konnivartha.com : പത്തനംതിട്ട നഗരത്തിലെ 15 മുതൽ 21 വരെയുള്ള 7 വാർഡുകളിൽ കുടിവെള്ളമെത്തിക്കുന്ന കുമ്പഴ- കോട്ടപ്പാറ കുടിവെള്ളപദ്ധതി നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നാടിനു സമർപ്പിച്ചു. പത്തൊമ്പതാം വാർഡിൽ സ്ഥാപിച്ചിട്ടുള്ള ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ നിന്നാണ് കുടിവെള്ളം വാർഡുകളിലേക്ക് വിതരണം ചെയ്യുന്നത്. കുമ്പഴ മേഖലയിലെ ഏഴ് വാർഡുകളിലായി ആയിരം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഒന്നരക്കോടി രൂപ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത്. നഗരസഭയിലെ 15 മുതൽ 21 വരെയുള്ള വാർഡുകളിൽ നിലവിൽ മറ്റ് പദ്ധതികളിൽ നിന്നാണ് വെള്ളമെത്തിക്കുന്നത്.
കോട്ടപാറ പദ്ധതി പ്രവർത്തനമാരംഭിച്ചതോടെ പത്തനംതിട്ട ടൗൺ മേഖലയിലെ മറ്റ്
വാർഡുകളിൽ കൂടുതൽ ജല ലഭ്യത ഉണ്ടാകുമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. പ്രദേശികമായി കൂടുതൽ ചെറുകിട പദ്ധതികൾ നഗരസഭയിലാകെ ആരംഭിക്കും . 13, 14, 21 വാർഡുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്ന മണ്ണുങ്കൽ കുടിവെള്ള പദ്ധതി പതിനാലാം വാർഡിൽ ഉടൻ ആരംഭിക്കും. 56 ലക്ഷം രൂപ ചിലവ് ചെയ്ത് തുടങ്ങുന്ന പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു. പൂർണമായും നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
നഗരസഭ പതിനേഴാം വാർഡിൽ പേങ്ങാട്ട് മുരുപ്പ് പദ്ധതിയുടെയും ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. 20 ലക്ഷം രൂപയാണ് ചെലവ് ചെയ്യുന്നത്. ഇതിന്റെ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന അമൃത് പദ്ധതിയിലൂടെ നഗരത്തിലെ ആയിരം വീടുകളിൽ ശുദ്ധ ജലം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി അംബിക വേണു അധ്യക്ഷയായി. ശ്രീ പി വി അശോക് കുമാർ, ഡെപ്യൂട്ടി ചെയർ പേഴ്സൺ ശ്രീമതി ആമിന ഹൈദരലി സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺമാരായ , ജെറി അലക്സ്, ഇന്ദിര മണിയമ്മ ഷെമീർ എസ് പ്രതിപക്ഷ നേതാവ് ജാസിം കുട്ടി, പി കെ അനീഷ്, എ സുരേഷ്‌കുമാർ സി കേ അർജുനൻ സുജ അജി വിമല ശിവൻ അഷ്‌റഫ് എ ശോഭ കെ മാത്യു,സിന്ധു അനിൽ,സി ഡി എസ് ചെയർപേഴ്സൺ പൊന്നമ്മ ശശി അൻസാരി എസ് അസീസ്, സജി അലക്സൻഡർ,കുഞ്ഞുമോൻ കെങ്കിരേത്, കെ കെ ഗോപാലൻ,അബ്ദുൽ വഹാബ് എസ് തുടങ്ങിയവർ സംസാരിച്ചു