Trending Now

നായ ശല്യം കാരണം കയ്യിൽകരുതിയ കമ്പിവടി കണ്ട് തെറ്റിദ്ധരിച്ച് ആക്രമണം : അടിയേറ്റ ഗൃഹനാഥൻ മരിച്ചു

 

പത്തനംതിട്ട : പ്രദേശത്തെ നായ്ശല്യം കാരണം കയ്യിൽ കരുതിയ കമ്പിവടി കണ്ട് തന്നെ ആക്രമിക്കാനാണെന്ന് തെറ്റിദ്ധരിച്ച്, ആക്രമിച്ചതിനെ തുടർന്ന് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. എരുമക്കാട് കളരിക്കോട് സ്വദേശി സജി (46) ആണ് കൊല്ലപ്പെട്ടത്.

 

സംഭവത്തിൽ പ്രതിയായ അയൽവാസി ഇടയാറന്മുള കളരിക്കോട് വടക്കേതിൽ റോബിൻ എബ്രഹാം (26) ആറന്മുള പോലീസിന്റെ പിടിയിലായി. ഇന്നലെ (18.04.2022) രാത്രി
എട്ടുമണിക്ക് കളരിക്കോട് പരുത്തുംപാറയിലാണ് സംഭവം. നായകളുടെ ശല്യം കാരണം കയ്യിൽ കമ്പിവടിയുമായി നിന്ന പരുത്തുംപാറ വടക്കേചരുവിൽ സന്തോഷിനൊപ്പം നിൽക്കുകയായിരുന്നു കൊല്ലപ്പെട്ട സജി. തന്നെ ആക്രമിക്കാൻ വന്നതാണോ എന്ന് ചോദിച്ച് അസഭ്യം വിളിച്ചുകൊണ്ടു പ്രതി സജിയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന്, സജിയെ മർദ്ദിക്കുന്നത് കണ്ട് തടസ്സം പിടിച്ച സന്തോഷിന്റെ കയ്യിലിരുന്ന കമ്പിവടി പിടിച്ചുവാങ്ങി പ്രതി സജിയുടെ തലക്കടിച്ചു.

 

 

താഴെവീണപ്പോൾ പലതവണ തലയിൽ തന്നെ അടിക്കുകയും, രക്ഷപ്പെടുത്താനായി സജിയുടെ മുകളിൽ കമഴ്ന്നുകിടന്ന് യാചിച്ച സന്തോഷിനെ മർദ്ദിക്കുകയും ചെയ്തു. അടിയിൽ സന്തോഷിന്റെ വലതുകൈക്കും വലത് വാരിയെല്ലിന്റെ അസ്ഥിക്കും പൊട്ടൽ സംഭവിച്ചു. ഇരുവരെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ സജിയെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് (19.04.2022) പുലർച്ചെ 1.15 ന് സജി മരിച്ചു.

 

ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS ന്റെ നിർദേശാനുസരണം അന്വേഷണം വ്യാപിപ്പിച്ച പോലീസ് രാത്രിതന്നെ റോബിൻ എബ്രഹാമിനെ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ഡി വൈ എസ് പി കെ സജീവിന്റെ മേൽനോട്ടത്തിൽ തിരച്ചിൽ നടത്തിയ പോലീസ് സംഘം പിടികൂടുകയായിടുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. കമ്പിവടി കയ്യിൽ കരുതിയത് സംബന്ധിച്ചും മറ്റും വിശദമായ അന്വേഷണമുണ്ടാവും. അന്വേഷണസംഘത്തിൽ ആറന്മുള എസ് എച്ച് ഓ രാഹുൽ രവീന്ദ്രൻ, എസ് ഐ മാരായ രാകേഷ് എം ആർ, അനിരുദ്ധൻ,
എ എസ് ഐമാരായ സനിൽ,വിനോദ് പി മധു, എസ് സി പി ഓ ജോബിൻ ജോർജ്ജ്,സി പി ഓ മാരായ ജിതിൻ, ഹരിശങ്കർ എന്നിവരാണ് ഉണ്ടായിരുന്നത്.