കോമളം താത്ക്കാലിക പാലത്തിനുള്ള രൂപകല്പന ഒരാഴ്ചക്കകം; പൊതുമരാമത്ത് വകുപ്പ് മന്ത്രി
കോമളത്ത് തത്ക്കാലിക പാലത്തിനുള്ള രൂപകല്പന ഒരാഴ്ചക്കകം തയ്യാറാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. മാത്യു ടി തോമസ് എംഎല്‍എ നിയമസഭയില്‍ ഇതു സംബന്ധിച്ച് അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പാലത്തിന് പകരമായി പുതിയ പാലം പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എന്നാല്‍ അതിലൂടെ താത്ക്കാലിക പാലം വേണമെന്ന് എംഎല്‍എ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പാലങ്ങള്‍ വിഭാഗം ചീഫ് എഞ്ചിനിയറോടും രൂപകല്പന വിഭാഗം ചീഫ് എന്‍ജിനിറോടും സംയുക്ത പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥതല സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചു.ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ കടന്നുപോകുന്ന തരത്തില്‍ സ്റ്റീല്‍ സ്ട്രക്ചര്‍ മാതൃകയില്‍ സിംഗിള്‍ വേ ട്രാഫിക്കിനുള്ള താത്ക്കാലിക പാലം നിര്‍മ്മിക്കുന്നത് പരിഗണനയിലാണന്നും ഭാര വാഹനങ്ങള്‍ കടന്നുപോകുന്നതിന് നിലവിലുള്ള പാലത്തിന് രണ്ട് കിലോമീറ്ററോളം അകലെയുള്ള പാലത്തെ ആശ്രയിക്കാനാകും എന്നും മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കി.
സാങ്കേതിക മികവോടെ പുതിയ പാലം പണിയുന്നതിനു മുന്‍ഗണന നല്‍കിക്കൊണ്ടും പുതിയ പാലം പൂര്‍ത്തിയാകുന്നതുവരെ ജനങ്ങള്‍ക്ക് ആശ്രയിക്കുവാനുള്ള മാര്‍ഗമായിമാത്രം താത്കാലിക ക്രമീകരണം ഉണ്ടാവണമെന്നും സബ്മീഷന്‍ നോട്ടിസില്‍ മാത്യു ടി. തോമസ് എം എല്‍ എ ആവശ്യപ്പെട്ടു. താത്ക്കാലിക പാലത്തിനുള്ള രൂപകല്‍പ്പന പൊതുമരാമത്ത് രൂപകല്‍പ്പന വിഭാഗം തയ്യാറാക്കുകയാണെന്നും ഒരാഴ്ചയ്ക്കകം ഇത് പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു
സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ സഹായം:വാക്സിന്‍ വാനുള്ള ആദ്യഗഡു കൈമാറി
കേന്ദ്ര പൊതുമേഖലസ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് ഇന്‍സുലേറ്റഡ് വാക്‌സിന്‍ വാന്‍ വാങ്ങുന്നതിനുള്ള ആദ്യഗഡുവായ പത്ത് ലക്ഷം രൂപ കൈമാറി. കോര്‍പറേഷന്‍ ഡയറക്ടര്‍ കെ.വി. പ്രദീപ് കുമാറില്‍ നിന്നും അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍ തുക ഏറ്റുവാങ്ങി. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യരുടെ നേതൃത്വത്തിലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഡിപ്പാര്‍ട്മെന്റ് ഓഫ് പബ്ലിക് എന്റര്‍പ്രൈസിന്റെ നിബന്ധനകള്‍ അനുസരിച്ചു പ്രതിവര്‍ഷം സിഎസ്ആര്‍ ഫണ്ടിലേക്ക് വകമാറ്റുന്ന കോര്‍പറേഷന്റെ ലാഭവിഹിതമാണ് ഈ തുക.
കേരളത്തിലെ ഒന്‍പത് ജില്ലാ ആശുപത്രികളില്‍ 1.15 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ചടങ്ങില്‍ കോര്‍പറേഷന്‍ കേരള റീജിയണല്‍ മാനേജര്‍ ബി. ആര്‍. മനീഷ് , എസ്ഐഒ എ. മന്‍സൂര്‍ , കണ്‍സള്‍ട്ടന്റ് ബി. ഉദയഭാനു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി, തുടങ്ങിയവര്‍ പങ്കെടുത്തു.
ദുരന്ത നിവാരണത്തില്‍ ഏറ്റവും മുതല്‍ക്കൂട്ടാകുന്നത് സന്നദ്ധ പ്രവര്‍ത്തകര്‍: ജില്ലാ കളക്ടര്‍
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവുമധികം മുതല്‍ക്കൂട്ടാകുന്നത് സന്നദ്ധ സേനാ പ്രവര്‍ത്തകരാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടന്ന കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്ത്, മുന്‍സിപ്പല്‍ ക്യാപ്റ്റന്‍മാരുടെ പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നുജില്ലാ കളക്ടര്‍. മള്‍ട്ടിപ്പിള്‍ ഡിസാസ്റ്റര്‍ ഉണ്ടാകുന്ന പ്രദേശത്താണ് നാം ജീവിക്കുന്നത്. അവയില്‍ കാര്യക്ഷമമായി ഇടപെട്ടുകൊണ്ട് പ്രവര്‍ത്തിക്കുകയാണ് നമ്മുടെ കര്‍ത്തവ്യം.
അടുത്ത വര്‍ഷം എന്തു ചെയ്യണം എന്നു പഠിച്ചാണ് മുന്നോട്ട് പോകുന്നത്. ഫസ്റ്റ് റസ്‌പോണ്ടേഴ്‌സ് സിസ്റ്റം എന്ന ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സേനയെ സൃഷ്ടിക്കാന്‍ കഴിയണം.
ഏറ്റവും അധികം തിരക്കിട്ട ദിവസങ്ങളും, ആത്മവിശ്വാസവും, ആവേശവും സംതൃപ്തി നല്‍കിയ നിമിഷങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടപ്പോഴാണ് ലഭിച്ചതെന്നും കളക്ടര്‍ പറഞ്ഞു
യുവതയുടെ കരുത്തില്‍ സമൂഹത്തെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ്. അടിയന്തര സാഹചര്യത്തില്‍ പ്രദേശത്തെ സന്നദ്ധ സേവകരായ യുവജനങ്ങളെ നാടിനു പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ജില്ലയിലെ 57 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പഞ്ചാത്ത് സേന രൂപീകരിച്ചിട്ടുണ്ട്. സേനാ ക്യാപ്റ്റന്‍ മാര്‍ക്ക് പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു, എക്‌സൈസ്, ആരോഗ്യം, ദുരന്തനിവാരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് വിദഗ്ധ പരിശീലനം നടത്തിയത്.
യുവജനക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിബിന്‍ എബ്രഹാം അധ്യക്ഷത വഹിച്ചു ചടങ്ങില്‍ അടൂര്‍ നഗരസഭ കൗണ്‍സിലര്‍ ഗോപു കരുവാറ്റ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി. ബീന, കെ വി വൈ എഎഫ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ പി.എം സാജന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി:ജില്ലാ ആസൂത്രണ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കണം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിയുടെ പുരോഗതി സംബന്ധിച്ച് ഓരോ സ്ഥാപനതലത്തിലും വകുപ്പ് തലത്തിലും അവലോകനം നടത്തി നിര്‍വഹണ ഉദ്യോഗസ്ഥര്‍ ജില്ലാ ആസൂത്രണ സമിതിക്ക് മാര്‍ച്ച് ഒന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി നിര്‍ദ്ദേശിച്ചു. സമയബന്ധിതമായി പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണമെന്ന് ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അവലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന തടസങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ട്രഷറിയില്‍ പാസാകാനുള്ള ബില്ലുകളുടെ വിവരങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ശേഖരിച്ച് അതിന് പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കണം. കൂടാതെ, പിഎംജിഎസ്വൈ യില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് റോഡുകളുടെ നിര്‍മാണത്തിന് പഞ്ചായത്ത് കമ്മറ്റി ചേര്‍ന്ന് പ്രമേയം പാസാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനതലത്തില്‍ പദ്ധതി നിര്‍വഹണത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പത്തനംതിട്ട നഗരസഭയെ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അഭിനന്ദിച്ചു.
യോഗത്തില്‍ 2021-22 വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍, പതിനാലാം പഞ്ചവത്സരപദ്ധതിയുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് റിപ്പോര്‍ട്ട്, വികസനരേഖ തയാറാക്കല്‍, ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ പുരോഗതി എന്നിവ അവലോകനം ചെയ്തു. ജില്ലയിലെ അന്‍പത്തിമൂന്ന് ഗ്രാമപഞ്ചായത്തുകളിലായി 61.05 ശതമാനം ഫണ്ടാണ് പദ്ധതി നിര്‍വഹണത്തിനായി ചിലവഴിച്ചത്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലായി 65.26 ശതമാനവും നാല് നഗരസഭകളിലായി 56.05 ശതമാനം ഫണ്ടും ചിലവഴിച്ചു. പദ്ധതി നിര്‍വഹണത്തിനായി ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ചത് കോട്ടാങ്ങല്‍ പഞ്ചായത്താണ്. മൈലപ്ര, കൊറ്റനാട്, മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനത്തുള്ളത്.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍ സുമേഷ് , ജില്ലാ പ്ലാനിംഗ് കമ്മറ്റി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.
ജില്ലയില്‍ നവീകരിച്ച രണ്ട് സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഉദ്ഘാടനം ;(26) മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും
സപ്ലൈകോയുടെ കീഴില്‍ ജില്ലയില്‍ നവീകരണം പൂര്‍ത്തിയായ അങ്ങാടി സൂപ്പര്‍സ്റ്റോര്‍, വടക്കേടത്തുകാവ് സൂപ്പര്‍മാര്‍ക്കറ്റ് എന്നിവയുടെ ഉദ്ഘാടനം (26) വൈകുന്നേരം 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഭക്ഷ്യപൊതുവിതരണ ലീഗല്‍ മെട്രോളജി ഉപഭോക്തൃകാര്യവകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍ അധ്യക്ഷത വഹിക്കും. അടൂര്‍ താലൂക്കിലെ വടക്കേടത്തുകാവ് സൂപ്പര്‍മാര്‍ക്കറ്റ് ഔട്ട്‌ലെറ്റ്തല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. ലോക്‌സഭാംഗം ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും. വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
മഞ്ഞള്‍വിത്ത് വിതരണം നടത്തി
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ മുഴുവന്‍ ജനങ്ങള്‍ക്കും സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി അത്യുല്‍പ്പാദന ശേഷിയുള്ള പ്രതിഭ ഇനത്തില്‍പ്പെട്ട മഞ്ഞള്‍ വിത്തുകള്‍ കര്‍ഷകര്‍ക്ക് നല്കി. മഞ്ഞള്‍ വിത്തുവിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വ്വഹിച്ചു. ഗുണമേന്മയുള്ള മഞ്ഞള്‍ ഉല്പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി പി വിദ്യാധരപണിക്കര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസര്‍ ലാലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പൊന്നമ്മ വര്‍ഗ്ഗീസ്, എ കെ സുരേഷ്, അംബിക, ശ്രീകുമാര്‍, കൃഷി അസിസ്റ്റന്റ് ജിജി എന്നിവര്‍ പങ്കെടുത്തു.
ജോബ് ഫെയര്‍ മാര്‍ച്ച് ഒന്‍പതിന്
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ ട്രെയിനികള്‍ക്കായി ജില്ലാ തല ജോബ് ഫെയര്‍ മാര്‍ച്ച് ഒന്‍പതിന് ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ നടത്തും. താല്പര്യമുള്ള ട്രെയിനികള്‍ക്കും കമ്പനികള്‍ക്കും www.spectrumjobs.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0468 -2258710.
ജോലിസമയം പുന:ക്രമീകരിച്ചു
പകല്‍ താപനില ഉയരുന്നതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി. ഇവരുടെ ജോലി സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളില്‍ എട്ടുമണിക്കൂറായി നിജപ്പെടുത്തി. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുന:ക്രമീകരിച്ചിട്ടുണ്ട്. ഉത്തരവില്‍ വീഴ്ച വരുത്തിയാല്‍ തൊഴിലുടമകള്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ചട്ട ലംഘനം അറിയിക്കാം. ഫോണ്‍- 04682222234, 8547655259.
വാക്ക് ഇന്‍ ഇന്റര്‍വ്യു
കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൈമറി ടീച്ചര്‍, ഇന്‍സ്ട്രക്ടര്‍(കമ്പ്യൂട്ടര്‍, യോഗ, സ്പോര്‍ട്സ്, ആര്‍ട്ട്, വര്‍ക്ക് എക്സ്പീരിയന്‍സ്, മ്യൂസിക്) നേഴ്സ്, കൗണ്‍സിലര്‍, ടി.ജി.ടി (ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, സംസ്‌കൃതം, കണക്ക്) പി.ജി.ടി (ഹിന്ദി, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ) എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നതിനുളള അഭിമുഖം മാര്‍ച്ച് 2,3 തീയതികളില്‍ വിദ്യാലയത്തില്‍ നടക്കും. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 8നും 9.30 നും ഇടയില്‍ രജിസ് ട്രേഷന്‍ നടത്തണം. ഫോണ്‍: 0468 2256000, വെബ് സൈറ്റ് : www.chenneerkara.kvs.ac.in
അപേക്ഷ ക്ഷണിക്കുന്നു
കേരളസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ യുവകേരളം പ്രോജക്ടിലേക്ക് ലോജിസ്റ്റിക് വെയര്‍ഹൗസ് പിക്കര്‍ എന്ന സൗജന്യകോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. കോഴ്‌സ് കാലാവധി മൂന്ന് മാസം. ടിഎ, പ്ലേസ്‌മെന്റ്, സ്റ്റൈഫന്‍ഡ് എന്നിവ ലഭ്യമാണ്. താത്പര്യമുള്ളവര്‍ എസ്എസ്എല്‍സി-പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്ബുക്ക് , രണ്ട് ഫോട്ടോ എന്നിവ സഹിതം നേരിട്ട് അപേക്ഷിക്കുക. ഫോണ്‍. 7356266333, 7356277111.