Trending Now

കേരളത്തില്‍ ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദം : മൂന്നു ജില്ലകള്‍ക്ക്‌ മുന്നറിയിപ്പ്

 

കോവിഡ് പുതിയ വകഭേദങ്ങളില്ല ആശങ്കപ്പടേണ്ടതില്ല: മന്ത്രി വീണാ ജോർജ്
മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലകളുടെ ഉന്നതതലയോഗം


konnivartha.com : സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണ്.

 

പരിശോധനകളിൽ മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കുക. കിടപ്പ് രോഗികൾ, വയോജനങ്ങൾ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണം. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവരും പ്രിക്കോഷൻ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്.

ആരോഗ്യ പ്രവർത്തകർ നിർബന്ധമായും പ്രിക്കോഷൻ ഡോസ് എടുക്കണം. വളരെ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും മന്ത്രി നിർദേശിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് നിർദേശം നൽകിയത്.

സംസ്ഥാനത്തേയും ജില്ലകളുടേയും കോവിഡ് സ്ഥിതി യോഗം വിലയിരുത്തി. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതൽ. ആ ജില്ലകൾ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവർ പരിശോധന നടത്തണം. വാക്സിനേഷന്റെ പുരോഗതിയും ചർച്ച ചെയ്തു. കോവിഡ് കുറഞ്ഞതോടെ പലരും രണ്ടാം ഡോസ് വാക്സിനും പ്രിക്കോഷൻ ഡോസും എടുക്കാൻ വിമുഖത കാണിക്കുന്നുണ്ട്. അത് ആപത്തുണ്ടാക്കാം.

രണ്ട് ഡോസ് വാക്സിനും പ്രിക്കോഷൻ ഡോസും കൃത്യമായ ഇടവേളകളിൽ എടുത്താൽ മാത്രമേ ഫലം ലഭിക്കൂ. കോവിഡ് മരണം സംഭവിക്കുന്നവരിൽ വാക്സിനെടുക്കാത്തവരുടെയും അനുബന്ധ രോഗങ്ങളുള്ളവരുടേയും എണ്ണം കൂടുതലായി കാണുന്നു എന്നാണ് വിലയിരുത്തൽ. അനുബന്ധ രോഗങ്ങളുള്ളവർക്ക് കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ കോവിഡ് പരിശോധന നടത്തി ചികിത്സ തേടേണ്ടതാണ്.

18 വയസ് മുതലുള്ള 100 ശതമാനം പേരും ആദ്യ ഡോസ് വാക്സിൻ എടുത്തെങ്കിലും രണ്ടാം ഡോസ് വാക്സിനേഷൻ 88 ശതമാനമാണ്. 22 ശതമാനം പേരാണ് പ്രിക്കോഷൻ ഡോസ് എടുത്തത്. 15 മുതൽ 17 വയസുവരെയുള്ള 83 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസും 55 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 മുതൽ 14 വയസുവരെയുള്ള 54 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 15 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. പ്രദേശികമായി വാക്സിൻ എടുക്കാത്തവരുടെ കണക്ക് ശേഖരിക്കാനും വാക്സിൻ എടുക്കുന്നു എന്നുറപ്പാക്കാനും ഫീൽഡ് വർക്കർമാരെ ചുമതലപ്പെടുത്തും.

എല്ലാ കുട്ടികൾക്കും വാക്സിൻ ഉറപ്പാക്കും. സ്‌കൂൾ തുറന്ന സാഹചര്യത്തിൽ എല്ലാ കുട്ടികൾക്കും വാക്സിനെടുക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കുന്നതാണ്. പകർച്ചവ്യാധികൾക്കെതിരേയും പ്രത്യേകിച്ച് നിപ വൈറസിനെതിരേയും
പേ വിഷബാധയ്ക്കെതിരേയും ജാഗ്രത വേണമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവയലൻസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

error: Content is protected !!