പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വന പ്രദേശങ്ങളില്‍ സ്ഥിരതാമസം ഇല്ലാതെ അധിവസിക്കുന്ന മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് പരിശീലനം നല്കി പൂര്‍ത്തീകരിച്ച ആദ്യ വീടിന്റെ കൈമാറ്റം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും ചേര്‍ന്ന് നിര്‍വഹിച്ചു.
സ്ഥിരമായി ഒരു ആവാസ കേന്ദ്രം ഉണ്ടാകണമെന്ന അവബോധം സൃഷ്ടിക്കുന്നതിനായാണ് പരമ്പരാഗതവും പ്രകൃതി സൗഹൃദവുമായ വീട് നിര്‍മാണത്തില്‍ പരിശീലനം നല്കുന്ന പദ്ധതി ആവിഷ്കരിച്ചത്. ഈ സാമ്പത്തിക വര്‍ഷം പരിശീലനം നല്കി പൂര്‍ത്തീകരിക്കുന്ന അഞ്ചു വീടുകളില്‍ ആദ്യത്തെ വീടാണ് പെരുനാട് ഗ്രാമപഞ്ചായത്തിലെ ളാഹ മഞ്ഞത്തോടില്‍ അമ്പിളിയുടെ കുടുംബത്തിന് കൈമാറിയത്.
വീട് നിര്‍മാണ പരിശീലനം നല്കിയ ഉത്തമന്, പഠനമുറിയുടെ ടീച്ചര്‍ കാവേരി എന്നിവരെ ആദരിക്കുകയും, തൊഴില്‍ കാര്‍ഡ് ലഭിച്ച് തൊഴിലുറപ്പില്‍ പങ്കാളികളായ അംഗങ്ങള്‍ക്ക് തൊഴില്‍ ആയുധങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.എച്ച്. സലീന, അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എല്‍. ഷീല, പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോസ്മോന്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ നിര്‍മല ജനാര്ദ്ദനന്, ഊരുമൂപ്പന് രാജു, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ഷാജഹാന്, അനിത.കെ.നായര്‍, ഉണ്ണികൃഷ്ണന്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ സ്മിത തോമസ്, ശാരി കൃഷ്ണ, വിശാഖ്, എസ്.റ്റി. അനിമേറ്റര്‍മാരായ ചന്ദന, രാധിക രഞ്ജിത്ത്, എസ്. സുജ, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.