Trending Now

എക്സൈസ് ഓഫീസിൽ നിന്ന് കൈക്കൂലി പിടികൂടിയ സംഭവം; 14 ഉദ്യോഗസ്ഥർക്ക് സസ്പൻഷൻ

 

പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസിലെ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി പിടികൂടിയ സംഭവത്തിൽ നടപടി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഉൾപ്പെടെ 14 ഉദ്യോഗസ്ഥരെ സസ്പൻഡ് ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എഎം നാസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.

പാലക്കാട് എക്സൈസ് ഡിവിഷണൽ ഓഫീസിലെ അറ്റൻഡറായ നൂറുദ്ദീനിൽ നിന്ന് 10 ലക്ഷത്തി 23,600 രൂപ പിടികൂടിയ സംഭവത്തിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. കള്ള് ഷാപ്പ് ഉടമകളിൽ നിന്ന് പിരിച്ചെടുത്ത കൈക്കൂലിപ്പണമാണ് ഇതെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇത് വിവിധ ഓഫീസുകളിൽ വിതരണം ചെയ്യാനായി നീക്കിവച്ചിരുന്ന പണമായിരുന്നു. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്താനും തീരുമാനമായി.

ഈ മാസം 16നാണ് സംഭവമുണ്ടായത്. ഓഫീസ് അസിസ്റ്റന്റായ നൂറുദ്ദീൻ വാഹനത്തിൽ ഒളിപ്പിച്ച കൈക്കൂലി പണമാണ് പിടികൂടിയത്. പാലക്കാട് കാടാങ്കോട് ജംഗ്ഷനിൽ വെച്ചാണ് വിജിലൻസ് 10,23,600 രൂപ കൈക്കൂലി പണം പിടികൂടിയത്. എക്സൈസ് ഡിവിഷൻ ഓഫീസ് അസിസ്റ്റന്റ് നൂറുദ്ദീൻ വാഹനത്തിലെ ഡാഷ് ബോർഡിൽ കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

എക്സൈസ് ചിറ്റൂർ സർക്കിൾ ഓഫീസ്, ഇന്റലിജൻസ് ബ്യൂറോ, സ്പെഷൽ സ്ക്വാഡ് എന്നിവിടങ്ങളിലേക്ക് 2,20,000 രൂപ വീതവും ചിറ്റൂർ റേഞ്ച് ഓഫീസിലേക്ക് 195000 രൂപയും എത്തിക്കുകയായിരുന്നു ഉദ്ദേശം. എന്നാൽ, ഇതിനിടെ വിജിലൻസിന്റെ വലയിലാവുകയായിരുന്നു.