ഏഴു കോടിയുടെ മയക്കുമരുന്നുമായി ടാറ്റു ആര്‍ട്ടിസ്റ്റായ മലയാളി യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ ബംഗളൂരുവില്‍ പിടിയിലായി. ഇവരില്‍നിന്ന് 12 കിലോയുടെ ഹഷീഷ് ഓയില്‍ പിടിച്ചെടുത്തു. ബംഗളൂരുവിലെ കൊത്തന്നൂരില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി എസ് വിഷ്ണുപ്രിയ (22), സുഹൃത്തായ കോയമ്പത്തൂര്‍ സ്വദേശി സിജില്‍ വര്‍ഗീസ് (23), മടിവാള സ്വദേശി എം വിക്രം എന്ന വിക്കി (23) എന്നിവരെയാണ് ഹുളിമാവ് പോലിസ് അറസ്റ്റുചെയ്തത്.
നഗരത്തിലെ കോളജില്‍നിന്നാണ് സിജില്‍ വര്‍ഗീസും വിഷ്ണുപ്രിയയും ബിബിഎ പഠനം പൂര്‍ത്തിയാക്കിയിരുന്നത്. സഹപാഠികളായ ഇരുവരും വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുറച്ചുകാലം സ്വകാര്യകമ്പനിയില്‍ ജോലിചെയ്തശേഷം പിന്നീട് ഫ്രീലാന്‍സായി ടാറ്റു ആര്‍ട്ടിസ്റ്റുകളായും ജോലിചെയ്തിരുന്നു.
കഴിഞ്ഞദിവസം ബിടിഎം ലേഔട്ടിലെ അരകെരെയില്‍ വെച്ച് 80 ഗ്രാം ഹഷീഷ് ഓയിലുമായി വിക്രമിനെ പോലിസ് പിടികൂടിയിരുന്നു. വിഷ്ണുപ്രിയയും സിജില്‍ വര്‍ഗീസുമാണ് ഹഷീഷ് ഓയില്‍ നല്‍കിയിരുന്നതെന്ന വിക്രമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുവരും താമസിക്കുന്ന സ്ഥലത്ത് പോലിസ് നടത്തിയ റെയ്ഡിലാണ് കോടികളുടെ ഹഷീഷ് ഓയില്‍ കണ്ടെത്തിയത്. വിശാഖപട്ടണത്തുനിന്നാണ് ഹഷീഷ് ഓയില്‍ എത്തിച്ചിരുന്നത്.
ഇവ കുറഞ്ഞ അളവില്‍ വിക്രമിന് കൈമാറും. വിക്രമാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. 2020 മുതല്‍ വിഷ്ണുപ്രിയയും സിജില്‍ വര്‍ഗീസും മയക്കുമരുന്ന് ഇടപാട് നടത്തുന്നുണ്ടെന്നാണ് പൊലിസ് നിഗമനം. ഇരുവരുടെയും ബാങ്ക് വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പോലിസ് അറിയിച്ചു. നേരത്തേ മൊബൈല്‍ മോഷണക്കേസില്‍ വിക്രം അറസ്റ്റിലായിരുന്നു.