Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ / വാര്‍ത്തകള്‍ ( 16/02/2022 )

 

ജാഗ്രതാ നിര്‍ദേശം

കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള കക്കാട് പവര്‍ ഹൗസിലെ ജനറേറ്ററിന്റെ വാര്‍ഷിക അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 30 സെന്റി മീറ്റര്‍ എന്ന തോതില്‍ ഉയര്‍ത്തി 50 കുമെക്സ് എന്ന നിരക്കില്‍ ഏതുസമയത്തും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടാന്‍ സാധ്യതയുണ്ട്.

 

 

ഇപ്രകാരം തുറന്നു വിടുന്ന ജലം മൂഴിയാര്‍ ഡാമില്‍ നിന്നും കക്കാട് പവര്‍ ഹൗസ് വരെ എത്താന്‍ ഏകദേശം രണ്ടു മണിക്കൂര്‍ സമയം എടുക്കും. ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം നദികളില്‍ 15 സെ.മി. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്റെയും, പ്രത്യേകിച്ചു മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവരും, ജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.

 

ആശയ വിനിമയക്കുറവ് കുടുംബ ബന്ധങ്ങളെ ഉലയ്ക്കുന്നു : ഷാഹിദാ കമാൽ
കുടുംബങ്ങളിൽ ദമ്പതികൾ തമ്മിലും അവരുടെ മക്കളുമായും സ്വാഭാവികമായ ആശയ വിനിമയം നടക്കാത്തത് കുടുംബ ബന്ധങ്ങളെ ഉലയ്ക്കുന്നുവെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ. ഇത്തരക്കാർ സ്വമേധയാ കൗൺസലിങ്ങിന് വിധേയമാകുന്നതാണ് ഉചിതമെന്നും ഷാഹിദാ കമാൽ പറഞ്ഞു.
ഒരേ വീട്ടിൽ പരസ്പരം സംസാരിക്കാതെ തെറ്റിദ്ധാരണയിൽ കഴിയുന്നത് മാനസിക പിരിമുറുക്കം സൃഷ്ടിക്കുമെന്നും ഷാഹിദാ കമാൽ പറഞ്ഞു. കമ്മിഷൻ സിറ്റിങ്ങിൽ പരിഗണിച്ച ഇത്തരത്തിലുള്ള നാല് പരാതികളിൽ രണ്ട് കുടുംബങ്ങളെ കമ്മിഷൻ കൂട്ടിയോജിപ്പിച്ചു. മറ്റ് രണ്ട് കുടുംബങ്ങളെ കൗൺസലിങ്ങിന് വിധേയരാകാൻ നിർദ്ദേശം നൽകി. പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ സംഘടിപ്പിച്ച പത്തനംതിട്ട ജില്ലാ സിറ്റിങ്ങിൽ പരിഗണിച്ച 98 പരാതികളിൽ 43 എണ്ണം തീർപ്പായി. മൂന്ന് പരാതികൾ റിപ്പോർട്ടിനായി അയച്ചു. കക്ഷികൾ ഹാജരാകാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ  52 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി.

 

 

 

സംഘര്‍ഷം ഉണ്ടാകാതെ ജില്ലയെ നയിക്കുന്നത് മതസൗഹാര്‍ദം: ജില്ലാ കളക്ടര്‍

സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ പത്തനംതിട്ട ജില്ലയെ മുന്നോട്ട് നയിക്കുന്നത് ഇവിടെ നിലനില്‍ക്കുന്ന മതസൗഹാര്‍ദം ആണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലയിലെ മതസൗഹാര്‍ദ യോഗത്തില്‍ ഓണ്‍ലെനായി അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

 

വിദ്യാര്‍ഥികളുടെ ഇടയില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടരുതെന്നും കളക്ടര്‍ പറഞ്ഞു. കൃതമായ സമയ ഇടവേളകളില്‍ മതസൗഹാര്‍ദ യോഗം ചേരണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ നിലവില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും കഴിഞ്ഞ യോഗത്തില്‍ തീരുമാനിച്ച പ്രകാരം വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ മാപ്പിംഗ് നടക്കുന്നുണ്ടെന്നും സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. സുധാകരന്‍ പിള്ള അറിയിച്ചു. എഡിഎം അലക്സ് പി. തോമസ്, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ മീറ്റിംഗില്‍ പങ്കെടുത്തു.

റീ ടെന്‍ഡര്‍

മല്ലപ്പളളി ഐ.സി.ഡി.എസ് പ്രോജക്ടില്‍ അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ജി.എസ്.ടി രജിസ്‌ട്രേഷനുളള സ്ഥാപനങ്ങളില്‍ നിന്ന് റീടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് രണ്ടുവരെ. ടെന്‍ഡര്‍ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും മല്ലപ്പളളി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 6238978900.

 

 

സൗരോര്‍ജ പ്ലാന്റുകള്‍ക്ക് അനര്‍ട്ട് 40 ശതമാനം വരെ സബ്സിഡി നല്‍കും

അനര്‍ട്ട് മുഖേന ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് സൗര തേജസ്് എന്ന സബ്സിഡി പദ്ധതി ആരംഭിച്ചു. രണ്ടു കിലോവാട്ട് മുതല്‍ മൂന്നു കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനം സബ്സിഡിയും, മൂന്നു കിലോവാട്ടിന് മുകളില്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 20 ശതമാനം വരെ സബ്സിഡിയും ലഭിക്കും.
വീട്ടിലെ മേല്‍ക്കൂരയില്‍ ലഭിക്കുന്ന സൂര്യപ്രകാശത്തില്‍ നിന്നും സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുന്നതിലൂടെ വീടുകളില്‍ വില കൊടുത്ത് വാങ്ങുന്ന വൈദ്യുതി ലാഭിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് സൗര മേല്‍ക്കൂര വൈദ്യുതി നിലയം

 

 

. ഇത്തരം സൗര വൈദ്യുത നിലയങ്ങളെ നിലവിലുള്ള സംസ്ഥാന വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ അവ സ്ഥാപിക്കുന്ന കെട്ടിടത്തിലെ വൈദ്യുതാവശ്യം നിറവേറ്റുന്നതിനും അധികമായി ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി സംസ്ഥാന വൈദ്യുതി ശൃംഖലയിലേക്ക് നല്‍കുന്നതിനും കഴിയുന്നു. അങ്ങനെ ഉല്പാദിപ്പിച്ചു സംസ്ഥാന ശൃംഖലയിലേക്ക് നല്‍കുന്ന വൈദ്യുതിയുടെ വില ഗുണഭോക്താവിന് സ്വന്തം ബില്ലില്‍ കുറവ് ചെയ്ത് കിട്ടുകയും ചെയ്യും.

 

 

അനര്‍ട്ടിന്റെ http://www.buymysun.com/SouraThejas എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
രജിസ്ട്രേഷന്‍ മുന്‍ഗണനാ ക്രമത്തില്‍ മാത്രമേ സബ്സിഡി ലഭിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് അനര്‍ട്ട് ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0468-2224096, 9188119403.

 

ജാക്ക് ഫ്രൂട്ട് ബഡ് തൈകള്‍ വില്‍പനയ്ക്ക്

മലയാലപ്പുഴ കൃഷി ഭവനില്‍ ജാക്ക് ഫ്രൂട്ട് ബഡ് തൈകള്‍ ഇന്നു (ഫെബ്രുവരി 17) മുതല്‍ വില്‍ക്കും. ആവശ്യമുളളവര്‍ 2021-22 ലെ കരം അടച്ച് രസീതിന്റെ കോപ്പിയും തൈ ഒന്നിന് 20 രൂപ നിരക്കില്‍ കൊണ്ടു വരണമെന്ന് മലയാലപ്പുഴ കൃഷി ഓഫീസര്‍ അറിയിച്ചു.

 

സൗജന്യ യോഗ പരിശീലനം ഉദ്ഘാടനം ചെയ്തു

കുളനട മാതൃക ഹോമിയോ ഡിസ്പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷന്‍ ആരംഭിക്കുന്ന സൗജന്യ യോഗ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു.

 

ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. ബിജുകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. മോഹന്‍ദാസ്, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. സുനിത, പഞ്ചായത്ത് അംഗങ്ങളായ, ഗീത ദേവി, പി.കെ. ഉണ്ണികൃഷ്ണ പിള്ള, ബിജു പരമേശ്വരന്‍, വിനോദ് കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. എസ്. അഞ്ചു എന്നിവര്‍ സംസാരിച്ചു. രോഗത്തിന് മികച്ച ചികിത്സയും ഒപ്പം ആരോഗ്യവും സൗഖ്യവും മുന്‍ നിര്‍ത്തിയാണ് വെല്‍നെസ് സെന്ററുകളുടെ പ്രവര്‍ത്തനം. എല്ലാദിവസവും ഇവിടെ യോഗ പരിശീലനം ഉണ്ടായിരിക്കും.

 

ടെന്‍ഡര്‍

കെ.എസ്.ജി.എച്ച്.എസ്.എസ് കടപ്ര സ്‌കൂളിലേക്ക് 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലബോറട്ടറി ഉപകരണങ്ങള്‍ (ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി) നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 23ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ. ഫോണ്‍: 9495053782, 04692711602.

ലേലം

മല്ലപ്പളളി താലൂക്കില്‍ ആര്‍കെഐ പ്രൊജക്ടില്‍പ്പെട്ട പത്തനംതിട്ട – അയിരൂര്‍ – മുട്ടുകുടുക്ക – ഇല്ലത്ത്പടി, മുട്ടുകുടുക്ക – പ്രക്കാനം, പ്രക്കാനം-ഇലവുംതിട്ട, കുളനട-രാമന്‍ചിറ, താന്നികുഴി-തോന്ന്യാമല റോഡിലുളള മരങ്ങള്‍ കെ.എസ്.ടി.പി പൊന്‍കുന്നം ഡിവിഷന്‍ ഓഫീസ് പരിസരത്ത് ഈ മാസം 24 ന് രാവിലെ 11.30 ന് ലേലം ചെയ്തു കൊടുക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയിതി 23 ന് രാവിലെ 11.30. ഫോണ്‍ : 04828-206961, 8086395022.

ടെന്‍ഡര്‍

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2021-22 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പദ്ധതിയുടെ ടെന്‍ഡര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.etenders.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. മറ്റ് വിവരങ്ങള്‍ക്ക് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 2224070.

ലൈസന്‍സ്

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ 2022-23 സാമ്പത്തിക വര്‍ഷത്തേയ്ക്കുളള ലൈസന്‍സ് പുതുക്കുന്നതിന് മാര്‍ച്ച് 31 ന് മുന്‍പ് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത തീയതിക്ക് ശേഷം സമര്‍പ്പിക്കുന്ന ലൈസന്‍സ് അപേക്ഷകര്‍ക്ക് ലൈസന്‍സ് ഫീസിന്റെ 25 ശതമാനം പിഴ ചുമത്തും. ലൈസന്‍സ് ലഭ്യമാക്കുന്നതിന് മുമ്പ് വാണിജ്യാവശ്യത്തിന് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ 2022-23 വര്‍ഷത്തെ നികുതി ഒടുക്കണം.

 

കലാകാരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി

 

കേരള ലളിതകലാ അക്കാദമി 2022-23 വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുത്ത കലാകാരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. കേരള ലളിതകലാ അക്കാദമിയുടെയോ നാഷണല്‍ ലളിത് കലാ അക്കാദമിയുടെയോ കലാപ്രദര്‍ശനങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയോ, ഗ്രാന്റ് പ്രദര്‍ശനങ്ങള്‍ക്ക് അര്‍ഹത നേടിയവരേയോ ആണ് ഇന്‍ഷുറന്‍സിലേയ്ക്ക് പരിഗണിക്കുന്നത്. അക്കാദമി വെബ്‌സൈറ്റില്‍ (www.lalithkala.org) ലഭ്യമായിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കാം. മുന്‍പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും പുതുതായി വീണ്ടും അപേക്ഷിക്കണം.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബോര്‍ഡ്, യൂണിവേഴ്‌സിറ്റി, മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവരും വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കൂടിയവരും അപേക്ഷിക്കേണ്ടതില്ല. ഓണ്‍ലൈന്‍ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28.

 

തീയതി നീട്ടി

സംസ്ഥാന ലഹരി വര്‍ജനമിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുളള ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ഏകോപനത്തിനായി പത്തനംതിട്ട ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വിമുക്തി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍സ് സ്റ്റഡീസ്, ജെന്റര്‍ സ്റ്റഡീസ് എന്നിവയില്‍ ഒന്നില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദാനന്തര ബിരുദവും, കൂടാതെ ലഹരിവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, മിഷനുകളിലോ, പ്രോജക്റ്റുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യമാണ്.

 

 

23 വയസിനും, 60 വയസിനും ഇടയില്‍ ഉളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മാര്‍ച്ച് 31 ന് വൈകുന്നേരം അഞ്ചിന് അകം ബയോഡേറ്റ സഹിതം പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളില്‍ നിന്നും ലഭ്യമാണ്.

 

അങ്കണവാടികളുടെ പ്രവര്‍ത്തന മികവ് ഉറപ്പാക്കുന്നതിന് മാര്‍ഗരേഖ തയാറാക്കും: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

 

നോളജ് വില്ലേജിന്റെ ഭാഗമായി റാന്നി നിയോജക മണ്ഡലത്തിലെ അങ്കണവാടികളുടെ പ്രവര്‍ത്തന മികവ് ഉറപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ തയാറാക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഇതിനായി ഈ മേഖലയിലെ അക്കാദമിക് വിദഗ്ധരെ പങ്കെടുപ്പിച്ച്് വര്‍ക്‌ഷോപ്പ് നടത്തും. ദീര്‍ഘമായ ഇടവേളയ്ക്കുശേഷം അങ്കണവാടികള്‍ തുറന്ന സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായ പഠനത്തിനായി ഒരുക്കിയ സൗകര്യങ്ങളും തയാറെടുപ്പുകളും വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.

 

നിയോജക മണ്ഡലത്തിലെ അംഗനവാടികള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച വിശദമായ അവലോകനം യോഗത്തില്‍ നടന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പരിമിതിയുള്ള അങ്കണവാടികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനമായി. അങ്കണവാടി അധ്യാപകര്‍ക്ക് ശാസ്ത്രീയമായ പരിശീലനം തുടര്‍ച്ചയായി സംഘടിപ്പിക്കാന്‍ പദ്ധതി തയാറാക്കുമെന്നും എംഎല്‍എ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി അധ്യക്ഷനായി. വനിതാ ശിശു വികസന ജില്ലാ ഓഫീസര്‍ പി.എസ്. തസ്‌നീം, ജില്ലാ പ്രോഗ്രാം ഓഫീസര്‍ നിഷാ നായര്‍, സ്മിത, ജാസ്മിന്‍, ലത എന്നിവര്‍ സംസാരിച്ചു.