Trending Now

കാട് പൂത്തു :മല ദൈവത്തിന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു

 

പത്തനംതിട്ട (കോന്നി ): 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു.

പൂതം കൊല്ലിയും കാരകനും ചിന്നകനും ശ്യാലിതയും മയിലയും നെൻമേകി വാകയും കാട്ടു ചമ്പകവും കാട്ടു മുല്ലയും നീർക്കുര മുണ്ടയും എരുമ നാക്കുമടക്കമുള്ള അപൂർവ്വ വന സസ്യങ്ങളുടെ പൂക്കൾ കൊണ്ടുള്ള വിഷുക്കണി ദർശനത്തോടെ പത്തു ദിന മഹോത്സവത്തിന് ആർപ്പുവിളി ഉയരും.

ഒന്നാം തിരു ഉത്സവ ദിനമായ ഏപ്രിൽ 14 ന് രാവിലെ 4 മണി മുതൽ മലയുണർത്തൽ,കാവ് ഉണർത്തൽ, കാവ് ആചാരത്തോടെ 41 തൃപ്പടി പൂജ, താംബൂല സമർപ്പണം, നവാഭിഷേകം, തിരു മുന്നിൽ പറയിടീൽ, നാണയപ്പറ, മഞ്ഞൾപ്പറ,അൻപൊലി,താമരപ്പറ, രാവിലെ 7 മണിയ്ക്ക് പത്താമുദയ മഹോത്സവത്തിന് ആരംഭം കുറിച്ച് കൊണ്ടുള്ള മലയ്ക്ക് കരിക്ക് പടേനി,999 മലക്കൊടി എഴുന്നെള്ളത്ത്.

8.30 മുതൽ വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ, അന്നദാനം, കല്ലേലി കൗള ഗണപതി പൂജ, ഹരി നാരായണ പൂജ,11.30 ന് ഊട്ട് പൂജ, വൈകിട്ട് 6.30 മുതൽ ദീപ നമസ്ക്കാരം, ദീപ കാഴ്ച, ചെണ്ട മേളം, രാത്രി 8 മുതൽ ചരിത്ര പ്രസിദ്ധമായ കുംഭ പാട്ട്.

രണ്ടാം മഹോത്സവ ദിനമായ ഏപ്രിൽ 15 ന് രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാട്ട് പൂക്കളും പ്രകൃതി വിഭവങ്ങളും ചേർത്തൊരുക്കുന്ന വിഷുക്കണി ദർശനവും വിഷു കൈ നീട്ടവും.

രണ്ടാം മഹോത്സവം മുതൽ ഒൻപതാം ഉത്സവം വരെ കാവിലെ ശക്തി ചൈതന്യങ്ങളായ വടക്കൻ ചേരി വല്യച്ഛൻ, മൂർത്തി, പാണ്ടി ഊരാളി അപ്പൂപ്പൻ, കൊച്ചു കുഞ്ഞ് അറു കല, കുട്ടിച്ചാത്തൻ, യക്ഷി അമ്മ, ഭാരത പൂങ്കുറവൻ അപ്പൂപ്പൻ പൂങ്കുറത്തി അമ്മൂമ്മ, ഹരി നാരായണൻ, വന ദുർഗ്ഗ , പരാശക്തി അമ്മ എന്നീ ഉപ സ്വരൂപ പീഠങ്ങളിൽ പ്രത്യേക പൂജകൾ സമർപ്പിക്കും.നിത്യവും വൈകിട്ട് 6.30 ന് 41 തൃപ്പടി പൂജയും ദീപ നമസ്കാരം ദീപ കാഴ്ച എന്നിവ ഒരുക്കും.

ഒൻപതാം തിരു ഉത്സവ ദിനമായ ഏപ്രിൽ 22 ന് രാവിലെ നാല് മണിയ്ക്ക് മല ഉണർത്തൽ, കാവ് ഉണർത്തൽ താംബൂല സമർപ്പണം,പതിവ് ഉത്സവ പൂജകള്‍ക്ക് പുറമേ രാത്രി 7 മണി മുതല്‍ ചരിത്ര പുരാതനമായ കുംഭ പാട്ടും തുടര്‍ന്ന് പംബ്ലി കുമാരി ആര്‍ എം ഇ സെല്‍വിയും സംഘവും അവതരിപ്പിക്കുന്ന കല്ലേലി അപ്പൂപ്പന്‍റെ തമിഴ് ചരിതമായ വില്‍പ്പാട്ട് , രാത്രി 8 മണി മുതല്‍ കോഴഞ്ചേരി ഈസ്റ്റ് ദേവി ഡാന്‍സ് ഗ്രൂപ്പിന്‍റെ നൃത്ത സന്ധ്യ രാത്രി 9 മണി മുതല്‍ തിരുവനന്തപുരം കരിമ്പന ആട്ട കളരിയുടെ നാടന്‍ പാട്ടും ദൃശ്യ ആവിഷ്കാരവും നടക്കും

പത്താമുദയ മഹോത്സവ ദിനമായ മേടം പത്തായ ഏപ്രിൽ 23 ന് രാവിലെ 4 മണി മുതൽ മല ഉണർത്തൽ, കാവ് ഉണർത്തൽ,താംബൂല സമർപ്പണം,999 മലക്കൊടി ദർശനം തുടർന്ന് ആദി ദ്രാവിഡ നാഗ ഗോത്ര ആചാരത്തോടെ ഭൂമി പൂജ, ജല സംരക്ഷണ പൂജ, വൃക്ഷ സംരക്ഷണ പൂജ, സമുദ്ര പൂജയോടെ പത്താമുദയ വലിയ കരിക്ക് പടേനി കളരിയിൽ സമർപ്പിക്കും.

രാവിലെ 8.30 ന് വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ, പുഷ്പാഭിഷേകം, കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പൻ പൂജ രാവിലെ 9 മണി മുതൽ നടക്കുന്ന പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് ജീവകാരുണ്യ പ്രവർത്തക ഡോ എം എസ് സുനിൽ ഭദ്രദീപം തെളിയിക്കും.9.30 മുതൽ സമൂഹ സദ്യ,10.30 മുതൽ കല്ലേലി ആദിത്യ പൊങ്കാല നിവേദ്യവും തുടർന്ന് ഗജ വീരന്മാരായ ചിറക്കര മണികണ്ഠൻ, കോയിപ്പുറത്ത് നീലകണ്ഠൻ എന്നിവർക്ക് ആനയൂട്ടും സമർപ്പിക്കും.

രാവിലെ 11 മണിയ്ക്ക് മത സാംസ്കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന സാംസ്കാരിക സദസ്സിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കും.ഊരാളി സംഗമം, ജീവകാരുണ്യ പദ്ധതി,പത്താമുദയ ജന്മ വാർഷിക സംഗമം, ഗോത്ര സംഗമം, മത മൈത്രി സംഗമം വിശേഷാൽ പൂജകൾ എന്നിവയുടെ ഉത്ഘാടനം അഡ്വ അടൂർ പ്രകാശ് എം പി, ആന്റോ ആന്റണി എംപി, കൊടിക്കുന്നിൽ സുരേഷ് എം പി,എം എൽ എമാരായ അഡ്വ ജനീഷ് കുമാർ, അഡ്വ പ്രമോദ് നാരായൺ, സി ആർ മഹേഷ്‌, കോവൂർ കുഞ്ഞുമോൻ, ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ റോബിൻ പീറ്റർ,ജിജോ മോഡി, അജോമോൻ വി റ്റി, പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ സക്കീർ ഹുസൈൻ,കോന്നി ബ്ലോക്ക്‌ പ്രസിഡന്റ് ജിജി സജി,പഞ്ചായത്ത്‌ പ്രസിഡന്റുമാരായ സുലേഖ വി നായർ, കെ എ കുട്ടപ്പൻ, നവനീത്, ആർ മോഹനൻ നായർ, റ്റി വി പുഷ്പ വല്ലി, രേഷ്മ മറിയം റോയ്, വിവിധ ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, ബി ജെ പി ജില്ലാ പ്രസിഡന്റ് വി എ സൂരജ് എന്നിവർ ചേർന്ന് നിർവ്വഹിക്കും.

11.30 ന് ഊട്ട് പൂജ,ഉച്ചയ്ക്ക് രണ്ട് മുതൽ തിരു മുന്നിൽ എഴുന്നെള്ളത്ത് വൈകിട്ട് 6 മണി മുതൽ 41 തൃപ്പടി പൂജ തുടർന്ന് പുണ്യ നദി അച്ചൻ കോവിലാറ്റിൽ കല്ലേലി വിളക്ക് തെളിയിക്കൽ ദീപ നമസ്കാരം ദീപ കാഴ്ച ചെണ്ടമേളം പത്താമുദയ ഊട്ടോടെ ചരിത്ര പുരാതനമായ കുംഭ പാട്ട്, രാത്രി 9 മണി മുതൽ ദ്രാവിഡ കലകളായ ഭാരതക്കളി, പടയണിക്കളി, തലയാട്ടം കളി, കമ്പ് കളി, പാട്ടും കളിയും എന്നിവ കോവിഡ് മാനദണ്ഡം പാലിച്ചു നടക്കുമെന്ന് കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അറിയിച്ചു.