Trending Now

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സ്വകാര്യ ആംബുലൻസുകൾക്ക് നിയന്ത്രണമേർപ്പെടുത്തും : എച്ച്.എം.സി

 

konnivartha.com : പൊതുജന താൽപര്യം പരിഗണിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സ്വകാര്യ ആംബുലൻസുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണമേർപ്പെടുത്താൻ ഇന്നു ചേർന്ന ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി തീരുമാനിച്ചു.

എച്ച്.എം സിയുടെ നിയന്ത്രണത്തിൽ 5 ആംബുലൻസുകളാണ് സേവനം നൽകി വരുന്നത്. ഇതിൽ രണ്ട് 108 ആംബുലൻസുകൾ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് സൗജന്യമായാണ് സേവനം നൽകുന്നത്. മറ്റ് മൂന്ന് ആംബുലൻസുകൾ സൗജന്യ നിരക്കിൽ പ്രവർത്തിക്കുന്നു.

 

കോട്ടയം മെഡിക്കൽ കോളേജിലേക്ക് രോഗികളെ എത്തിക്കുന്നതിന് സൗജന്യ നിരക്കിൽ സേവനം നൽകുന്ന ആംബുലൻസുകൾ 1600 മുതൽ 2200 രൂപ വരെ ഈടാക്കുമ്പോൾ സ്വകാര്യ ആംബുലൻസുകൾ നാലായിരം രൂപയ്ക്ക് മുകളിലാണ് ചാർജ്ജ് ഈടാക്കുന്നത്.

ജനറൽ ആശുപത്രി വളപ്പിൽ 5 ആംബുലൻസുകളുടെയും സേവനം 24 മണിക്കൂറും ലഭ്യമാണ്. സർക്കാർ ആംബുലൻസുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാത്ത രോഗികളെയും, ബന്ധുക്കളെയും ചില ജീവനക്കാരുടെ സഹായത്തോടെ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ ചൂഷണം ചെയ്യുകയാണെന്ന് എച്ച്.എം.സി യിൽ വിമർശനമുയർന്നു.

ആശുപത്രി വളപ്പിനോട് ചേർന്നുള്ള സ്ഥലത്താണ് സ്വകാര്യ ആംബുലൻസുകൾ പാർക്ക് ചെയ്യുന്നത്. രോഗികളെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുമ്പോൾ തന്നെ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ ആശുപത്രിയിലേക്കെത്തി ചില ജീവനക്കാരുടെ സഹായത്തോടെ രോഗികളുടെ ബന്ധുക്കളെ ക്യാൻവാസ് ചെയ്ത് ഓട്ടം തരപ്പെടുത്തുന്ന രീതിയാണുള്ളത്. എച്ച്.എം.സി ചെയർമാൻ കൂടിയായ നഗരസഭാ അധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈന് പരാതി ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്ച രാത്രിയിൽ നഗരസഭാ ചെയർമാൻ ജനറൽ ആശുപത്രിയിലെത്തി മുന്നറിയിപ്പില്ലാതെ പരിശോധന നടത്തി. ലോഗ് ബുക്കുകളും, മൂവ്മെൻറ് രജിസ്റ്ററുകളും നഗരസഭാ ചെയർമാൻ പരിശോധിച്ചു.

മൂവ്മെന്റ് രജിസ്റ്റർ ഫെബ്രുവരി മാസത്തിനുശേഷം എഴുതിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളേജിലേക്ക് ജനറൽ ആശുപത്രിയിൽ നിന്ന് മെയ് മാസം അഞ്ചാം തീയതി റഫർ ചെയ്ത ഒട്ടുമിക്ക രോഗികളെയും സ്വകാര്യ ആംബുലൻസ് സേവനം ഉപയോഗിച്ചാണ് കൊണ്ടുപോയതെന്നും പരിശോധനയിൽ വ്യക്തമായി. ഇതേതുടർന്നാണ് ഇന്ന് ചേർന്ന എച്ച്.എം.സി യോഗം വിഷയം ഗൗരവമായി ചർച്ച ചെയ്തത്.

ആശുപത്രി വളപ്പിനോട് ചേർന്ന് സ്വകാര്യ ആംബുലൻസുകൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ പോലീസ്, വാഹന വകുപ്പുകൾക്ക് കത്ത് നൽകാൻ എച്ച്.എം.സി യോഗം തീരുമാനിച്ചു. എച്ച്.എം.സി യുടെ ചുമതലയിലുള്ള ആംബുലൻസുകളുടെസേവനം മതിയാകാതെ വന്നാൽ മാത്രം സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കണമെന്നും അതിനുള്ള പൂർണ്ണമായ ഉത്തരവാദിത്വം അത്യാഹിതവിഭാഗത്തിൽ ചുമതലയുള്ള ജീവനക്കാർക്ക് ആയിരിക്കുമെന്നും എച്ച്.എം.സി തീരുമാനമെടുത്തു.

ജനറൽ ആശുപത്രി വളപ്പിൽ കോഫി വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കുന്നതിനും പുതിയ ക്യാന്റീൻ പ്രവർത്തനമാരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. എച്ച്.എം.സി ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ സബ് കമ്മിറ്റിയെ നിയോഗിച്ചു. താൽക്കാലിക ജീവനക്കാരുടെ ഇ.എസ്.ഐ തുക എച്ച്.എം.സി ഫണ്ടിൽനിന്ന് ഒടുക്കു വരുത്തുന്നതിനും യോഗം തീരുമാനിച്ചു.

നഗരസഭ അധ്യക്ഷൻ അഡ്വ. ടി സക്കീർ ഹുസൈൻ എച്ച്.എം.സി യോഗത്തിൽ അധ്യക്ഷത വഹിച്ചു.ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പനയ്ക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. എച്ച്.എം.സി അംഗങ്ങളായ ജെറി അലക്സ്, ആമിന ഹൈദരാലി, ഇന്ദിരാമണിയമ്മ, സിന്ധു അനിൽ, പി.കെ.ജേക്കബ്, അമൃതം ഗോകുലൻ, , സുമേഷ് ഐശ്വര്യ, റെനീസ് മുഹമ്മദ്, വി. ഷാഹുൽ ഹമീദ്, അൻസാരി എസ് അസീസ്, സുമേഷ് ബാബു, ഡോ. ഗംഗാധരൻ പിള്ള, പ്രകാശ്, അഡ്വ.വർഗീസ് മുളയ്ക്കൽ, റിജിൻ, പൊന്നമ്മ ശശി എം.ജെ.രവി,ആർ.എം.ഒ ആശിഷ് മോഹൻ കുമാർ, വാട്ടർ അതോറിറ്റി എഞ്ചിനീയർ, മുനിസിപ്പൽ എഞ്ചിനീയർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.