പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ പുരോഗതിക്ക് സഹായകരമാകുന്ന പദ്ധതികളില്‍ കാലതാമസം വരുത്തരുതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി ചേര്‍ന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട ജില്ലാതല സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവിഷ്‌കരിച്ചിരിക്കുന്ന വിവിധ പദ്ധതികള്‍ കാലതാമസം കൂടാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
പട്ടികവര്‍ഗ വിഭാഗത്തിലെ ജനതയുടെ പുനരധിവാസം വളരെ പ്രധാനപ്പെട്ടതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. അങ്കണവാടികളുടെ വൈദ്യുതീകരണം, മലമ്പണ്ടാരം വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ക്ക് ഷീറ്റ് ഇടല്‍, വിദ്യാര്‍ഥികള്‍ക്ക് താല്‍ക്കാലിക പഠന മുറി വൈദ്യുതീകരണം എന്നിങ്ങനെ വിവിധ ആവശ്യങ്ങളാണ് ഇവര്‍ക്കുള്ളത്. പദ്ധതിയില്‍ വരുന്ന കാലതാമസം ഉണ്ടാകാതെ ഇവയെല്ലാം പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ ശ്രമം ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു.
പട്ടികവര്‍ഗ വിഭാഗങ്ങള്‍ താമസിക്കുന്ന കോളനികളില്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതി, ബാങ്ക് പരീക്ഷകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പരിശീലന പരിപാടി, സ്വയം തൊഴില്‍ സഹായം എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. കൂടാതെ ഭിന്നശേഷിക്കാരായ പട്ടികജാതി പട്ടിക വര്‍ഗ യുവാക്കള്‍ക്ക് സ്വയം തൊഴിലിനുള്ള സഹായം, തെങ്ങുകയറ്റ യന്ത്ര വിതരണം, ആട്, കോഴി വളര്‍ത്തലിനുള്ള ധനസഹായം എന്നിവയും നല്‍കുന്നുണ്ട്. കോളനികളിലെ വീട് നിര്‍മാണത്തിനൊപ്പം വീടിന്റെ സംരക്ഷണഭിത്തി നിര്‍മാണവും, വീടുകളുടെ അറ്റകുറ്റപണിയും പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പ്ലാനിംഗ് ഓഫീസര്‍ സാബു. സി. മാത്യു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.