Trending Now

നൂറു ദിവസത്തെ തൊഴിലവസരങ്ങള്‍ ഉറപ്പാക്കണം: ആന്റോ ആന്റണി എംപി

തൊഴിലുറപ്പ് പദ്ധതിയില്‍ നൂറു ദിന തൊഴിലവസരങ്ങള്‍ ഉറപ്പാക്കണമെന്ന് ആന്റോ ആന്റണി എംപി  പറഞ്ഞു. കളക്‌ട്രേറ്റില്‍ നടന്ന ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതി(ദിഷാ)യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംപി. തൊഴിലുറപ്പ് പദ്ധതിയെ വിശാലമായ അര്‍ഥത്തില്‍ സമീപിക്കണം. നൂറു ദിവസത്തെ തൊഴിലവസരങ്ങള്‍ ഉറപ്പാക്കണം.

 

സംസ്ഥാന തലത്തില്‍ മഹാത്മ ഗാന്ധി തൊഴിലുറപ്പു പദ്ധതി നടത്തിപ്പില്‍ പുരാസ്‌കാരത്തിന് തിരഞ്ഞെടുത്ത നെടുമ്പം, മൈലപ്ര, റാന്നി അങ്ങാടി, കടമ്പനാട്, ഏഴംകുളം എന്നീ അഞ്ച് പഞ്ചായത്തുകളെ എംപി അഭിനന്ദിച്ചു.

 

 

തൊഴിലുറപ്പു പദ്ധതി നടത്തിപ്പില്‍ മോശം പ്രകടനം നടത്തിയ പത്തോളം പഞ്ചായത്തുകളെ എംപി വിമര്‍ശിച്ചു. കേന്ദ്ര പദ്ധതികളുടെ പൂര്‍ണമായുള്ള പ്രവര്‍ത്തന നേട്ടം ജില്ലയില്‍ കൈവരിക്കാനാകണമെന്നും പദ്ധതികള്‍ക്ക് അനുവദിക്കുന്ന മുഴുവന്‍ ഫണ്ടും വിനിയോഗിക്കുന്നത് ഉറപ്പാക്കണമെന്നും ജില്ലാ നിര്‍വഹണ ഉദ്യോഗസ്ഥരോട് എംപി പറഞ്ഞു.

 

 

എസ്‌സി, എസ്ടി വിഭാഗങ്ങള്‍ തൊഴില്‍ മേഖലയിലെ സാന്നിധ്യം ശക്തമാക്കണം. പട്ടികവര്‍ഗ വിഭാഗത്തിന് 200 ദിവസം തൊഴില്‍ ഉറപ്പാക്കണം. കൂടുതല്‍ പട്ടികവര്‍ഗ കുടുംബങ്ങളെ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കൊണ്ടുവരാന്‍ കാമ്പയിനുകള്‍ സംഘടിപ്പിക്കണം. പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി നിര്‍ദിഷ്ട യോഗ്യതയുള്ള റോഡുകളുടെ ലിസ്റ്റ് ബ്ലോക്ക് പഞ്ചായത്തുകള്‍ കണ്ടെത്തി പിഐയുവിന് കൈമാറണം.

 

 

ജില്ലയെ മാതൃകയാക്കാന്‍ പറ്റുന്ന രീതിയില്‍ ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം. ശുചിത്വ മിഷന്റെ ഗാര്‍ബേജ് ഫ്രീ സിറ്റി ആശയം വിപുലീകരിക്കണം. കോടിക്കണക്കിന് തീര്‍ഥാടകര്‍ കടന്നു വരുന്ന ജില്ലയില്‍ ടേക്ക് എ ബ്രേക്ക് പോലുള്ള സംവിധാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.
ജില്ലയിലെ കുടിവെള്ള പ്രശ്നം സംബന്ധിച്ച് ഗൗരവപൂര്‍വമായി മുന്നോട്ടു പോകണം. ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ വാട്ടര്‍ അതോറിറ്റി ജനപ്രതിനിധികളുമായും ജില്ലാ ഭരണകൂടവുമായും ആലോചിക്കണമെന്ന നിര്‍ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എംപി നല്‍കി.
മറ്റ് വകുപ്പുകളും ജനപ്രതിനിധികളുമായുള്ള സഹകരണത്തിലൂടെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ദിഷാ മീറ്റിങ്ങുകള്‍ ഉദ്യോഗസ്ഥരും വകുപ്പുകളും ഗൗരവപൂര്‍വം എടുക്കണമെന്നും കളക്ടര്‍ പറഞ്ഞു. ദിഷാ യോഗത്തിന്റെ കണ്‍വീനര്‍ കൂടിയായ പ്രോജക്ട് ഡയറക്ടര്‍ എന്‍. ഹരി,  വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

ആസാദി കാ അമൃത് മഹോത്സവ്  അന്താരാഷ്ട്ര വനിതാ ദിനാചരണം എന്നിവയോട് അനുബന്ധിച്ച്  ജില്ലയിലെ പഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട തൊഴിലുറപ്പു പദ്ധതിയില്‍ വ്യക്തിഗത ആനുകൂല്യം ലഭിച്ച  മികച്ച വനിതാ സംരംഭകരെ യോഗത്തില്‍ വച്ച് ആദരിച്ചു.