Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (26-3-22 )

 

പത്തനംതിട്ട ജില്ല
കോവിഡ് 19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍
തീയതി .26.03.2022

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇതുവരെ ആകെ 266035 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ഇന്ന് 38 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 263608 ആണ്. പത്തനംതിട്ട ജില്ലക്കാരായ 156 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 150 പേര്‍ ജില്ലയിലും, ആറു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 914 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

 

മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം:
എന്റെ കേരളം പ്രദര്‍ശന – വിപണനമേള
മെയ് രണ്ട് മുതല്‍ എട്ടു വരെ പത്തനംതിട്ടയില്‍

സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് രണ്ട് മുതല്‍ എട്ടു വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എന്റെ കേരളം എന്ന പേരില്‍ പ്രദര്‍ശന- വിപണനമേള സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വാര്‍ഷികത്തിന്റെ ജില്ലാതലസംഘാടകസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 25ന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ മുതല്‍ നഗരസഭ ബസ് സ്റ്റാന്‍ഡ് വരെ വിളംബര ജാഥ സംഘടിപ്പിക്കും. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുള്ള സേവനങ്ങളും പദ്ധതികളും കൂടുതല്‍ അനുഭവവേദ്യമാക്കുന്നതിനും തല്‍സമയ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് മേള സംഘടിപ്പിക്കുന്നത്.
നൂറു വിപണന സ്റ്റാളുകളും 50 പ്രദര്‍ശന-സേവന സ്റ്റാളുകളുമാണ് മേളയില്‍ ഉണ്ടാകുക. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും, സാംസ്‌കാരിക പരിപാടികളും ഭക്ഷ്യമേള, കാര്‍ഷിക പ്രദര്‍ശനം, ടെക്‌നോ ഡെമോ തുടങ്ങിയവും ഉണ്ടാകും. ജില്ലയുടെ സവിശേഷതകള്‍ കണക്കിലെടുത്ത് ഓരോ വകുപ്പും സ്റ്റാളുകള്‍ ഒരുക്കണമെന്നും  മന്ത്രി പറഞ്ഞു.
ജനങ്ങളെ ആകര്‍ഷിക്കുന്നതും അവര്‍ക്ക് പ്രയോജനം ലഭ്യമാക്കുന്നതുമായ വിധത്തില്‍ വേണം വകുപ്പുകള്‍ സ്റ്റാളുകളൊരുക്കേണ്ടതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വികസനത്തിന്റേയും സംസ്‌കാരത്തിന്റേയും ഒത്തുചേരലാകണം മേള. അതിനുള്ള മുന്നൊരുക്കങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം കാര്യക്ഷമമായി ഉപയോഗപ്പെടുത്തണമെന്നും എംഎല്‍എ പറഞ്ഞു.
ആരോഗ്യമന്ത്രി വീണാജോര്‍ജ് മുഖ്യരക്ഷാധികാരിയും പ്രസിഡന്റുമായി വാര്‍ഷികാഘോഷ സംഘാടകസമിതി രൂപീകരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ എന്നിവര്‍ രക്ഷാധികാരികളും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചെയര്‍പേഴ്സണും ആയിരിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ് കുമാര്‍ വൈസ് ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ കണ്‍വീനറുമാണ്.  നഗരസഭ അധ്യക്ഷന്മാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്് അധ്യക്ഷന്മാര്‍, ബോര്‍ഡുകളുടെ അധ്യക്ഷന്മാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, നഗരസഭാംഗം, ജില്ലാതല ഉദ്യോഗസ്ഥര്‍, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ അംഗങ്ങളുമാണ്.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ് കുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് അലക്സ് പി തോമസ്, അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്സ് അസോസിയേഷന്‍  പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്സ് അസോസിയേഷന്‍  പ്രസിഡന്റ് പി.എസ്. മോഹനന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

ലേലം
വളളിക്കോട് ഗ്രാമപഞ്ചായത്ത് ഗവ.എല്‍.പി സ്‌കൂളിന്റെ (മായാലില്‍) പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനുളള അവകാശം ഏപ്രില്‍ അഞ്ചിന്  ഉച്ചകഴിഞ്ഞ്  മൂന്നിന് പഞ്ചായത്ത് ഓഫീസില്‍ ലേലം  ചെയ്യും. ഫോണ്‍ : 0468 2350229.

പൊതുതെളിവെടുപ്പ് യോഗം: പുതുക്കിയ തീയതി നിശ്ചയിച്ചു
വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ്, 2022-23 മുതല്‍ 2026-27 വര്‍ഷത്തിലേക്കുള്ള വരവു ചിലവു കണക്കുകളും, വൈദ്യുതി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കുന്നതിനുള്ള അപേക്ഷയിന്മേല്‍ മാര്‍ച്ച് 28നും, മാര്‍ച്ച് 30നും നടത്താനിരുന്ന പൊതു തെളിവെടുപ്പും പണിമുടക്ക് കാരണം  മാറ്റിവച്ചു. ഈ ദിവസങ്ങളിലെ പൊതുതെളിവെടുപ്പ് യഥാക്രമം  ഏപ്രില്‍ 11നും ഏപ്രില്‍ 13നും നടത്തും.
പുതുക്കിയ തെളിവെടുപ്പിന്റെ തീയതിയും, സ്ഥലവും: ഏപ്രില്‍ ഒന്നിന് എറണാകുളത്ത് ടൗണ്‍ ഹാളില്‍  രാവിലെ 11 നും ആറിന്  തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 11 നും 11 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ രാവിലെ 11 നും  13 ന് പാലക്കാട് ജില്ലാ പഞ്ചായത്തിലുള്ള ഇ.എം.എസ് സ്മാരകഹാളില്‍  രാവിലെ 11 നും  നടത്തും.

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍  ലാന്റ് റവന്യൂ വകുപ്പിലെ 19000-43600 രൂപ ശമ്പള നിരക്കിലുള്ള ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഫോര്‍ ഡി.എ ബാക്ക്ലോഗ്) (കാറ്റഗറി നം.413/2016) തസ്തികയിലേക്ക്  16/08/2018 തീയതിയില്‍ നിലവില്‍ വന്ന 590/18/ഡി.ഒ.എച്ച്   നമ്പര്‍ റാങ്ക് പട്ടിക 16/08/2021 അര്‍ദ്ധരാത്രിയോടെ നിശ്ചിത കാലാവധി പൂര്‍ത്തിയായതിനെതുടര്‍ന്ന് 17/08/2021 തീയതി പൂര്‍വ്വാഹ്നം മുതല്‍ റദ്ദായതായി പത്തനംതിട്ട കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍  ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

പ്രൊബേഷന്‍ അവബോധ പരിശീലന പരിപാടി നടത്തി
സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കി വരുന്ന പ്രധാന സാമൂഹ്യ പ്രതിരോധ നിയമമായ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ട് 1958  കാര്യക്ഷമമായും ആധുനികവത്കരിച്ചും ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച പദ്ധതിയാണ് നേര്‍വഴി പദ്ധതി.
നേര്‍വഴി പദ്ധതിയുടെ ഭാഗമായി പ്രൊബേഷന്‍ നിയമം കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി  ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ ജില്ലയിലെ മുഴുവന്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെയും പങ്കെടുപ്പിച്ച്  പ്രൊബേഷന്‍ നിയമം  സംബന്ധിച്ച  കോടതികളുടെ സുപ്രധാനമായ വിധിന്യായങ്ങളുടെ ചര്‍ച്ചയും പ്രൊബേഷന്‍ സേവനങ്ങള്‍ സംബന്ധിച്ചുള്ള  വിവരണവും നടന്നു. പത്തനംതിട്ട ഗവ.ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടി ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് കെ.ആര്‍ മധുകുമാര്‍ ഉദ്ഘാടനം ചെയ്തു.
അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ്  എസ്. ജയകുമാര്‍ ജോണ്‍ അധ്യക്ഷത വഹിച്ചു.  വികലാംഗ സംസ്ഥാന കമ്മിഷണര്‍ എസ്.എച്ച് പഞ്ചാപകേശന്‍ ക്ലാസെടുത്തു.

അഡ്മിഷന്‍ ആരംഭിച്ചു
പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ സ്‌കില്‍ഹബ്  ഇനിഷ്യേറ്റീവ് എന്ന സ്‌കീമിലേക്ക് ഫിറ്റര്‍ ഫാബ്രിക്കേഷന്‍, പ്ലംബര്‍ (ജനറല്‍) എന്നീ ഹ്രസ്വകാല കോഴ്സുകള്‍ക്ക് ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ അഡ്മിഷന്‍ ആരംഭിച്ചു. സൗജന്യ പരിശീലനത്തിന് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 31.  ഫോണ്‍ : 0468 2258710.

കടലാസ് രഹിത ബജറ്റ് അവതരണത്തിലൂടെ മാതൃകയായി
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്

2022-2023 സാമ്പത്തിക വര്‍ഷത്തെ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 42,88,08,000 രൂപയുടെ വരവും, 42,88,08,000 രൂപയുടെ ചിലവും പ്രതീക്ഷിക്കുന്ന  വാര്‍ഷിക ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബജറ്റ് യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ അവതരിപ്പിച്ചു.  ഹരിതചട്ടം പാലിച്ച്  കടലാസ് രഹിത ബജറ്റവതരണമാണ് നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാ ദേവി അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി.രാജേഷ് കുമാര്‍ സ്വാഗതം ആശംസിച്ചു. ഏതെങ്കിലും ഒരു പ്രത്യേക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന പതിവ് ബജറ്റ് ശൈലിക്കപ്പുറം വിവിധ മേഖലകള്‍ക്ക്  വിഭവങ്ങള്‍ പങ്ക് വച്ച് നല്‍കുന്ന രീതിയാണ് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ അവലംബിച്ചത്. ഭവനനിര്‍മാണത്തിന് 54,20,600 രൂപ, തൊഴിലുറപ്പ് പദ്ധതി-11 കോടി, ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്-88,91,000 രൂപ, എം.പി/എം.എല്‍.എ ആസ്തി വികസന ഫണ്ട്-ഒരു കോടി, കാര്‍ഷിക മേഖല- വികസന മേഖല- 59,30,900 രൂപ, സേവന മേഖല-77,23,650രൂപ,  വനിതാ ക്ഷേമം-30,84,000 രൂപ,  പശ്ചാത്തല മേഖല- 83,96,850 രൂപ,  മെയിന്റനന്‍സ് ഗ്രാന്റ് (റോഡിതരം) 48,15,000 രൂപ, ജനറല്‍ പര്‍പ്പസ് ഗ്രാന്റ്- 63,12,000 രൂപ, വിട്ടു കിട്ടിയ സ്ഥാപനങ്ങളുടെ വരവ് ചെലവിനത്തില്‍ 9,82,50,000 രൂപ,  ബ്ലോക്ക് പഞ്ചായത്ത് പുതിയ കെട്ടിട സമുച്ചയത്തിന് 2.  60 കോടി രൂപയും വകയിരുത്തി.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ സൈനിക ക്ഷേമവകുപ്പില്‍ ക്ലര്‍ക്ക് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എസ്.ടി വിഭാഗത്തിന് മാത്രം)(എക്സ് സര്‍വീസുകാര്‍ക്ക് മാത്രം) (കാറ്റഗറി നം. 091/2021) തസ്തികയ്ക്ക് 19000-43600 ശമ്പള നിരക്കില്‍ 07.10.2021 ല്‍ നടന്ന ഒ.എം.ആര്‍ ടെസ്റ്റിന്റെ റാങ്ക് ലിസ്റ്റ് 17.03.2022 തീയതി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ചതായി  കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍  പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയര്‍ സംവിധാനം ഏപ്രില്‍ ഒന്നു മുതല്‍

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍  ഐഎല്‍ജിഎംഎസ്  സോഫ്റ്റ് വെയര്‍ വിന്യസിക്കുന്നതിന്റെ ഭാഗമായി  ഏപ്രില്‍ മൂന്നുവരെ സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍ ലഭിക്കുന്നതല്ല.  ഈ കാലയളവില്‍ സിവില്‍ രജിസ്ട്രേഷന്‍സ് (ജനന മരണ വിവാഹ രജിസ്ട്രേഷന്‍) സംബന്ധിച്ച യാതൊരു അപേക്ഷകളും ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കുന്നതല്ല. ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഫ്രണ്ട് ഓഫീസ് മുഖേന യാതൊരു പണമിടപാടുകളോ അപേക്ഷകളോ സ്വീകരിക്കുന്നതുമല്ല എന്ന് എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.  ഫോണ്‍: 04692650528, 9496042635.

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയര്‍ സംവിധാനം

ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയര്‍ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍  മുഖേന പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള സൗകര്യം  ഏപ്രില്‍ മൂന്നുവരെ ലഭ്യമാകുകയില്ല. ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ വരുന്ന അപേക്ഷകള്‍ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസ് മുഖേന സ്വീകരിക്കുവാന്‍ കഴിയുകയില്ല എന്ന് ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഫോണ്‍ : 0468 2350316.

ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിക്ക് ജില്ലാ ആസ്ഥാനത്ത് തുടക്കമായി
ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. നഗരസഭാതല ഉദ്ഘാടനം വലഞ്ചുഴി കടവിലാണ് നടന്നത്. നഗര പ്രദേശത്തുള്ള നദികളില്‍ അടിഞ്ഞുകൂടിയ മണലും, എക്കലും സമയബന്ധിതമായി ഈ ക്യാമ്പയിന്റെ ഭാഗമായി നീക്കം ചെയ്യുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. കൈവഴികളിലേയും തോടുകളിലേയും ഒഴുക്ക് തടസപ്പെടുത്തുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് നദികളുടെയും തോടുകളുടെയും സ്വാഭാവിക ഒഴുക്ക് ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇറിഗേഷന്‍ വകുപ്പിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ തൊഴിലുറപ്പ് തൊഴിലാളികളും പങ്കാളികളാകും. ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. എ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. അജിത്കുമാര്‍,  ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടെസിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മൈലപ്ര ഗ്രാമപഞ്ചായത്ത് ബജറ്റ്
മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തെ ബജറ്റ്  പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിലിന്റെ അധ്യക്ഷതയില്‍ കൂടിയ പഞ്ചായത്ത് യോഗത്തില്‍ വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ്  അവതരിപ്പിച്ചു.
മുന്‍ബാക്കി ഉള്‍പ്പടെ 97255201 രൂപാ വരവും 94375804 രൂപാ ചെലവും കണക്കാക്കിയിട്ടുള്ള ബജറ്റില്‍ 2879397 രൂപായുടെ മിച്ചമാണ് ലഭ്യമായിട്ടുള്ളത്. കാര്‍ഷികമേഖല, ക്ഷീരവികസനം, വീട് മെയിന്റനന്‍സ്, പശ്ചാത്തല സൗകര്യങ്ങള്‍, തെരുവു വിളക്ക് പരിപാലനം, പാലിയേറ്റീവ് കെയര്‍, ഭക്ഷ്യ സുരക്ഷ, മൃഗസംരക്ഷണം, വനിതാ-ശിശു വികസനം, സാമൂഹ്യ സുരക്ഷ, ആസ്തികളുടെ സംരക്ഷണം, കുടിവെള്ള പദ്ധതികള്‍, ജലജീവന്‍ മിഷന്‍, സുഭിക്ഷ കേരളം പദ്ധതി എന്നിവയ്ക്കും ഈ ബജറ്റ് മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്.
കുടിവെള്ളത്തിനും, കാര്‍ഷിക മേഖലയ്ക്കും, ആരോഗ്യം, ശുചിത്വം, എന്നീ മേഖലകള്‍ക്കും മുന്‍തൂക്കം നല്‍കിക്കൊണ്ടും  തെരുവു വിളക്കിന് പുതിയതായി ഇലക്ട്രിക്കല്‍ ലൈന്‍ ദീര്‍ഘിപ്പിക്കുന്നതിനും, കുടിവെള്ളത്തിനായി പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കുന്നതിനും ഈ ബജറ്റില്‍ പരിഗണന  നല്‍കിയിട്ടുണ്ട്.   ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ വിഭാഗങ്ങളിലുമായി 60 ലക്ഷം രൂപയുടെ വീട് നിര്‍മാണം, ജലജീവന്‍ പദ്ധതി, എന്നിവ ഈ ബജറ്റ് ലക്ഷ്യം വയ്ക്കുന്നു. യുവജനക്ഷേമം  ലക്ഷ്യമാക്കി വനിതാ ശിങ്കാരിമേളം പദ്ധതിയില്‍ കൂടി എല്ലാ വാര്‍ഡിലെയും ഗുണഭോക്താക്കള്‍ക്ക് പരിശീലനം നല്‍കുകയും, ഇത് ഒരു വരുമാന മാര്‍ഗമായി വികസിപ്പിക്കുന്നതിനും  പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.
മറ്റ്  പ്രധാന വകയിരുത്തലുകള്‍
കൃഷിയും മൃഗ സംരക്ഷണവും – 26 ലക്ഷം രൂപ. കുടിവെള്ളം – 32 ലക്ഷം രൂപ. അഗതികള്‍, വൃദ്ധര്‍, വികലാംഗര്‍, വനിതകള്‍- 30 ലക്ഷം രൂപ. മാലിന്യ സംസ്‌ക്കരണം – 25 ലക്ഷം രൂപ.

മൈലപ്ര ഗ്രാമപഞ്ചായത്തില്‍ ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയര്‍ സംവിധാനം
മൈലപ്ര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയറിലുള്ള സാങ്കേതിക പ്രശ്നങ്ങളാല്‍ ഫ്രണ്ട്  ഓഫീസില്‍  അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്നും ഏപ്രില്‍ മൂന്നു  വരെ സിറ്റിസണ്‍  സര്‍വീസ് പോര്‍ട്ടല്‍ മുഖേനയുള്ള സേവനങ്ങള്‍ ലഭ്യമാകുകയില്ലെന്നും മൈലപ്ര ഗ്രാമപഞ്ചായത്ത്  സെക്രട്ടറി അറിയിച്ചു.

നികുതികള്‍  മാര്‍ച്ച് 31 ന് മുന്‍പ് ഒടുക്കണം

മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2021-22 വര്‍ഷത്തെ കെട്ടിട നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ മാര്‍ച്ച് 31  മുന്‍പ് അടയ്ക്കണമെന്നും കുടിശിക വരുത്തുന്നവര്‍ക്കെതിരെ റവന്യൂ റിക്കവറി/നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. 2022-23 ലെ അഡ്വാന്‍സ് ലൈസന്‍സ് അപേക്ഷകള്‍  ഫീസ് ഉള്‍പ്പെടെ മാര്‍ച്ച് 31 ന് മുന്‍പ് ഒടുക്കണം. 01/04/2022 മുതലുള്ള വസ്തു നികുതി ഇളവ് ലഭിക്കുന്നതിനായി വിമുക്ത ഭടന്‍മാര്‍/ വിമുക്ത ഭടന്മാരുടെ ഭാര്യമാര്‍/വിധവകള്‍ എന്നിവര്‍ 31 ന്  മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് എച്ച്എംസി നിയമനം നടത്തുന്നതിനായി  യോഗ്യരായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍  ഏപ്രില്‍ അഞ്ചിനു മുന്‍പ് അപേക്ഷ പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്ര ഓഫീസില്‍ എത്തിക്കണം. നിയമനം
താല്‍ക്കാലികം ആയിരിക്കും. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം.
ഹെവി വെഹിക്കിള്‍  ലൈസന്‍സ്, ബാഡ്ജ്, ഫസ്റ്റ് എയ്ഡ് നോളഡ്ജ്, പോലീസ് ക്ലിയറന്‍സ്  സര്‍ട്ടിഫിക്കറ്റ് ഇവ ഉണ്ടായിരിക്കണം. രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രമാടം പഞ്ചായത്തില്‍ ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ഫോണ്‍ :0468-2306524.

പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ 2022 – 23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്
ഭവനരഹിതര്‍ക്ക് സമ്പൂര്‍ണ പാര്‍പ്പിടപദ്ധതി, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളില്‍ ജനസൗഹൃദം ആക്കുന്ന ആര്‍ദ്രം പദ്ധതി, വയോജനങ്ങളുടേയും ഭിന്നശേഷിക്കാരുടെയും, സ്ത്രീകളുടെയും കുട്ടികളുടേയും ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ 2022 – 23 വാര്‍ഷിക ബജറ്റ് പന്തളം ബ്ലോക്ക്പഞ്ചായത്ത്  വൈസ്പ്രസിഡന്റ് അശ്വതി വിനോജ് അവതരിപ്പിച്ചു.
വനിതാ ഘടക പദ്ധതി, ശുചിത്വ മാലിന്യ സംസ്‌കരണം, മണ്ണ്, ജലം, സംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായ സംരംഭങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, പട്ടികജാതി – പട്ടികവര്‍ഗ വികസനം, കലാകാരന്മാര്‍ക്ക് ഫെലോഷിപ്പ്, കുടിവെള്ള പൈപ്പ്ലൈന്‍, വൈദ്യുതി ലൈന്‍ എന്നിവ ദീര്‍ഘിപ്പിക്കല്‍, തരിശുനില കൃഷി, വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, വയോജനങ്ങള്‍ക്ക് പകല്‍ വീടിന് അടിസ്ഥാനസൗകര്യം എന്നിവയ്ക്ക് ബജറ്റ് പ്രാധാന്യം നല്‍കുന്നു.  തൊഴിലുറപ്പ് പദ്ധതിയ്ക്കായി 17 കോടിരൂപയും വിഭാവനം ചെയ്യുന്നു. ആകെ 320022923 രൂപയുടെ വരവും, 318748800 രൂപയുടെ ചെലവും 1274123 രൂപ  യുടെ മിച്ച ബജറ്റിന് ബ്ലോക്ക്പഞ്ചായത്ത് കമ്മറ്റി അംഗീകാരം നല്‍കി. രേഖഅനില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പോള്‍രാജന്‍, ബി.എസ്.അനീഷ്മോന്‍, ലീന, ഭരണസമിതി അംഗങ്ങളായ വി.എം.മധു, രജിതകുഞ്ഞുമോന്‍, സന്തോഷ്, അനില എസ്.നായര്‍, ശോഭ മധു, ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി എസ്. ഹര്‍ഷന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍, മറ്റ്ജീവനക്കാര്‍, എന്നിവര്‍ പങ്കെടുത്തു.

താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ആറന്മുള ഗ്രാമ പഞ്ചായത്തിന്റെ പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിലേക് വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയില്‍ പെട്ട ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക് താത്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവ്. യോഗ്യത :ഹെവി വെഹിക്കിള്‍ ലൈസെന്‍സ് ആന്‍ഡ് ബാഡ്ജ് ഉണ്ടായിരിക്കണം.  ആംബുലന്‍സ് ഡ്രൈവര്‍ കോണ്‍ട്രാക്ട് വെഹിക്കിള്‍ എന്നിവ ഓടിക്കുന്നതില്‍ പ്രവര്‍ത്തി  പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി 23 – 35 ( ഒബിസി വിഭാഗം പ്രായപരിധി 38, എസ്.സി/ എസ്.ടി വിഭാഗം പ്രായപരിധി 40. ആറന്മുള ഗ്രാമ പഞ്ചായത്ത് സ്ഥിരതാമസക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. അപേക്ഷ വല്ലന സാമൂഹിക ആരോഗ്യ  കേന്ദ്രം ഓഫീസില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ സ്വീകരിക്കുന്നതായിരിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31 ന് വൈകുന്നേരം നാലു വരെ. ബയോ ഡേറ്റായോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സമര്‍പ്പിക്കണം. അഭിമുഖം ഏപ്രില്‍ രണ്ടിന്  രാവിലെ 11 ന്. പങ്കെടുക്കുന്നവര്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം.

കുളനട ഗ്രാമപഞ്ചായത്തില്‍ ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയര്‍
സംവിധാനം

കുളനട ഗ്രാമപഞ്ചായത്ത്  ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയര്‍ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍  മുഖേന പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള സൗകര്യം  ഏപ്രില്‍ മൂന്നുവരെ ലഭ്യമാകുകയില്ല. ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ വരുന്ന അപേക്ഷകള്‍ കുളനട ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസ് മുഖേന സ്വീകരിക്കുവാന്‍ കഴിയുകയില്ല എന്ന് കുളനട ഗ്രാമപഞ്ചായത്ത് സെക്രട്ടറി  അറിയിച്ചു. ഫോണ്‍ : 04734260272.