Trending Now

എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിന്‍ തൊഴില്‍ നേടുന്നതിന് സഹായിക്കും: ഡെപ്യുട്ടി സ്പീക്കര്‍

 

അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ അഭിലാഷങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസൃതമായ ഒരു തൊഴില്‍ നേടുന്നതിന്  എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിന്റെ ഡി ഡബ്ല്യൂ എം എസ് ഡിജിറ്റല്‍  പ്ലാറ്റ്‌ഫോമിലൂടെ സാധ്യമാകുമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു.  കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എച്ച്. സലീന, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ എ.ആര്‍. അജീഷ്‌കുമാര്‍  പത്തനംതിട്ട സി.ഡി.എസ്  ചെയര്‍പേഴ്സണ്‍ പൊന്നമ്മ ശശി, ഡി.ഡി.യു.ജി.കെ.വൈ ജില്ലാ പ്രോഗ്രാം മാനേജര്‍  അനിത കെ. നായര്‍ എന്നിവര്‍ സംസാരിച്ചു. കാമ്പയിന്റെ പ്രവര്‍ത്തനം ജില്ലാ തലത്തില്‍ ഏറ്റെടുത്തു നടത്തുന്നതിനും പരിശീലനം നല്‍കുന്നതിനും  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കണ്ടെത്തിയ മാസ്റ്റര്‍  പരിശീലകര്‍ക്ക് ഏകദിന പരിശീലനം നല്‍കി.

 

എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീയും കേരള നോളജ് ഇക്കണോമി മിഷനും സംയുക്തമായി വിപുലമായ പരിപാടി സംസ്ഥാനത്ത് നടപ്പാക്കി വരുകയാണ്.  കേരളത്തിലെ ഓരോ വീടുകളും കേന്ദ്രീകരിച്ച് 18 മുതല്‍ 59 വയസു വരെ പ്രായപരിധിയിലുള്ള അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുടെ വിവരങ്ങള്‍ വീടുകള്‍ തോറും ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി സര്‍വേ നടത്തി ശേഖരിക്കും.