Trending Now

എലിയും പത്തനംതിട്ട ജില്ലയില്‍ പണി തരും : ജാഗ്രത പുലര്‍ത്തണം

 

konnivartha.com : ജില്ലയില്‍ എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിന്‍ കഴിക്കണം.

 

എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ, കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണുക്കള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.

രോഗസാധ്യത കൂടുതലുള്ളവര്‍

പാടത്തും പറമ്പിലും കൃഷിപ്പണിയിലേര്‍പ്പെടുന്ന കര്‍ഷകര്‍.
കൈതച്ചക്ക തോട്ടത്തില്‍ പണിയെടുക്കുന്നവര്‍.
ക്ഷീരകര്‍ഷകര്‍.
കെട്ടിടനിര്‍മാണ തൊഴിലാളികള്‍.
അഴുക്കുചാല്‍ പണികള്‍ ചെയ്യുന്നവര്‍.
മീന്‍പിടുത്തക്കാര്‍.
മലിനമായ നദികളിലും കുളങ്ങളിലും നീന്താന്‍ ഇറങ്ങുന്നവര്‍.
അറവുശാലകളിലെ ജോലിക്കാര്‍.
തൊഴിലുറപ്പ് തൊഴിലാളികള്‍.
വീടും പരിസരവും വൃത്തിയാക്കുന്ന വീട്ടമ്മമാരുടെ ഇടയിലും ഇപ്പോള്‍ എലിപ്പനി കണ്ടുവരുന്നു.

രോഗലക്ഷണങ്ങള്‍

വിറയലോടു കൂടിയ പനി, ശക്തമായ പേശിവേദന പ്രധാനമായും കാല്‍വണ്ണയിലെ പേശികളില്‍, തലവേദന, കണ്ണുചുവപ്പ്, മൂത്രത്തിന് മഞ്ഞനിറം.
ശരീര വേദനയും കണ്ണിന് ചുവപ്പുനിറവും ഉണ്ടാകുന്നതാണ് എലിപ്പനിയുടെ ഏറ്റവും പ്രധാന ലക്ഷണം. എലിപ്പനിക്കൊപ്പം മഞ്ഞപ്പിത്തം കൂടി ഉണ്ടായാല്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നടുവേദന മാത്രമായും ചിലരില്‍ രോഗലക്ഷണങ്ങളില്ലാതെയും ഇപ്പോള്‍ എലിപ്പനി കണ്ടുവരുന്നുണ്ട്.
പ്രായമായവര്‍, മറ്റ് രോഗങ്ങളുള്ളവര്‍, മദ്യപിക്കുന്നവര്‍, ചികിത്സ ആരംഭിക്കാന്‍ വൈകുന്നവര്‍ തുടങ്ങിയവരില്‍ രോഗം ഗുരുതരമാകാന്‍ ഇടയുണ്ട്.

 

 

എലിപ്പനി പ്രതിരോധം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വ്യക്തിശുചിത്വം പാലിക്കുക
പരിസരം വൃത്തിയായി സൂക്ഷിക്കുക
കെട്ടിക്കിടക്കുന്ന വെള്ളവുമായുള്ള സമ്പര്‍ക്കം കഴിവതും ഒഴിവാക്കുക.
മലിനമായ ജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക. വെള്ളത്തിലിറങ്ങിയാല്‍ കൈയും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
എലിപ്പനി പ്രതിരോധത്തിനായി മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്സോസൈക്ലിന്‍ ഗുളിക 200 എംജി (100 മില്ലി ഗ്രാമിന്റെ രണ്ടു ഗുളിക) കഴിച്ചിരിക്കേണ്ടതാണ്.
എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങളായ പനി, പേശിവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സ തുടങ്ങിയാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമാണിത്. അതിനാല്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണം. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.
ജില്ലയില്‍ ഈവര്‍ഷം ഇതുവരെ 98 സ്ഥിരീകരിച്ച എലിപ്പനി കേസുകളും 16 സംശയാസ്പദ എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ഥിരീകരിച്ച നാല് മരണങ്ങളും സംശയാസ്പദമായിട്ടുള്ള രണ്ട് മരണങ്ങളും ഉണ്ടായിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ഏതു പനിയും എലിപ്പനിയാകാമെന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഡിഎംഒ അറിയിച്ചു.