രൂപയായിത്തന്നെ തുടരും. കണക്റ്റഡ് ലോഡ് 10 മുതൽ 20 വരെ പ്രതിമാസം 75 രൂപയായിരുന്നത് 80 രൂപയായും 20 കിലോവാട്ടിനു മുകളിൽ 170 രൂപയായിരുന്നത് 185 രൂപയായും മാറും. എനർജി ചാർജ് ഇന്തതിൽ 20 കിലോവാട്ട് വരെ നിലവിൽ യൂണിറ്റിന് 5.65 രൂപയായിരുന്നത് 5.80 രൂപയായും 20 കിലോവാട്ടിനു മുകളിൽ5.75 രൂപയിൽ നിന്ന് 5.85 രൂപയായും മാറും.

ചെറുകിട ഐടി അധിഷ്ടിത വ്യവസായങ്ങൾ ഉൾപ്പെടുന്ന (LT-IV-(B)) വിഭാഗത്തിൽ കണക്റ്റഡ് ലോഡ് 10 കിലോവാട്ട് വരെയുള്ളവർക്കു ഫിക്സഡ് ചാർജ് ഇനത്തിൽ നിലവിലുള്ള 150 രൂപ 165 രൂപയായും 10 മുതൽ 20 കിലോവാട്ട് വരെയുള്ളവർക്ക് 100 രൂപയിൽനിന്ന് 120 രൂപയായും 20 കിലോവാട്ട് മുകളിൽ 170 രൂപയിൽനിന്ന് 200 രൂപയായും വർധിപ്പിച്ചു. എനർജി ചാർജ് 20 കിലോവാട്ട് വരെയുള്ളവർക്ക് യൂണിറ്റിന് 6.20 രൂപയെന്നത് 6.50 രൂപയും 20 കിലോവാട്ടിനു മുകളിലുള്ളവർക്ക് 6.25 രൂപയായിരുന്നത് 6.60 രൂപയായും വർധിപ്പിച്ചു.

കൃഷി ആവശ്യത്തിനു വെള്ളം പമ്പ് ചെയ്യുന്നതിനുള്ള നിരക്ക് (LT-V-(A)) ഫിക്സഡ് ചാർജ് കിലോവാട്ടിന് 10 രൂപയിൽനിന്ന് 15 രൂപയാക്കി. എനർജി ചാർജ് യൂണിറ്റിന് 2.30 രൂപ നിരക്കിൽ തുടരും. കോഴി വളർത്തൽ, കാന്നുകാലി വളർത്തൽ, അലങ്കാര മത്സ്യക്കൃഷി തുടങ്ങിയ കൃഷി ആവശ്യങ്ങൾക്കുള്ള (LT-V-(B)) വിഭാഗത്തിൽ ഫിക്സഡ് ചാർജ് കിലോവാട്ടിന് പ്രതിമാസം 10 രൂപയായിരുന്നത് 15 ആയും എനർജി ചാർജ് യൂണിറ്റിന് 2.80 രൂപയായിരുന്നത് 3.30 രൂപയായും വർധിപ്പിച്ചു.

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ആശുപത്രികൾ, അമ്പലങ്ങൾ, പള്ളികൾ തുടങ്ങിവയുടെ വിഭാഗത്തിലുള്ള (LT-VI-(A)) വിഭാഗത്തിൽ ഫിക്സഡ് ചാർജ് കിലോവാട്ടിന് പ്രതിമാസം 65 രൂപയായിരുന്നത് 70 ആയും എനർജി ചാർജ് 500 യൂണിറ്റ് വരെയുള്ളവർക്കുണ്ടായിരുന്ന 5.70 രൂപ 5.80 രൂപയായും 501 യൂണിറ്റിനു മുകളിൽ 6.50 രൂപയുണ്ടായിരുന്നത് 6.65 രൂപയായും വർധിപ്പിച്ചു.

കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫിസുകൾ, കേരള വാട്ടർ അഥോറിറ്റി തുടങ്ങിയയുടെ ഓഫിസുകൾ ഉൾപ്പെടുന്ന (LT-VI-(B)) വിഭാഗത്തിൽ ഫിക്സഡ് ചാർജ് നിലവിലുള്ള 80 രൂപയെന്നത് 90 രൂപയായും എനർജി ചാർജ് 500 യൂണിറ്റ് വരെയുള്ളവർക്ക് നിലവിലുള്ള 6.30 രൂപ 6.50 രൂപയായും 501 യൂണിറ്റിനു മുകളിൽ നിലവിലുള്ള ഏഴു രൂപയെന്നത് 7.15 രൂപയായും വർധിപ്പിച്ചു. ബാങ്കുകൾ, ഇൻഷ്വറൻസ് കമ്പനികൾ, ഇൻകംടാക്സ് ഓഫിസുകൾ തുടങ്ങിയവയ്ക്കുള്ള (LT-VI-(C)) ഫിക്സഡ് ചാർജ് 180 രൂപയായിത്തന്നെ തുടരും. 500 യൂണിറ്റ് വരെയുണ്ടായിരുന്ന എനർജി ചാർജ് ഏഴു രൂപയിൽനിന്ന് 7.15 രൂപയായും 501 യൂണിറ്റിനു മുകളിൽ 8.50 രൂപയിൽനിന്ന് 8.65 രൂപയായും വർധിപ്പിച്ചു. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അംഗൻവാടികൾ തുടങ്ങിയവയ്ക്കു താരിഫ് വർധന ഇല്ല. ഇവരുടെ ഫിക്സഡ് ചാർജും എനർജി ചാർജും നിലവിലുള്ള അതേ നിരക്കിൽ തുടരും.

പബ്ലിക് കംഫർട്ട് സ്റ്റേഷനുകൾ, 2000 വാട്ടിൽ താഴെ കണക്റ്റഡ് ലോഡുള്ള സ്പോർട്സ് ക്ലബുകൾ, പ്രസ് ക്ലബുകൾ തുടങ്ങിയവയുടെ (LT-VI-(E)) വിഭാഗത്തിൽ ഫിക്സഡ് ചാർജ് പ്രതിമാസം സിംഗിൾ ഫേസ്, ത്രീഫേസ് വിഭാഗങ്ങളിൽ ഒരു ഉപഭോക്താവ് നൽകേണ്ട തുകയിൽ വ്യത്യാസമില്ല. ഇത് യഥാക്രമം 40, 100 രൂപയായിത്തന്നെ തുടരും. 50 യൂണിറ്റ് വരെയുള്ള എനർജി ചാർജ് യൂണിറ്റിന് 3.40 രൂപയെന്നത് 3.65 രൂപയായും 100 യൂണിറ്റ് വരെ 4.40 രൂപയിൽനിന്ന് 4.65 രൂപയായും 200 യൂണിറ്റ് വരെ 5.10 രൂപയിൽനിന്ന് 5.35 രൂപയായും 201 യൂണിറ്റിനു മുകളിൽ 6.80 രൂപയിൽനിന്ന് 7.05 രൂപയായും വർധിപ്പിച്ചു.

സ്വകാര്യ മേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടെലഫോൺ എക്സ്ചേഞ്ചുകൾ, ടെലിവഷൻ ബ്രോഡ്കാസ്റ്റിങ് കമ്പനികൾ തുടങ്ങിയവ ഉൾപ്പെടുന്ന (LT-VI-(F)) വിഭാഗത്തിൽ സിംഗിൾ ഫേസിൽ ഫിക്സഡ് ചാർജ് ഒരു കിലോവാട്ട് കണറ്റഡ് ലോഡിന് പ്രതിമാസം നിലവിലുള്ള 70 രൂപ 85 രൂപയായും ത്രീഫേസിൽ 140 രൂപയെന്നത് 170 രൂപയായും വർധിപ്പിച്ചു. പ്രതിമാസ ഉപഭോഗം 100 യൂണിറ്റ് വരെ പ്രതിമാസം 5.80 രൂപയിൽനിന്ന് ആറു രൂപയായും 200 യൂണിറ്റ് വരെ 6.50 രൂപയിൽനിന്ന് 6.80 രൂപയായും 300 യൂണിറ്റ് വരെ 7.20 രൂപയിൽനിന്ന് 7.50 രൂപയായും 500 യൂണിറ്റ് വരെ 7.80 രൂപയിൽനിന്ന് 8.15 രൂപയായും 500 യൂണിറ്റിനു മുകളിൽ ഒമ്പതു രൂപയിൽനിന്ന് 9.25 രൂപയായും വർധിപ്പിച്ചു.

സ്വകാര്യ ആശുപത്രികൾ, സ്വകാര്യ ക്ലിനിക്കുകൾ, സ്വകാര്യ ലബോറട്ടറികൾ തുടങ്ങിയവയുൾപ്പെടുന്ന LT-VI-(G) വിഭാഗത്തിൽ ഫിക്സഡ് ചാർജ് നിരക്ക് സിംഗിൾ ഫേസിന് നിലവിലുള്ള 70 രൂപതന്നെ തുടരും. ത്രീഫേസിൽ ഫിക്സഡ് ചാർഡ് 140 രൂപയിൽനിന്ന് 150 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. പ്രതിമാസ ഉപഭോഗം 500 യൂണിറ്റ് വരെയുള്ളവരുടെ വിഭാഗത്തിൽ 5.70 രൂപയിൽനിന്ന് 5.85 രൂപയായും 1000 യൂണിറ്റ് വരെ 6.50 രൂപയിൽനിന്ന് 6.60 രൂപയായും 2000 യൂണിറ്റ് വരെ 7.50 രൂപയിൽനിന്ന് 7.70 രൂപയായും 2000 യൂണിറ്റിനു മുകളിലുള്ളവർക്ക് 8.50 രൂപയിൽനിന്ന് 8.60 രൂപയായും വർധിപ്പിച്ചു.

വാണിജ്യ സ്ഥാപനങ്ങൾ, കടകൾ തുടങ്ങിയവർക്ക് (LT-VII-(A)) ഫിക്സഡ് ചാർജ് സംഗിൾ ഫേസിന് നിലവിലുള്ള 70 രൂപ 80 ആയും ത്രീ ഫേസിന്റേത് 140 രൂപ 160 രൂപയായും വർധിപ്പിച്ചു. പ്രതിമാസം 100 യൂണിറ്റ് വരെയുള്ളവരുടെ എനർജി ചാർജ് ആറു രൂപയിൽനിന്ന് 6.05 രൂപയായും 200 യൂണിറ്റ് വരെ 6.70 രൂപയിൽനിന്ന് 6.80 രൂപയായും 300 യൂണിറ്റ് വരെ 7.40 രൂപയിൽനിന്ന് 7.50 രൂപയായും 500 യൂണിറ്റ് വരെ എട്ടു രൂപയിൽനിന്ന് 8.15 രൂപയായും 501 യൂണിറ്റിനു മുകളിൽ 9.30 രൂപയിൽനിന്ന് 9.40 രൂപയായും വർധിപ്പിച്ചു.

കണക്റ്റഡ് ലോഡ് 1000 വാട്ടിനു താഴെയുള്ള ചെറിയ പെട്ടിക്കടകൾക്ക് (LT-VII-B) ഫിക്സഡ് ചാർജ് ഒരു ഉപഭോക്താവിന് പ്രതിമാസം കിലോവാട്ടിന് 50 രൂപയായിത്തന്നെ തുടരും. 1000 വാട്ടിനു മുകളിൽ 50 രൂപയുണ്ടായിരുന്നത് 60 രൂപയായി വർധിപ്പിച്ചു. 100 യൂണിറ്റ് വരെയുള്ള എനർജി ചാർജ് 5.20 രൂപയിൽനിന്ന് 5.30 രൂപയായും 200 യൂണിറ്റ് വരെ ആറു രൂപയിൽനിന്ന് 6.10 രൂപയായും 300 യൂണിറ്റിനു മുകളിൽ 6.60 രൂപയിൽനിന്ന് 6.70 രൂപയായും വർധിപ്പിച്ചു.

2000 വാട്സിനു മുകളിൽ കണറ്റഡ് ലോഡുള്ള സിനിമ തിയേറ്ററുകൾ, സർക്കസ് കൂടാരങ്ങൾ, സ്പോർട്സ് ക്ലബുകൾ എന്നിവ ഉൾപ്പെടുന്ന LT-VII-(C) വിഭാഗത്തിൽ സിംഗിൾ ഫേസിനും ത്രീ ഫേസിനും നിലവുള്ള ഫിക്സഡ് ചാർജ് 100 രൂപയിൽനിന്ന് 115 രൂപയാക്കി. എനർജി ചാർജ് 1000 യൂണിറ്റ് വരെ ആറു രൂപയിൽനിന്ന് 6.30 രൂപയായും 1000 യൂണിറ്റിനു മുകളിൽ 7.40 രൂപയിൽനിന്ന് 7.70 രൂപയായും വർധിപ്പിച്ചു.

തെരുവു വിളക്കുകളുടെ LT-VIII-(B) താരിഫ് പ്രതിമാസം മീറ്ററിന് 50 രൂപയായിരുന്നത് 75 രൂപയായും എനർജി ചാർജ് യൂണിറ്റിന് 4.30 രൂപ 4.70 രൂപയായും വർധിപ്പിച്ചു. പരസ്യ ബോർഡുകളുടെ (LT-IX) താരിഫ് ഫിക്സഡ് ചാർജ് കണക്ഷന് 550 രൂപയിൽനിന്ന് 700 രൂപയായി വർധിപ്പിച്ചു. ഈ വിഭാഗത്തിൽ എനർജി ചാർജ് യൂണിറ്റിന് 12.50 തന്നെ തുടരും. ഇലക്ട്രിസിറ്റി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള (LT-X) താരിഫ് ഫിക്സഡ് ചാർജ് പ്രതിമാസം കണക്ഷന് 75 രൂപയെന്നത് 90 രൂപയായും എനർജി ചാർജ് യൂണിറ്റിന് അഞ്ചു രൂപയിൽനിന്ന് 5.50 രൂപയായും വർധിപ്പിച്ചു. ഇത്തരം ചാർജിങ് സ്റ്റേഷനുകൾ കെ.എസ്.ഇബിയിൽനിന്നു വൈദ്യുതി വാങ്ങുന്നതിനുള്ള നിരക്കാണിത്. ഇവർ വാഹനങ്ങൾ ചാർജ് ചെയ്യാൻ വരുന്ന ഉപഭോക്താക്കളിൽനിന്നു വൈദ്യുതി ചാർജ് ഇനത്തിൽ യൂണിറ്റിന് എട്ടു രൂപയിൽ കൂടുതൽ വാങ്ങാൻ പാടില്ല.

പുതിയ ഹൈടെൻഷൻ നിരക്കുകൾ

വ്യവസായങ്ങൾക്കുള്ള (HT-I-(A) പ്രതിമാസ ഡിമാൻഡ് ചാർജ് കിലോവാട്ടിന് നിലവിലുള്ള 340 രൂപയിൽനിന്ന് 390 രൂപയായും എനർജി ചാർജ് യൂണിറ്റിന് 5.75 രൂപയിൽനിന്ന് 6.10 രൂപയായും വർധിപ്പിച്ചു. ഐടി വ്യവസായങ്ങൾ, സോഫ്റ്റ്വെയർ യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്ന HT-I-(B) വിഭാഗത്തിൽ ഡിമാൻഡ് ചാർജ് പ്രതിമാസം 340 രൂപയിൽനിന്ന് 410 രൂപയായും എനർജി ചാർജ് യൂണിറ്റിന് 6.05 രൂപയിൽനിന്ന് 6.60 രൂപയായും വർധിപ്പിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ആശുപത്രികൾ, അമ്പലങ്ങൾ, പള്ളികൾ തുടങ്ങിയവയ്ക്കുള്ള (HT-II-(A)) ഡിമാൻഡ് ചാർജ് നിലവിലുള്ള 370 രൂപയിൽനിന്ന് 420 രൂപയായും എനർജി ചാർജ് യൂണിറ്റിന് 5.60 രൂപയിൽനിന്ന് 5.85 രൂപയായും വർധിപ്പിച്ചു.

സ്വകാര്യ ആശുപത്രികൾ, സ്വകാര്യ മേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയവയുടെ (HT-II-(B) ഡിമാൻഡ് ചാർജ് 440 രൂപയിൽനിന്ന് 500 രൂപയായും 30000 യൂണിറ്റ് വരെയുള്ളവരുടെ എനർജി ചാർജ് 6.20 രൂപയിൽനിന്ന് 6.80 രൂപയായും 30000 യൂണിറ്റിനു മുകളിൽ 7.20 രൂപയിൽനിന്ന് 7.80 രൂപയായും വർധിപ്പിച്ചു. കൃഷി ആവശ്യത്തിനു വെള്ളം പമ്പ് ചെയ്യുന്നതിനുള്ള (HT-III-(A)) ഡിമാൻഡ് ചാർജ് 190 രൂപയിൽനിന്ന് 220 രൂപയായും എനർജി ചാർജ് യൂണിറ്റിന് 3.10 രൂപയിൽനിന്ന് 3.40 രൂപയായും വർധിപ്പിച്ചു. കോഴി വളർത്തൽ, മത്സ്യകൃഷി തുടങ്ങിയവയുടെ (HT-III-(B)) ഡിമാൻഡ് ചാർജ് 200 രൂപയിൽനിന്ന് 240 രൂപയായും എനർജി ചാർജ് യൂണിറ്റിന് 3.60 രൂപയിൽനിന്ന് 3.90 രൂപയായും വർധിപ്പിച്ചു.

വൻകിട വാണിജ്യ സ്ഥാപനങ്ങൾ, കടകൾ തുടങ്ങിയവയുടെ നിരക്ക് (HT-IV-[A]), ഡിമാൻഡ് ചാർജ് (രൂപ/കെ.വി.എക്ക്) നിലവിലുള്ള 440 രൂപയിൽ നിന്ന് 490 രൂപയായും വർധിപ്പിച്ചു. പ്രതിമാസം 30,000 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്ക് എനർജി ചാർജ് യൂണിറ്റിന് നിലവിലുള്ള 6.30 രൂപയിൽ നിന്ന് 6.75 രൂപയായി വർദ്ധിപ്പിച്ചു. പ്രതിമാസം 30,000 യൂണിറ്റിനു മുകളിൽ ഉപയോഗിക്കുന്നവർക്ക് നിലവിലുള്ള 7.30 രൂപയിൽ നിന്ന് 7.15 രൂപയായി വർധിപ്പിച്ചു.

ഹോട്ടലുകൾ, കല്യാണമണ്ഡപങ്ങൾ, കൺവെൺഷൻസെന്ററുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയവയുടെ നിരക്ക് (HT-IV-[B]), ഡിമാൻഡ് ചാർജ് (രൂപ/കെ.വി.എക്ക്) നിലവിലുള്ള 440 രൂപയിൽ നിന്ന് 490 രൂപയായി വർധിപ്പിച്ചു. പ്രതിമാസം 30,000 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്ക് എനർജി ചാർജ് (യൂണിറ്റിന്) നിലവിലുള്ള 6.60 രൂപയിൽ നിന്ന് 6.90 രൂപയായി വർധിപ്പിച്ചു. പ്രതിമാസം 30,000 യൂണിറ്റിനു മുകളിൽ ഉപയോഗിക്കുന്നവർക്ക് നിലവിലുള്ള 7.60 രൂപയിൽ നിന്ന് 7.90 രൂപയായി വർധിപ്പിച്ചു.

ഗാർഹിക ആവശ്യത്തിനുള്ള താരിഫ് (HT-V), (100 കിലോ വാട്ടിനുമുകളിൽ കണക്ടഡ് ലോഡുള്ള വീടുകളിൽ ഡിമാൻഡ് ചാർജ് നിലവിലുള്ള 390 രൂപയിൽ നിന്ന് 425 രൂപയായി വർധിപ്പിച്ചു. എനർജി ചാർജ് (യൂണിറ്റിന്) നിലവിലുള്ള 5.80 രൂപയിൽ നിന്ന് 6.15 രൂപയായി വർധിപ്പിച്ചു.

ഇലക്ട്രിസിറ്റി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള താരിഫ് (HT-VI), ഫിക്‌സഡ് ചാർജ് നിലവിലുള്ള 250 രൂപയിൽ നിന്ന് 270 രൂപയായി വർധിപ്പിച്ചു. എനർജി ചാർജ്  5.00 രൂപയിൽ നിന്ന് 6.00 രൂപയായി വർധിപ്പിച്ചു.

എക്‌സ്ട്രാ ഹൈ ടെൻഷൻ വിഭാഗങ്ങളിൽ:
വ്യവസായങ്ങൾ ( DHT-66 kV) വിഭാഗത്തിന് നിലവിലുള്ള ഡിമാൻഡ് ചാർജ്  340 രൂപയിൽ നിന്ന് 400  രൂപയായി വർധിപ്പിച്ചു. എനർജി ചാർജ് യൂണിറ്റിന് 5.50 രൂപയിൽ നിന്ന് 6.00 രൂപയായി വർധിപ്പിച്ചു.

വ്യവസായങ്ങൾ (EHT-110 kV) വിഭാഗത്തിന് നിലവിലുള്ള ഡിമാൻഡ് ചാർജ് 330 രൂപയിൽ നിന്ന് 390  രൂപയായി വർദ്ധിപ്പിച്ചു. എനർജി ചാർജ് യൂണിറ്റിന് 5.40 രൂപയിൽ നിന്ന് 5.9 രൂപയായി വർധിപ്പിച്ചു.

വ്യവസായങ്ങൾ (EHT-220 kV) വിഭാഗത്തിന് നിലവിലുള്ള ഡിമാൻഡ് ചാർജ് 320 രൂപയിൽ നിന്ന് 360  രൂപയായി വർദ്ധിപ്പിച്ചു. എനർജി ചാർജ് രൂപ/യൂണിറ്റിന് 5.00 രൂപയിൽ നിന്ന് 5.30 രൂപയായി വർധിപ്പിച്ചു.

വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കന്നതിനുള്ള നിരക്ക്  (EHT-commercial) ഡിമാൻഡ് ചാർജ് നിലവിലുള്ള 440 രൂപ 460 രൂപയായി വർധിപ്പിച്ചു. പ്രതിമാസം 60,000 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്ക് എനർജി ചാർജ് യൂണിറ്റിന് നിലവിലുള്ള 6.10 രൂപയിൽ നിന്ന് 6.20 രൂപയായി വർധിപ്പിച്ചു. പ്രതിമാസം 60,000 യൂണിറ്റിനു മുകളിൽ ഉപയോഗിക്കുന്നവർക്ക് നിലവിലുള്ള 7.10 രൂപയിൽ നിന്ന് 7.15 രൂപയായി വർധിപ്പിച്ചു. ഈ വിഭാഗത്തിന്റെ നിലവിലുള്ള താരിഫ് വൈദ്യുതിയുടെ ശരാശരി വിലയുടെ 120 ശതമാനത്തിൽ കൂടുതലായതിനാൽ എനർജി ചാർജിൽ വർദ്ധന വരുത്തിയിട്ടില്ല.

ഗവൺമെന്റ് ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ (EHT-General A) വിഭാഗത്തിന് നിലവിലുള്ള ഡിമാൻഡ് ചാർജ് 340 രൂപയിൽ നിന്ന് 390  രൂപയായി വർധിപ്പിച്ചു. എനർജി ചാർജ് യൂണിറ്റിന് 5.30 രൂപയിൽ നിന്ന് 5.60 രൂപയായി വർധിപ്പിച്ചു.

ഐ.എസ്.ആർ.ഒ, ഗവൺ അധീനതയിലുള്ള റിസേർച്ച് സ്ഥാപനങ്ങൾ തുടങ്ങിയവയുടെ താരിഫ് (EHT) ഡിമാൻഡ് ചാർജ്  നിലവിലുള്ള 410 രൂപ 425 രൂപയായി വർധിപ്പിച്ചു. പ്രതിമാസം 60,000 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്ക് എനർജി ചാർജ് യൂണിറ്റിന് നിലവിലുള്ള 5.80 രൂപയിൽ നിന്ന് 6.00 രൂപയായി വർധിപ്പിച്ചു. പ്രതിമാസം 60,000 യൂണിറ്റിനു മുകളിൽ ഉപയോഗിക്കുന്നവർക്ക് നിലവിലുള്ള 6.80 രൂപയിൽ നിന്ന് 7.00 രൂപയായി വർധിപ്പിച്ചു.

റെയിൽവേ ട്രാക്ഷൻ, ഡിഫൻസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഹൗസിംഗ് കോളനികൾ ഒഴികെ) തുടങ്ങിയവയുടെ താരിഫ് (EHT) നിലവിലുള്ള ഡിമാൻഡ് ചാർജ് 300 രൂപയിൽ നിന്ന് 340  രൂപയായി വർധിപ്പിച്ചു. എനർജി ചാർജ് യൂണിറ്റിന് 5.10 രൂപയിൽ നിന്ന് 5.40 രൂപയായി വർധിപ്പിച്ചു.

കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ താരിഫ് (EHT) നിലവിലുള്ള ഡിമാൻഡ് ചാർജ് 275 രൂപയിൽ നിന്ന് 290  രൂപയായി വർധിപ്പിച്ചു. എനർജി ചാർജ് യൂണിറ്റിന് 4.80 രൂപയിൽ നിന്ന് 5.10 രൂപയായി വർധിപ്പിച്ചു.