Trending Now

പത്തനംതിട്ട ജില്ലയിൽ കഞ്ചാവ് വേട്ട തുടരുന്നു, 8 കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ

 

konnivartha.com  : പത്തനംതിട്ട   ജില്ലയിൽ പോലീസിന്റെ നേതൃത്വത്തിൽ  കഞ്ചാവ് വേട്ട തുടരുന്നു. ജില്ലാ ആന്റി നർകോട്ടിക്സ് ടീമിന്റെ ഊർജ്ജിതമായ പ്രവർത്തനത്തിലൂടെ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ കഴിയുന്നതായും,
ലോക്കൽ പോലീസിന്റെ സേവനം ഉറപ്പാക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS പറഞ്ഞു. ഇന്നലെ (30.03.2022) രാവിലെ തിരുവല്ല റെയിൽവേ സ്റ്റേഷനുമുന്നിൽ നിന്നും 8.329 കിലോഗ്രാം കഞ്ചാവുമായി പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ യുവാവിനെ പിടികൂടിയതാണ് ഒടുവിലെ സംഭവം.

വളഞ്ചുഴി മുസ്ലിം പള്ളിക്ക് സമീപം മുരുപ്പെൽ പുത്തൻവീട്ടിൽ മുഹമ്മദാലിയുടെ മകൻ സഫദ് മോൻ (26) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം ഡാൻസാഫ് സംഘത്തെ അറിയിച്ചതുപ്രകാരം, അതിരാവിലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തമ്പടിച്ച
പോലീസുദ്യോഗസ്ഥർ ഇയാളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

റെയിൽവേ സ്റ്റേഷൻ റോഡിനു മുൻവശം നീല ജീൻസും ഓവർകോട്ടും ധരിച്ച്, ഷോൾഡർ
ബാഗിൽ കഞ്ചാവുമായി നിൽക്കുകയായിരുന്നു യുവാവ്.പ്രീ പെയ്ഡ് ആട്ടോ ടാക്സി കൌണ്ടറിന് പിന്നിൽ നിന്നപ്രതിയെ പോലീസ് സംഘം രക്ഷപ്പെടാൻ പഴുതു കൊടുക്കാതെ വളഞ്ഞു പിടിക്കുകയായിരുന്നു. രണ്ടു വർഷമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ്
കടത്തിക്കൊണ്ടുവരുന്ന പ്രതി ആദ്യമായാണ് പോലീസ് പിടിയിലാകുന്നത്. ആന്ധ്രയിൽ നിന്നാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്.

ബാഗിൽ പ്ലാസ്സ്റ്റിക് ടേപ്പ് ചുറ്റിയ രണ്ട് പാക്കറ്റുകളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.ആർ ഡി ഓ കെ ചന്ദ്രശേഖരൻ പിള്ളയുടെ സാന്നിധ്യത്തിൽ തിരുവല്ല എസ് ഐ അനീഷ്
എബ്രഹാമിന്റെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിച്ചു. തിരുവല്ല പോലീസ് സ്റ്റേഷനിലെ എസ് ഐ നിത്യാ സത്യൻ ഡാൻസാഫ് സംഘത്തിലെ എസ് ഐ വിത്സൻ, എ എസ് ഐ അജികുമാർ, ഡാൻസാഫ് ടീമിലെയും പോലീസ് സ്റ്റേഷനിലെയും പോലീസുദ്യോഗസ്ഥരായ
ജയകുമാർ, വിഷ്ണു, ഹരിദാസ്, സുജിത്, മിഥുൻജോസ്, അഖിൽ, ശ്രീരാജ്, ബിനു, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.