Trending Now

പത്തനംതിട്ട ജില്ലയില്‍ അതി കഠിനമായി ചൂട് കൂടുന്നു ,സൂര്യാഘാതത്തെ കരുതണം

 

konnivartha.com ; പത്തനംതിട്ട ജില്ലയില്‍ ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ സൂര്യാഘാതവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാതെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിത കുമാരി അറിയിച്ചു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും, ശരീരത്തിലുണ്ടാകുന്ന താപം പുറത്തു കളയുന്നതിന് തടസ്സം നേരിടുകയും, ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലാവുകയും ചെയ്യും. ഈ അവസ്ഥയാണ് സൂര്യാഘാതം.

സൂര്യാഘാതം ലക്ഷണങ്ങള്‍

വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ.

സൂര്യാതപം

സൂര്യാഘാതത്തേക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ ചുവന്നു തടിക്കുകയും, വേദനയും, പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇങ്ങനെയുള്ളവര്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്. പൊള്ളലേല്‍ക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കാന്‍ പാടില്ല.

സൂര്യാതപം ലക്ഷണങ്ങള്‍

 

ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആവുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

സൂര്യാഘാതമേറ്റു എന്ന് തോന്നിയാല്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍

*സൂര്യാഘാതം,സൂര്യാതപം എന്നിവയേറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്തുനിന്നും തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. *ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റുക
*തണുത്ത വെള്ളം കൊണ്ട് മുഖവും ശരീരവും തുടയ്ക്കുക
*ഫാന്‍,എ.സി,വിശറി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക
*ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കുക
*ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാവുകയോ ചെയ്താല്‍ പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുക

പ്രതിരോധമാര്‍ഗങ്ങള്‍

*വേനല്‍ക്കാലത്ത് ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക
*ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക
*വെള്ളം ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങളും, പച്ചക്കറി, സാലഡുകളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക
*ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
*വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മണിവരെയുള്ള സമയം ഒഴിവാക്കി ജോലി ക്രമീകരിക്കുക
*കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്
*കാറ്റ് കടന്ന് ചൂട് പുറത്തു പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക
*വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകരുത്
*വെള്ളം കുറച്ചു കുടിക്കുന്നവര്‍, വെയിലത്തും, തുറസായ സ്ഥലങ്ങളിലും പണിയെടുക്കുന്നവര്‍, മദ്യപാനികള്‍ എന്നിവരും അപകടസാധ്യത കൂടിയവരില്‍ പെടുന്നു. ഇത്തരക്കാരില്‍ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.