Trending Now

വീരമൃത്യു വരിച്ച പത്തനംതിട്ട ജില്ലയിലെ സൈനികരുടെ കുടുംബങ്ങളെ ആദരിച്ചു

 

konni vartha.com : സായുധ സേനയിലെ വ്യക്തികളേയും കുടുംബങ്ങളേയും ഓര്‍ക്കുക എന്നത് സമൂഹത്തിന്റെ പക്വതയെ വെളിവാക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

ദേശത്തിനു വേണ്ടി വീരമൃത്യു വരിച്ച ജില്ലയിലെ സൈനികരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നതിന് ജില്ലാ ആസ്ഥാനത്തെ യുദ്ധസ്മാരകത്തില്‍ പത്തനംതിട്ട 14 കേരള ബറ്റാലിയന്‍ എന്‍സിസി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. യുദ്ധഭൂമിയില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താനാവാത്തതാണ്. യുദ്ധം വരുമ്പോഴും വിഷമഘട്ടത്തിലും മാത്രം ഓര്‍ക്കാനുള്ളവരല്ല സൈനികര്‍. അവരേക്കുറിച്ച് ഓര്‍ക്കുന്നത് മനസാക്ഷിയുടെ നന്മയായി കണക്കാക്കണമെന്നും കളക്ടര്‍ പറഞ്ഞു.

1971ലെ ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധത്തിലും അതിനു ശേഷമുണ്ടായ നിരവധി പോരാട്ടങ്ങളിലും ദേശത്തിനു വേണ്ടി വീരമൃത്യു വരിച്ച ജില്ലയിലെ സൈനികരുടെ കുടുംബാംഗങ്ങളെ ജില്ലാ കളക്ടര്‍ ആദരിച്ചു. സൈനികരായി വീരമൃത്യു വരിച്ച പി. രാമചന്ദ്രന്‍ നായര്‍, എ.കെ. രാജപ്പന്‍, പുതുപ്പറമ്പില്‍ മത്തായി ജോണ്‍, ആര്‍.കെ.ആര്‍. കുറുപ്പ്, എസ്. അരുണ്‍, വി.ജി. ജയചന്ദ്രകുറുപ്പ്, ആര്‍.ഹരിപ്രസാദ്, കെ.കെ. സദാശിവന്‍, ഡാനിയേല്‍ കോശി, എസ്. രാജേന്ദ്രന്‍, കെ.വി. ജയകൃഷ്ണ, പി. പ്രദീപ് കുമാര്‍ എന്നിവരുടെ കുടുംബാംഗങ്ങളെയാണ് ആദരിച്ചത്. കോവിഡ് കാലഘട്ടത്തില്‍ കോവിഡ് ഡ്യൂട്ടിയില്‍ പ്രവര്‍ത്തിച്ച അണ്ടര്‍ ഓഫീസര്‍മാരായ എ. അജയ് ഘോഷ്, ആഷാഡ് എസ്. ബിജു, എല്‍ഇപിഎഫ് ആര്‍.എന്‍. രേണുക എന്നിവരേയും ആദരിച്ചു. കോട്ടയം കേരള എന്‍സിസി പത്തനംതിട്ട കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ മനീഷ് ഗുപ്ത, സുബൈദാര്‍ മേജര്‍ തമ്പാന്‍, എന്‍സിസി കേഡറ്റ്‌സ്, തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!