Trending Now

കോന്നിയടക്കം 60 ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി

കോന്നിയടക്കം 60 ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി

Konnivartha. Com: സംസ്ഥാനത്തെ ഇക്കോടൂറിസം കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. വനം വകുപ്പിന് 60 ഇക്കോടൂറിസം കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ആദ്യമായാണ് ഈ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ഇന്ത്യാക്കാരായ പൗരൻമാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയത്. ജനുവരി മുതലാണ് ഈ പദ്ധതി തുടങ്ങിയത്.

യുണൈറ്റെഡ് ഇന്ത്യ ഇൻഷുറസ് കമ്പനിയുമായി ചേർന്നാണ് വനം വകുപ്പ് ഇത് നടപ്പിലാക്കുന്നത്. ടിക്കറ്റ് എടുത്ത് ഇക്കോടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് അപകടങ്ങൾ ഉണ്ടായാൽ പരിരക്ഷ നൽകുന്നതാണ് ഇൻഷുറൻസ് സ്കീം. ഇക്കോടൂറിസം കേന്ദ്രത്തിൽ അപകടം ഉണ്ടായി മരണപ്പെട്ടാൽ അഞ്ചുലക്ഷം രൂപയും അംഗവൈകല്യം ഉണ്ടായാൽ രണ്ടരലക്ഷം രൂപയും സഹായമായി ലഭിക്കും. 1.75ലക്ഷം രൂപ ഒരുവർഷത്തെ പ്രീമിയമായി വനം വകുപ്പ് അടച്ചുകഴിഞ്ഞു. ഒരുവർഷം രണ്ടരക്കോടിരൂപ വരെ ഇൻഷുറൻസ് തുകയായി നൽകുമെന്ന് കരാറിൽ കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.

വസ്തുക്കളുടെ നഷ്ടത്തിന് ഇൻഷുറസ് പരിരക്ഷ ലഭിക്കില്ല. ഇന്ത്യയിൽത്തന്നെ ഇത്തരമൊരു ഇൻഷുറസ് പദ്ധതി നടപ്പിലാക്കുന്നത് കേരള വനംവകുപ്പാണ്. വിനോദ സഞ്ചാര സൗഹൃദ സംസ്ഥാനമായി കേരളത്തിനെ മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ഇക്കോടൂറിസം കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് ഇൻഷുറൻസ് ഏർപ്പാടാക്കിയത്.

പെരിയാർ ടൈഗർ റിസേർവ്, തേക്കടി, തട്ടേക്കാട്, ഇരവികുളം ദേശീയ ഉദ്യാനം, ചിന്നാർ, നെയ്യാർ, പൊൻമുടി, പാലരുവി, തൊമ്മൻ കുത്ത്, സൈലന്റ് വാലി, പറമ്പിക്കുളം, കക്കയം, സൂചിപ്പാറ, തെന്മല, കോന്നി ആനത്താവളം, അടവി എന്നിവയാണ് വനം വകുപ്പിന്റെ പ്രധാന ഇക്കോടൂറിസം കേന്ദ്രങ്ങൾ. വർഷങ്ങൾക്ക് മുൻപ് തേക്കടിയിൽ ബോട്ട് ദുരന്തം ഉണ്ടായപ്പോഴേ സന്ദർശകർക്ക് ഇൻഷുറൻസ് നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാൽ ഈ വർഷം മാത്രമേ പ്രാവർത്തികമാക്കാൻ കഴിഞ്ഞുള്ളു.