Trending Now

നദികളുടെ പുനരുജ്ജീവനം സാധ്യമാക്കും: ജില്ലാ കളക്ടര്‍

 

തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ നദികളുടെ പുനരുജ്ജീവനം സാധ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.  ജില്ലയിലെ നദികളുടെ ശുചീകരണം അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

 

 

വെള്ളപ്പൊക്ക സാധ്യതയുള്ള ജില്ലയിലെ നദീതീരങ്ങള്‍ എസ്ഡിഎംഎഫില്‍(സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ട്) ഉള്‍പ്പെടുത്തി ശുചിയാക്കണം. പമ്പ, അച്ചന്‍കോവില്‍, മണിമലയാര്‍ എന്നിവയുടെ കൈവഴികള്‍ ഉള്‍പ്പടെയുള്ളവയുടെ പുനരുജ്ജീവനം സാധ്യമാക്കുകയാണ് ലക്ഷ്യം.

 

നദികളുടെ പ്രധാന കൈവഴികള്‍  കടന്നു പോകുന്ന പഞ്ചായത്തുകള്‍ അവ ശുചീകരിക്കണം. പമ്പ നദി ഒഴുകി പോകുന്ന 35 സ്ഥലങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

 

മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയം മൂലം നദികളിലും കൈവഴികളിലും കൈത്തോടുകളിലും മണ്ണും ചെളിയും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞു കൂടി  ജലവാഹകശേഷി കുറഞ്ഞുപോയിട്ടുണ്ട്.  ജില്ലയില്‍ ലഭിക്കുന്ന ചെറിയ മഴയില്‍ പോലും നദികളും അനുബന്ധ നീര്‍ച്ചാലുകളും നിറഞ്ഞ് കവിയുകയും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയരുന്ന സാഹചര്യം നിലനില്‍ക്കുകയും ചെയ്യുന്നു. ഇതു കണക്കിലെടുത്ത് വരുന്ന കാലവര്‍ഷത്തില്‍ പ്രളയസാധ്യത ഒഴിവാക്കുന്നതിനായി നദികളുടെ കൈവഴികളില്‍ നിന്നും കൈത്തോടുകളില്‍ നിന്നും അടിയന്തിരമായി പ്രളയാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയാണ് ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു.

 

അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, എഡിസി (ജനറല്‍) കെ.കെ. വിമല്‍രാജ്, ഹരിത കേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.