Trending Now

പത്തനംതിട്ട നഗര സഭയില്‍ സാമ്പത്തിക വർഷത്തെ ജനകീയ ബജറ്റ് അവതരിപ്പിച്ചു: നഗരസഭ ബസ്റ്റാൻഡിന്റെ പുനരുദ്ധാരണത്തിനായി 5 കോടി

 

konnivartha.com : 2021-22 പുതുക്കിയ ബഡ്ജറ്റും 2022-23 ലേക്കുളള മതിപ്പ് ബഡ്ജറ്റും ഇന്ന് രാവിലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിനാ ഹൈദരാലി അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈന്റെ ആമുഖ പ്രസംഗത്തോടെയാണ് കൗൺസിൽ യോഗം ആരംഭിച്ചത്. കഴിഞ്ഞ ഒരു വർഷക്കാലത്തെ വികസന പ്രവർത്തനങ്ങൾ ആമുഖ പ്രസംഗത്തിൽ നഗരസഭാ ചെയർമാൻ വിവരിച്ചു.

74,11,41,985/- (എഴുപത്തിനാല് കോടി പതിനോന്ന് ലക്ഷത്തി നാൽപത്തൊന്നായിരത്തി തൊള്ളായിരത്തി എൺപത്തഞ്ച്) രുപ വരവും 64,25,90,250/- അറുപത്തിനാല് കോടി ഇരുപത്തി അഞ്ചു ലക്ഷത്തി തൊണ്ണൂറാരത്തി ഇരുന്നൂറ്റി അൻപത്) രൂപ ചെലവും 9,85,51,735/- (ഒൻപത് കോടി എൺപത്തിയഞ്ച് ലക്ഷത്തി അൻപത്തൊന്നായിരത്തി എഴുന്നുറ്റി മുപ്പത്തഞ്ച് ) രുപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മതിപ്പ് ബഡ്ജറ്റാണ് കൗൺസിലിൽ അവതരിപ്പിച്ചത്. കുടിവെള്ളം, ആരോഗ്യം, കായിക മേഖലകൾക്കാണ് ഏറ്റവും അധികം തുക വകയിരുത്തിയിട്ടുളളത്. കെ.കെ.നായർ അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം ഈ വർഷം ആരംഭിക്കും.

 

50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഹാജി സി മീരാസാഹിബ് സ്മാരക നഗരസഭ ബസ്റ്റാൻഡിന്റെ പുനരുദ്ധാരണത്തിനായി 5 കോടി വകയിരുത്തി. വിവിധ കുടിവെള്ള പദ്ധതികൾക്ക് 25 കോടി രൂപ, ആരോഗ്യ മേഖലയ്ക്ക് 5.35 കോടി, പാർപ്പിട മേഖലയ്ക്ക് 7 കോടി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി 8.38 കോടി. പൊതുമരാമത്ത് റോഡ്, ഓട നവീകരണം 4.75 കോടി, ശബരിമല ഇടത്താവള നവീകരണം 1 കോടി, കൃഷി അനുബന്ധ മേഖലകൾക്ക് 40 ലക്ഷം, പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമം 74 ലക്ഷം, പത്തനംതിട്ട ഫിഷ് മാർക്കറ്റ് പുനരുദ്ധാരണം 1 കോടി, കുമ്പഴ ഫിഷ് മാർക്കറ്റ് 3.5 കോടി, വൃദ്ധ ജനങ്ങളുടെ ക്ഷേമം 40 ലക്ഷം, ഭിന്നശേഷിക്കാരുടെ ക്ഷേമം 60 ലക്ഷം, തെരുവ് വിളക്കുകളുടെ പരിപാലനം 75 ലക്ഷം, ഉറവിട മാലിന്യ സംസ്കരണം 1 കോടി, കലാ-സാംസ്കാരിക-യുവജന ക്ഷേമം 66 ലക്ഷം. ഊർജ സംരക്ഷണം 2 കോടി. ദാരിദ്ര്യ ലഘൂകരണം 2.4 കോടി, കായിക രംഗം 21 ലക്ഷം, മൃഗസംരക്ഷണം 27 ലക്ഷം, നീർച്ചാലുകളുടെ സംരക്ഷണം 25 ലക്ഷം. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്ക് മുകളിൽ സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും, മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി ക്ക് വിൽക്കും.

 

ഈ സാമ്പത്തിക വർഷം അതീവ ദരിദ്രർ ഇല്ലാത്ത നഗരമായി പത്തനംതിട്ടയെ മാറ്റും. ഭിന്നശേഷി സൗഹൃദ നഗരം ആക്കുന്നതിനായി നഗരസഭയുടെ എല്ലാ സ്ഥാപനങ്ങളിലും റാമ്പും ഭിന്നശേഷി സൗഹൃദ സംവിധാനങ്ങളും ഒരുക്കും. നഗരസഭാ ലൈബ്രറിയെ രാജ്യാന്തര നിലവാരമുള്ള ഇ ലൈബ്രറിയായി ഉയർത്തും. ഉത്പാദന മേഖലയിൽ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ജനറൽ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആയി ഉയർത്താൻ 3 കോടി രൂപ വകയിരുത്തി. ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കും.

 

മാലിന്യ ശേഖരണ വാഹനങ്ങളിൽ ജീ.പി.എസ് സ്ഥാപിക്കും. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ സിസി ടിവി സ്ഥാപിക്കും. റിംഗ് റോഡ് സൗന്ദര്യ വൽക്കരണത്തിനായി 6.5 കോടി വകയിരുത്തി. നഗരത്തിൽ ഓപ്പൺ ജിംനേഷ്യം സ്ഥാപിക്കും. കുടുംബശ്രീയുമായി സഹകരിച്ച് ദേശീയ വയോജന ദിനത്തോടനുബന്ധിച്ച് നഗരസഭാ പ്രദേശത്തെ വയോജനങ്ങളെ സംഘടിപ്പിച്ച് സായന്തനത്തിലെ സൂര്യൻ എന്ന പദ്ധതി നടപ്പാക്കും, നഗരത്തിലെ സ്കൂളുകൾ പ്ളാസ്റ്റിക് രഹിതമാക്കും, സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നീന്തൽ പരിശീലനം നൽകും.അഖിലേന്ത്യാ പരീക്ഷകൾക്ക് സൗജന്യ പരിശീലന പദ്ധതികൾ നഗരസഭയുടെ നേതൃത്വത്തിൽ നടത്തും. സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് ലാബ് ഉൾപ്പെടെ ആധുനിക പഠന സംവിധാനങ്ങൾ ഏർപ്പെടുത്തും, തൈക്കാവ് ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെ സ്പോർട്സ് കേന്ദ്രീകൃത സ്കൂൾ ആക്കി ഉയർത്തും. കാർഷിക മേഖലയിൽ നിരവധി പദ്ധതികൾക്ക് രൂപം നൽകും.

 

വിഷരഹിത പച്ചക്കറി, മട്ടുപ്പാവ് പച്ചക്കറി കൃഷി തുടങ്ങിയവ പ്രോത്സാഹിപ്പിക്കും. കുടുംബശ്രീയുമായി സഹകരിച്ച് ഓൺലൈൻ വിപണി സാധ്യത പ്രയോജനപ്പെടുത്തും. കൃഷി വകുപ്പുമായി ചേർന്ന് ഇൻസ്റ്റിറ്റ്യൂഷണൽ ഫാമിംഗ് നടപ്പാക്കും. നഗരത്തിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് പത്തനംതിട്ട സംഘടിപ്പിക്കും. പത്തനംതിട്ട ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റ് സംഘടിപ്പിക്കും. പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് സൗജന്യ പി.എസ്.സി മത്സര പരീക്ഷ കോച്ചിംഗുകൾ നടത്തും. കോളനി നവീകരണ പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ വകയിരുത്തി. നഗരത്തിലെ ആയിരം കുടുംബങ്ങൾക്ക് പൈപ്പ് വെള്ളം ഉറപ്പാക്കും. നഗരസഭാ ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ നഗരസഭാ കാര്യാലയത്തിൽ പഞ്ചിംഗ് മെഷീൻ സ്ഥാപിക്കും, സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി സിസി ടിവി സ്ഥാപിക്കും, ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപ വകയിരുത്തി. എ.ബി.സി പദ്ധതിക്കായി 10 ലക്ഷം രൂപ, നഗരത്തിൽ വിശപ്പ് രഹിത ഹോട്ടൽ ആരംഭിക്കും. നഗരത്തെ പൂർണമായും ഭരണഘടന സാക്ഷര നഗരമാക്കി മാറ്റും.

 

വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്തും. കുമ്പഴ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകും. കുമ്പഴയിൽ നഗരസഭയുടെ സോണൽ ഓഫീസ് ആരംഭിക്കും. കുമ്പഴ ഷോപ്പിംഗ് കോംപ്ലക്സ് നവീകരണത്തിനായി 25 ലക്ഷം രൂപ വകയിരുത്തി. കെ.എസ്.ആർ.ടി.സി യുമായി ചേർന്ന് നഗരവണ്ടി പദ്ധതി ആരംഭിക്കും. നഗരത്തിലെ അംഗൻവാടികൾ സ്മാർട്ട് അംഗൻവാടികളാക്കി മാറ്റും. നഗരത്തിലെ ക്ളാസ് മുറികൾ പൊടിരഹിതമാക്കാൻ ഡസ്റ്റ് ഫ്രീ ക്ളാസ് റൂം പദ്ധതി ആരംഭിക്കും. എല്ലാ സ്കൂളുകളിലും മാലിന്യ നിർമാർജന സംവിധാനം ഏർപ്പെടുത്തും.

error: Content is protected !!