Trending Now

കലയോട് കൂടുതല്‍ അടുക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജസ്വലരാകാന്‍ കഴിയും: ജില്ലാ കളക്ടര്‍

 

konnivartha.com : ഔദ്യോഗിക തസ്തികകളുടെ ഭാരമില്ലാതെ കലാആസ്വാദകര്‍ എന്ന നിലയില്‍ സ്നേഹം പങ്കിടണമെന്നും, കലയോട് കൂടുതല്‍ അടുക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജസ്വലരാകാനും, സന്തോഷം മറ്റുള്ളവരിലേക്ക് പകരാനും സാധിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.ജില്ലാതല റവന്യൂ കലോത്സവത്തിന്റെ കലാമത്സരങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട സുബല പാര്‍ക്കില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

ജോലിയുടെ സമ്മര്‍ദം ഒഴിവാക്കാനായി മാത്രമാകാതെ എല്ലാവരുടെയും പങ്കാളിത്തം റവന്യു കലോത്സവത്തില്‍ ഉണ്ടാകണം. പുതിയ ഒരു പാട്ടോ നൃത്തമോ പഠിക്കുമ്പോള്‍ അത് നമ്മുടെ ജീവിതത്തെ കൂടുതല്‍ അര്‍ഥ പൂര്‍ണവും ആനന്ദവുമാക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ഉത്സവങ്ങളും ആഘോഷങ്ങളും മനുഷ്യ മനസിനെ ഒന്നിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഉള്ള അവസരമാണിത്. എല്ലാവരും പങ്കാളികള്‍ ആകുന്നതാണ് വലിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വ, ബുധന്‍ ദിവസങ്ങളിലായാണ് കലാമത്സരങ്ങള്‍ നടക്കുന്നത്. ചൊവ്വാഴ്ച പത്ത് ഇനങ്ങളും ബുധനാഴ്ച ഒന്‍പത് ഇനങ്ങളുമാണ് നടക്കുക. ചടങ്ങില്‍ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ്. ടി. ജോര്‍ജ്, ജില്ലാ ലോ ഓഫീസര്‍ ശ്രീകേഷ്, എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, കോഴഞ്ചേരി തഹസില്‍ദാര്‍ എം.ടി. ജയിംസ്, ഹുസൂര്‍ ശിരസ്തദാര്‍ അന്നമ്മ കെ ജോളി തുടങ്ങിയവര്‍ പങ്കെടുത്തു.

ലോ ഓഫീസര്‍ അന്വേഷിച്ച് നടന്ന പാട്ട് പാടിക്കൊടുത്ത് ജില്ലാ കളക്ടര്‍

ജില്ലാ റവന്യു കലോല്‍സവത്തിനിടയില്‍ വൈറലായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ പാട്ട്. ജില്ലാ ലോ ഓഫീസര്‍ ശ്രീകേഷ് ആശംസാ പ്രസംഗത്തിനിടയില്‍ ചെറുപ്പത്തില്‍ ആകാശവാണിയില്‍ കേട്ട ഒരു ലളിതഗാനത്തെ കുറിച്ച് പരാമര്‍ശിച്ചു.

താന്‍ ഒരുപാട് നാള്‍ തേടിയിട്ടും ആ പാട്ട് ആര്‍ക്കും അറിയില്ലെന്നും യൂടൂബില്‍ പോലും ലഭ്യമല്ലെന്നും പറഞ്ഞു. ഇത് കേട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ താമര പൂക്കുന്ന തമിഴകം താണ്ടി ശ്രീ മലയാളത്തില്‍ വന്ന കാറ്റേ എന്ന് തുടങ്ങുന്ന ലളിതഗാനം മൈക്കില്‍ കൂടി പാടി സദസിനെ കൈയിലെടുത്തു.