Trending Now

സ്‌പോര്‍ട്‌സിന്റെ കഥ പറയുന്ന ചിത്രങ്ങളുമായി ഫോട്ടോ വണ്ടി ജില്ലയില്‍ പര്യടനം നടത്തി

തിരുവല്ലയില്‍ മുന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ ഗോള്‍ കീപ്പര്‍ കെ.റ്റി. ചാക്കോ ഉദ്ഘാടനം ചെയ്തു

കേരള ഒളിമ്പിക്സ് ഗെയിംസിന് മുന്നോടിയായി മീഡിയ അക്കാദമി, പത്രപ്രവര്‍ത്തക യൂണിയന്‍, ഒളിമ്പിക് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ പയ്യോളിയില്‍ നിന്ന് ആരംഭിച്ച ഫോട്ടോവണ്ടിക്ക് ജില്ലയില്‍ സ്വീകരണം നല്‍കി. തിരുവല്ലയിലും പത്തനംതിട്ടയിലും പ്രൗഡഗംഭീരമായ സ്വീകരണമാണ് നല്‍കിയത്.

 

 

കായിക കേരളത്തിന് കൈത്താങ്ങാവുന്ന സംസ്ഥാന സര്‍ക്കാരിന്റെ വലിയ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഫോട്ടോ വണ്ടിയുടെ പര്യടനമെന്ന് പത്തനംതിട്ടയില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത നഗരസഭ അധ്യക്ഷന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഒരു രാജ്യത്തിന്റെ സമ്പത്ത് ആ നാടിന്റെ മാനവശേഷിയാണ്. ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും ജീവിതശൈലി രോഗത്തെ ഇല്ലാതാക്കാനും കായികരംഗം വഴിയൊരുക്കുന്നുണ്ട്. പഴയകാലത്തെ കായികതാരങ്ങളുടെ നേട്ടങ്ങള്‍ പുതുതലമുറയ്ക്ക് കാണാന്‍ ഫോട്ടോ വണ്ടിയിലൂടെ അവസരം ഒരുക്കിയതിലൂടെ അവര്‍ക്ക് പ്രചോദനവും ഉത്സാഹവും നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

പത്തനംതിട്ടയില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ്  ബോബി ഏബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍,  ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കെ. പ്രകാശ് ബാബു, സെക്രട്ടറി ആര്‍. പ്രസന്നകുമാര്‍, ഹോക്കി അസോസിയേഷന്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എസ്. ഷീന, ഹോക്കി അസോസിയേഷന്‍ സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ ആര്‍. ഷൈന്‍, ഹോക്കി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അമൃത് സോമരാജന്‍, ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ. ചന്ദ്രശേഖരന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.
തിരുവല്ലയില്‍ കെ. പ്രകാശ്ബാബു, ബിജു കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോട്ടോ വണ്ടിയെ ജില്ലയിലേക്ക് സ്വീകരിച്ചത്. അഡ്വ. മാത്യു. ടി. തോമസ് എംഎല്‍എ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. വര്‍ഗീസ് സി തോമസ്, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, രഞ്ജി കെ ജേക്കബ്, ജിജി വട്ടശേരില്‍, മാത്യു സി ചാലക്കുഴി, എം. സലിം, വര്‍ഗീസ് മാത്യു, സെയിന്‍ ടി വര്‍ഗീസ്, വിനോദ്, ജോയ് പൗലോസ്, മാത്യൂസ് ജേക്കബ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

 

വാദ്യമേളങ്ങളുടെ അകമ്പടിയോടെ പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയ്ക്ക് വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. പത്തനംതിട്ട നഗരസഭ ഓപ്പണ്‍ സ്റ്റേജില്‍ നടന്ന പരിപാടിയില്‍ അടൂര്‍ ഇളമണ്ണൂര്‍ ജയ്ഹിന്ദ് മാര്‍ഷല്‍ ആര്‍ട്സ് ആന്റ് സ്പേര്‍ട്സ്  വിദ്യാലയത്തിലെ കുട്ടികളുടെ കരാട്ടെ പ്രദര്‍ശനം ചടങ്ങിനെ ആകര്‍ഷകമാക്കി. ചന്ദ്രന്‍ പത്തനംതിട്ടയുടെ നേതൃത്വത്തില്‍ പത്ത് വിദ്യാര്‍ഥികളാണ് കരാട്ടെ പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. രേവതി. എസ്. നായരായിരുന്നു കുട്ടികളുടെ ലീഡര്‍. വാഹനത്തിന് അകമ്പടിയായി റോളര്‍ സ്‌കേറ്റിംഗ് വിദ്യാര്‍ഥികളുടെ പ്രകടനവും കണ്ണിഞ്ചിപ്പിക്കുന്നതായിരുന്നു. ഫോട്ടോ വണ്ടിയുടെ സാരഥി കോഴിക്കോട് സ്വദേശി കുഞ്ഞുമുഹമ്മദ് ഈ ജില്ലയിലെ സ്വീകരണത്തില്‍ അതീവ സന്തോഷം പങ്കുവെച്ചു. അദ്ദേഹത്തോടൊപ്പം മറ്റ് രണ്ട് പേരും വാഹനത്തെ അനുഗമിക്കുന്നു.

 

 

കേരളത്തിലെ മികവുറ്റ കായിക താരങ്ങളുടെ സുന്ദര നേട്ടങ്ങളുടെ അപൂര്‍വ നിമിഷങ്ങള്‍ അടങ്ങിയ ഫോട്ടോകളാണ് ഫോട്ടോവണ്ടിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്ക് ഫോട്ടോ വണ്ടിയിലെ ചിത്രങ്ങള്‍ പ്രചോദനാത്മകമാണ്.

 

 

കായിക താരങ്ങളുടെ മികവിന്റെ കൂടി കഥ പറയുന്ന ഓരോ ചിത്രത്തിലും തെളിഞ്ഞുവന്നത് ചരിത്ര നിമിഷങ്ങളാണ്. കായിക കേരളത്തിന്റെ കുലപതിയായ ഗോദവര്‍മ്മ രാജയുടെ ചരിത്രം മുതല്‍ രാജ്യത്തിന്റെ അഭിമാനമായ പി.ടി. ഉഷ മുതല്‍ സജന്‍ പ്രകാശ് വരെ മിന്നി മറയുന്ന ചിത്രങ്ങളില്‍ നിന്നും പ്രചോദനത്തിന്റെ ഉള്‍കാഴ്ച കായിക വിദ്യാര്‍ഥികള്‍ക്ക് സമ്മാനിച്ചായിരുന്നു ഫോട്ടോവണ്ടിയുടെ യാത്ര. 31 കായിക താരങ്ങളുടെ ചരിത്ര നേട്ടങ്ങളാണ് ഫോട്ടോ വണ്ടിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

error: Content is protected !!