KONNI VARTHA.COM : അപ്രതീക്ഷിതമായി ഒരു രാത്രിയാത്രയിൽ ഉണ്ടാവുന്ന അനിശ്ചിതത്തവും ,തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമായി ,പ്രേക്ഷകർക്ക് ഞെട്ടിക്കുന്ന അനുഭവങ്ങൾ പകർന്നു നൽകുന്ന അതേഴ്സ് എന്ന സിനിമ, അവസാനഘട്ട ജോലികളും കഴിഞ്ഞ്, റിലീസിന് തയ്യാറെടുക്കുന്നു.വൈഡ് സ്ക്രീനിൻ്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രം, നടനും, മോഡലുമായ ശ്രീകാന്ത് ശ്രീധരൻ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു.
ട്രാൻസ്‍ജിൻഡർ കമ്മ്യുണിറ്റിക്കെതിരെ ഇനിയും ഉറക്കം നടിക്കുന്ന നമ്മുടെ സമൂഹത്തിന് നേരെയുള്ള ഒട്ടനവധി ചോദ്യങ്ങളും ,അതിലുപരി അതിനൊക്കെയുള്ള ഉത്തരങ്ങളും നൽകുകയാണ് അതേഴ്സ് എന്ന സിനിമയിലെ ഇതിവൃത്തത്തിലൂടെ സംവിധായകൻ ശ്രീകാന്ത് ശ്രീധരൻ.
സവർണ്ണ മുതലാളിത്ത ,യാഥാസ്ഥിതിക ജീവിതരീതി അനുസരിച്ച് ജീവിക്കുന്ന അക്ഷയ് മേനോൻ എന്ന യുവ ഡോക്ടറുടെ ഒരു രാത്രിയാത്രയിൽ, തികച്ചും യാദൃശ്ചികമായി ഉണ്ടാകുന്ന സംഭവ വികാസങ്ങളും ,അതിൽ ഭാഗവാക്കാവുന്ന ഇന്നത്തെ സമൂഹത്തിൻ്റെയും കഥയാണ് ചിത്രത്തിൽ കടന്നു വരുന്നത്.
നഗരത്തിലെ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിലെ, പ്രമുഖ ഡോക്ടറാണ് അക്ഷയ് മേനോൻ. ഡോക്ടറാവാൻ പഠിച്ചിരുന്ന അക്ഷയും നേഴ്‌സിങ് പഠിച്ചിരുന്ന പൂജയും നീണ്ട കാലത്തെ പ്രണയത്തിന് ശേഷം പരസ്പരം വിവാഹിതരായി.വെറും എം.ബി.ബി എസ് കാരനായ അക്ഷയ് മേനോൻ , തുടർന്ന് പഠിക്കാനുള്ള ആവശ്യങ്ങൾക്കായി ഭാര്യ പൂജയെ നേഴ്‌സിങ് ജോലിക്കായി വിദേശത്തേക്ക് പറഞ്ഞയക്കുന്നു.തന്റെ ഉയർന്ന ഡിഗ്രി പഠനത്തിന് ശേഷം, ഭാഗ്യം കൂടി കൂട്ടിനെത്തിയപ്പോൾ ഡോക്ടർ അക്ഷയ് മേനോൻ നഗരത്തിലെ അറിയപ്പെടുന്ന ഡോക്ടറായി മാറി. അതോടെ തന്റെ ഭാര്യ നേഴ്‌സിംഗ് ജോലി ചെയ്യുന്നതിൽ അതൃപ്തി തോന്നി തുടങ്ങിയ അക്ഷയ്, ഭാര്യയോട് അവിടത്തെ ജോലി മതിയാക്കി നാട്ടിൽ വരാൻ പറയുന്നു. പക്ഷേ, സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ ആഗ്രഹിക്കുന്ന പൂജക്ക് ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന കാര്യമായിരുന്നില്ല.അവർ അക്ഷയിനോട് തന്നോടൊപ്പം വിദേശത്തേക്ക് പോരാൻ ആവശ്യപ്പെടുകയും ചെയ്തു.
നാട്ടിൽ വെക്കേഷനെത്തിയ ഭാര്യയോട് അക്ഷയ് വീണ്ടും തൻ്റെ ആവശ്യം ആവർത്തിക്കുന്നു . ഇതിന്റെ പേരിൽ ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇതെല്ലാം അവഗണിച്ച്, പൂജ വീണ്ടും വിദേശത്തേക്ക് മടങ്ങാൻ തീരുമാനിച്ചു.മനസില്ലാമനസ്സോടെ ഭാര്യയെ എയർപ്പോർട്ടിൽ യാത്രയാക്കിയ ശേഷം അക്ഷയ് തന്റെ ഫ്ലാറ്റിലേക്ക് മടങ്ങുമ്പോഴാണ്, രാത്രിയിരുട്ടിൽ നിൽക്കുന്ന സുന്ദരിയായ സ്ത്രീയെ കാണുന്നത് . തനിച്ച് നിൽക്കുന്ന പെണ്ണിനെ കണ്ടപ്പോൾ, ആണധികാരത്തിന്റെ കാമ ചിന്ത അക്ഷയിൽ മുളപൊട്ടുകയും ,വണ്ടി യുവതിയുടെ അടുത്ത് അടുപ്പിക്കുകയും, ഏത് വഴിയാണ് പോകേണ്ടത് എന്ന് അന്വേഷിക്കുകയും ,രാത്രി ഇവിടം സുരക്ഷിതമല്ല എന്ന് പറയുകയും ചെയ്യുന്നു.
അവൾക്ക് പോകേണ്ട വഴി അല്ല അയാൾക്ക് പോകേണ്ടത് എങ്കിലും ,താനും ആ വഴിയാണെന്ന് നുണ പറഞ്ഞ് അവളെ തന്റെ വണ്ടിയിൽ കയറ്റുന്നു .അവരുടെ രാത്രി യാത്ര തുടങ്ങുന്നു. പണത്തിന്റെയും സ്വാധീനത്തിന്റെയും ഹുങ്ക് ,ഒരു ചില്ല് കൊട്ടാരം പോലെ തകർന്ന് വീഴുന്ന നാളുകളാണ് വരാൻ പോകുന്നതെന്ന്, ആ യാത്ര തുടങ്ങുമ്പോൾ ഡോ അക്ഷയ് മേനോൻ അറിഞ്ഞിരുന്നില്ല!
ഇതുവരെ മലയാള സിനിമ അവതരിപ്പിക്കാത്ത, അതിശക്തമായ ട്രാൻസ് ജിൻഡർ കമ്യൂണിറ്റിയുടെ രാഷ്ട്രീയം പറയുന്ന ഈ സിനിമയിൽ, അഞ്ചോളം ട്രാൻസ് ജിൻഡേഴ്‌സ് പ്രധാന വേഷങ്ങളിൽ എത്തുന്നു എന്നത് ഒരു പ്രത്യേകതയാണ്.പ്രശസ്ത സംവിധായകൻ ജയരാജിൻ്റെ അവൾ എന്ന ചിത്രമുൾപ്പടെ ആറോളം സിനിമകൾ നിർമ്മിച്ച ഡോ.മനോജ് ഗോവിന്ദന്റെ നിർമ്മാണം പൂർത്തീകരിച്ച ചിത്രമാണ് അതേഴ്‌സ്.
സെക്കൻഡ് ഷോ,ഇമ്മാനുവൽ എന്നീ സിനിമകളിലൂടെ അഭിനയ രംഗത്തെത്തുകയും, ഈ വർഷം പുറത്തിറങ്ങിയ ആർ.ജെ മഡോണ എന്ന സിനിമയിലും, പപ്പ എന്ന ചിത്രത്തിലും, നായക വേഷം കൈകാര്യം ചെയ്യുകയും ചെയ്ത അനിൽ ആന്റോ ഈ സിനിമയിൽ മുഖ്യമായൊരു വേഷം അവതരിപ്പിക്കുന്നു.
വൈഡ് സ്ക്രീനിൻ്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന അതേഴ്സ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – ശ്രീകാന്ത് ശ്രീധരൻ നിർവ്വഹിക്കുന്നു.ക്യാമറ – വിപിൻ ചന്ദ്രൻ ,സംഗീതം – നിഖിൽ രാജൻ, എഡിറ്റർ – നോബിൻ തോമസ്, ഗാനരചന – ഹേമന്ത് രവീന്ദ്രൻ, ആർട്ട് – ജയൻ കോട്ടയ്ക്കൽ, മേക്കപ്പ് – സോണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അരുൺ കേശവൻ,പ്രൊഡക്ഷൻ കൺട്രോളർ-റോജി പി കുര്യൻ, വി.എഫ്.എക്സ് – രൺദിഷ് കൃഷ്ണ, കളറിംഗ് – ആക്ഷൻ ഫ്രെയിംസ് മീഡിയ, ശബ്ദമിശ്രണം – കരുൺ പ്രസാദ്, പബ്ളിസിറ്റി – സവീഷ് അലൂർ, പി.ആർ.ഒ- അയ്മനം സാജൻ.
അനിൽ ആൻ്റോ ,റിയ ഇഷ, നിഷ മാത്യു, കെസിയ, ആർ.ജെ.രഘു, ഗോപു പട വീടൻ, ആനന്ദ് ബാൽ എന്നിവരോടൊപ്പം മുൻ കോഴിക്കോട് കലക്ടർ പ്രശാന്ത് ബ്രോയും ,ട്രാൻസ്ജെൻ്റേഴ്സും അഭിനയിക്കുന്നു.