വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളും സംബന്ധിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തും. പോലീസ് ആസ്ഥാനത്തെ എഡിജിപി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ പിന്നീടുണ്ടാകും.
സംഭവ സ്ഥലത്ത് ചുമതലയില്‍ ഉണ്ടായിരുന്ന കല്‍പ്പറ്റ ഡി വൈ എസ് പി സുനില്‍ കുമാറിനെ അന്വേഷണ വിധേയമായി അടിയന്തിരമായി സസ്‌പെന്റ് ചെയ്യാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സുനില്‍കുമാറിന്റെ ഭാഗത്തുനിന്നും ഗുരുതരമായ അനാസ്ഥയുണ്ടായതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര നടപടി.
രാഹുല്‍ ഗാന്ധി എം.പിയുടെ കല്‍പ്പറ്റയിലെ ഓഫീസിന് നേരെ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരവും തുടര്‍ന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം. സമരത്തിന് നേതൃത്വം നല്‍കിയ പ്രവര്‍ത്തകര്‍ക്ക് നേരെ ശക്തവും മാതൃകാപരവുമായ സംഘടനാ നടപടി സ്വീകരിക്കുമെന്നും എസ്എഫ്‌ഐ അറിയിച്ചു