Trending Now

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ വനിത ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും സ്റ്റേറ്റ് നിര്‍ഭയ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന് പെണ്‍കുട്ടികള്‍ക്കായി കടമ്പനാട് പഞ്ചായത്ത്, പള്ളിക്കല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ കരാട്ടെ പരിശീലനം നല്‍കുന്നതിന് അംഗീകൃത പരിശീലകര്‍/സംഘടനയില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില , ആറന്‍മുള 689533 എന്ന മേല്‍ വിലാസത്തില്‍ ഏപ്രില്‍ 29 ന് വൈകുന്നേരം അഞ്ച് വരെ ക്വട്ടേഷന്‍ അയക്കാം. ഫോണ്‍. 0468 2319998, 8547907404

ഫയല്‍ അദാലത്ത്
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ 2022 ജനുവരി 31 വരെ അപേക്ഷ നല്‍കി സേവനം ലഭിക്കാത്തവ തീര്‍പ്പാക്കുന്നതിനായി പഞ്ചായത്ത് തല ഫയല്‍ അദാലത്ത് ഏപ്രില്‍ 25 ന് രാവിലെ 11 മുതല്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

വൈബ്രന്റ് ഗ്രാമസഭ
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ദിവസമായ ഏപ്രില്‍ 24 ന് രാവിലെ 11 ന് എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേക ഗ്രാമസഭ ചേരും.

വാഹനീയം അദാലത്ത് ഇന്ന് (23) ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്യും
മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനീയം അദാലത്ത് ഇന്ന് (ഏപ്രില്‍ 23)ന് രാവിലെ 10ന് പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ എന്നിവര്‍ മുഖ്യാതിഥി ആയിരിക്കും.
എംഎല്‍എമാരായ അഡ്വ. മാത്യൂ ടി തോമസ്, അഡ്വ. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണന്‍, നഗരസഭ കൗണ്‍സിലര്‍ കെ.ആര്‍. അജിത് കുമാര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍. അജിത് കുമാര്‍, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോദ് ശങ്കര്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ. മനോജ് കുമാര്‍, പത്തനംതിട്ട ആര്‍ടിഒ എ.കെ. ദിലു, ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.
പരിഹരിക്കപെടാത്ത അപേക്ഷകള്‍ ഒത്തുതീര്‍പ്പാക്കുകയാണ് അദാലത്തിന്റെ പ്രധാന ഉദ്ദേശ്യം. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ മന്ത്രി നേരിട്ട് സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും നല്‍കാനുളള ഒരു അവസരം കൂടിയാണിതെന്നും ആര്‍ടിഒ അറിയിച്ചു.

സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് 25ന് തുടക്കം
പത്തനംതിട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വെക്കേഷന്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. അത്‌ലറ്റിക്സ്, ബാസ്‌കറ്റ്ബോള്‍, വോളിബോള്‍, ഫുട്ബോള്‍, നീന്തല്‍, ഫെന്‍സിംഗ്, യോഗ, ഹോക്കി, സോഫ്റ്റ് ബോള്‍, പഞ്ചഗുസ്തി എന്നീ കായിക ഇനങ്ങളിലാണ് കോച്ചിംഗ് നല്‍കുന്നത്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. പ്രായപരിധി 10 മുതല്‍ 15 വയസ് വരെ. താല്പര്യമുള്ളവര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9961186039.

മത്സ്യകര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അംഗത്വം പുനരാരംഭിച്ചു
മത്സ്യകര്‍ഷകരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ അംഗമാക്കുന്നതിനു വേണ്ടിയുള്ള കാമ്പയിന്‍ ഏപ്രില്‍ 18 മുതല്‍ പുനരാരംഭിച്ചു. കാര്‍ഷിക മേഖലയുടെ സമഗ്രവായ്പ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ദേശീയ തലത്തില്‍ ആരംഭിച്ച പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്. മത്സ്യ കര്‍ഷകര്‍ക്ക് ജൂലൈ 31 വരെ അപേക്ഷ സമര്‍പ്പിച്ച് കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ അംഗമാകാം. ജില്ലയില്‍ 551 മത്സ്യ കര്‍ഷകരെയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുടെ ഗുണഭോക്താക്കളായി ഉദ്ദേശിച്ചിരുന്നത്. ഗുണഭോക്താക്കളുടെ എണ്ണം സമയബന്ധിതമായി പൂര്‍ത്തികരിക്കാനാണ് കാമ്പയിന്‍ പുനരാരംഭിച്ചത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ അംഗമായവര്‍ക്ക് ലോണ്‍ ലഭിക്കാനായുള്ള സ്‌കെയില്‍ ഓഫ് ഫിനാന്‍സ് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നടപ്പിലാക്കും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സാധാരണക്കാരായ കര്‍ഷകര്‍ക്ക് മനസിലാക്കുന്നതിന് വേണ്ടി മലയാളത്തിലേക്ക് തര്‍ജിമ ചെയ്യുന്നതിന് സംവിധാനം ഒരുക്കും. സംശയ ദൂരീകരണത്തിനും മറുപടികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ലാ ഫിഷറീസ് ഓഫീസര്‍ ജെ. ശ്രീകുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സംസ്ഥാനത്ത് ഒരു ലക്ഷവും ജില്ലയിൽ 6000 സംരംഭങ്ങളും തുടങ്ങുന്നു
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിൽ പുതിയ 6000 സംരംഭങ്ങള്‍ തുടങ്ങുന്നു. സംസ്ഥാനത്ത് പുതിയ ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായാണിത്. ഇതുമായി
ബന്ധപ്പെട്ട് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം ചേര്‍ന്നു. 2022-23 സംരംഭക വര്‍ഷമായി ആചരിക്കുന്നതിനും ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള കര്‍മപദ്ധതികളുമായാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. സംരംഭ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് വ്യവസായ വകുപ്പാണ്. 2022 ഏപ്രില്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ഒരുലക്ഷം സംരംഭങ്ങള്‍ പ്രവര്‍ത്തന ക്ഷമമാക്കുക എന്നതാണ് ലക്ഷ്യം. ജില്ലാ തലത്തില്‍ പദ്ധതി അവലോകനം ചെയ്യുന്നതിനൊപ്പം വിവിധ പഞ്ചായത്തുകളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തനം ഓരോ മാസവും പരിശോധിക്കും. കൂടാതെ, ജില്ലാതലത്തില്‍ ഇന്റേണ്‍സിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തുകയെന്നതാണ് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ ചുമതലകള്‍.
  ഓരോ പഞ്ചായത്തിന്റെയും ലഭ്യത അനുസരിച്ച് പദ്ധതികള്‍ തിരഞ്ഞെടുക്കാവുന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്.
വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ബിടെക്ക്/ എംബിഎ യോഗ്യതയുള്ള ഇന്റേണ്‍സിനെ നിയമിച്ച് പരിശീലനം നല്‍കി വരുന്നു. ഓരോ മാസം 12 സംരംഭങ്ങള്‍ക്ക് തുടക്കമിടാന്‍ സംരംഭകരെ പ്രാപ്തരാക്കുന്നതിനൊപ്പം അവര്‍ക്ക് ആവശ്യമായ എല്ലാ കൈതാങ്ങും ചെയ്ത് നല്‍കേണ്ടത് ഇന്റേണ്‍സിന്റെ ചുമതലയാണ്. സംസ്ഥാനത്തൊട്ടാകെ 1100 ഇന്റേണ്‍സിനെയും ജില്ലയില്‍ അറുപത്തിയൊന്ന് പേരെയും പദ്ധതി നിര്‍വഹണത്തിനായി തെരഞ്ഞെടുത്തു.
 യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ആര്‍.രാജലക്ഷ്മി അധ്യക്ഷത വഹിച്ചു.  ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍ കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു.സി.മാത്യു, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങുയവര്‍ പങ്കെടുത്തു.

അടൂര്‍ ടൗണ്‍ ഫുഡ് ഓവര്‍ബ്രിഡ്ജ്
സാധ്യതാ പഠനം നടത്താന്‍ വിദഗ്ധരെത്തി
അടൂര്‍ ടൗണില്‍ ഫുട് ഓവര്‍ബ്രിഡ്ജ് സാധ്യതാ പഠനം നടത്താന്‍ വിദഗ്ധരെത്തി. ഡെപ്യൂട്ടിസ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ നിര്‍ദേശാനുസരണം കഴിഞ്ഞ ബജറ്റില്‍ അഞ്ചരക്കോടി രൂപ ഇതിനായി അനുവദിച്ചിരുന്നു. അതിന്റെ ഭരണാനുമതി ലഭിച്ചിട്ടുള്ളതും അടങ്കല്‍ തുകയുടെ 20 ശതമാനം ഈ പദ്ധതിക്കായി നീക്കിവയ്ക്കുകയും ചെയ്തതുമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരോട് ആലോചന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്ന സ്ഥലം ഏതെന്ന് മനസിലാക്കി അതിനാവശ്യമായ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി ബന്ധപ്പെട്ട ബ്രിഡ്ജസ് വിഭാഗം എന്‍ജിനീയര്‍ക്കൊപ്പം അടൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ഉള്ള സ്ഥലം സന്ദര്‍ശിച്ചു. എത്രയും വേഗം ഡിപിആര്‍ പൂര്‍ത്തിയാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍ദേശവും നല്‍കി. ഡെപ്യൂട്ടി സ്പീക്കര്‍ക്കൊപ്പം അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, വൈസ് ചെയര്‍മാന്‍ ദിവ്യാ റെജി മുഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍ റോണി പാണംതുണ്ടില്‍ എന്നിവരും ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുഭാഷ് കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ജോയി രാജ്, ഓവര്‍സിയര്‍ അജാസ് എന്നിവരും ഉണ്ടായിരുന്നു.
നീണ്ട കാലമായുള്ള അടൂര്‍ നിവാസികളുടെ ആഗ്രഹമാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലൂടെ സാധ്യമാവുന്നത്. അടൂര്‍ ഇരട്ടപാലവും ഉടന്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അടൂര്‍ നഗരഹൃദയത്തിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമുണ്ടാകുമെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

error: Content is protected !!