
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട (Jesna case) കേസിൽ നോട്ടീസ് പുറത്തുവിട്ട് സിബിഐ(CBI). 2018 മാർച്ച് മുതലാണ് പത്തനംതിട്ടയിൽ നിന്നും ജസ്നയെ(23) കാണാതാകുന്നത്. കേസിലേക്ക് സഹായകരമായ വിവരങ്ങൾ എന്തെങ്കിലും ലഭിച്ചാൽ അറിയിക്കണമെന്നും വിവരങ്ങൾ നൽകുന്നവരെ കുറിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സിബിഐ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.
ജസ്നയെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങളും വിവരങ്ങളും അടക്കമാണ് നോട്ടീസ്.2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയയെ കാണാതാകുന്നത്. കാണാതായി നാല് വർഷം പിന്നിടുമ്പോഴും ജസ്നയെ കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർഥിനിയായിരുന്നു ജസ്ന. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജസ്നയെ പിന്നീട് കണ്ടിട്ടില്ല.