Trending Now

കോവിഡ് : ഗൃഹ നിരീക്ഷണത്തിലുള്ളവരും അവരെ പരിചരിക്കുന്നവരും ശ്രദ്ധിക്കണം: ഡിഎംഒ

 

ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗികളില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് തടയുന്നതിനായി പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോക്ടര്‍ എല്‍ അനിതകുമാരി പുറപ്പെടുവിച്ചു.

കുടുംബാംഗങ്ങളില്‍ നിന്നും അകലം പാലിക്കുക, വായുസഞ്ചാരമുള്ള മുറിയില്‍ താമസിക്കുക, എന്‍95 മാസ്‌ക്കോ ഡബിള്‍ മാസ്‌കോ ഉപയോഗിക്കുക. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക/സാനിട്ടൈസ് ചെയ്യുക. പാത്രങ്ങളും ഉള്‍പ്പെടെയുള്ള വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍ ആരുമായും പങ്കു വെക്കരുത്. ഇടയ്ക്കിടെ സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ സോപ്പ്/ ഡിറ്റര്‍ജന്റ്/ വെള്ളം എന്നിവ ഉപയോഗിച്ച് വ്യക്തമാക്കുക. പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിച്ച് രേഖപ്പെടുത്തുക,

മൂന്നുദിവസത്തിനകം ശരീരോഷ്മാവ് 100 ഡിഗ്രി സെല്‍ഷ്യസ് മുകളില്‍ തുടര്‍ന്നാല്‍, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടാല്‍, ഒരു മണിക്കൂറില്‍ മൂന്നുതവണയും ഓക്‌സിജന്‍ സാച്യുറേഷന്‍ 93% താഴ്ന്നാല്‍, നെഞ്ചില്‍ വേദന/ഭാരം/ആശയക്കുഴപ്പം അനുഭവപ്പെട്ടാല്‍,കഠിനമായ ക്ഷീണവും പേശി വേദനയും ഉണ്ടായാല്‍ വൈദ്യസഹായം ഉടന്‍ തേടണം.

 

ഗൃഹനിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് ബാധിതരെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍- രോഗിയുടെ അടുത്ത് പോകുമ്പോള്‍ എന്‍95 മാസ്‌ക് ഉപയോഗിക്കുക, താമസിക്കുന്ന മുറിയില്‍ തന്നെ രോഗിക്ക് ആഹാരം നല്‍കുക, കൈകളില്‍ ഗ്ലൗസ് ധരിക്കുക ,മുന്‍ഭാഗത്ത് സ്പര്‍ശിക്കാനോ സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്താനോ പാടില്ല, നനഞ്ഞ മാസ്‌ക് വീണ്ടും ഉപയോഗിക്കരുത്, രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക, രോഗി ഉപയോഗിച്ച വസ്തുക്കള്‍ കൈകാര്യം ചെയ്തതിനുശേഷവും ഗ്ലൗസ് അഴിച്ചതിന് ശേഷവും കൈകള്‍ കഴുകി വൃത്തിയാക്കുക. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ടെസ്റ്റ് ചെയ്യുന്നതിന് വിമുഖത കാട്ടരുത്.

പ്രായമുള്ളവര്‍ക്കും ,രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ രോഗം ഗുരുതരമായേക്കാം. വാക്‌സിന്‍ എടുത്തു എന്ന് കരുതി ജാഗ്രത കുറവ് പാടില്ല. ജാഗ്രത കൈവിടാതെ എല്ലാവരുടെയും സുരക്ഷയെ കരുതി മുന്നോട്ടുപോകണമെന്ന് ഡിഎംഒ അറിയിച്ചു.

ഫെബ്രുവരി 15 ന് ഉള്ളിൽ കൊവിഡ് തീവ്രവ്യാപനം:അശ്രദ്ധമൂലം കേരളത്തിലും വ്യാപനം ഇരട്ടിച്ചേക്കാം

ഫെബ്രുവരി 15ന് ഉള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമുണ്ടാകുമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. അതുകൊണ്ട് തന്നെ അടുത്ത ഒരു മാസം നിർണായകമായിരിക്കുമെന്ന് വീണാ ജോർജ് വ്യക്തമാക്കി.മൂന്നാം തരം​ഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ തീവ്ര വ്യാപനത്തിലേക്ക് സംസ്ഥാനം കടന്നുവെന്ന് വീണാ ജോർജ് അറിയിച്ചു.

 

കൊവിഡിന്റെ ഡെൽറ്റ, ഒമിക്രോൺ വകഭേദമാണ് നിലവിൽ സംസ്ഥാനത്ത് പടരുന്നതെന്ന് ആരോ​ഗ്യ മന്ത്രി പറഞ്ഞു. പനിയും പനി ലക്ഷണങ്ങളും ഉള്ളവർ അത് അവഗണിക്കരുത്. അത്തരക്കാർ പൊതു സമ്പർക്കം ഒഴിവാക്കണം. ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രികളിൽ ചികിത്സ തേടുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണം. പ്രായമുള്ളവരും മറ്റു രോഗങ്ങൾ ഉള്ളവരും കർശന ജാഗ്രത പുലർത്തണം. പോസിറ്റീവ് ആയവർ കൃത്യമായ വിശ്രമം എടുക്കണമെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മന്ത്രിസഭാ യോഗവും വിലയിരുത്തി. നിയന്ത്രണങ്ങൾ കർശനം ആക്കേണ്ടി വരുമെന്നാണ് മന്ത്രിസഭാ യോ​ഗത്തിന്റെ തൂീരുമാനം. കർശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വർധിച്ച് വരുന്ന കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ആശുപത്രികൾ സജ്ജ്‌മാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആവശ്യത്തിന് ഐസിയു, വെന്റിലേറ്റർ എന്നിവയുടെ സൗകര്യമുണ്ട്.ഡെൽറ്റയെക്കാൾ വ്യാപനം കൂടുതലുള്ള വകഭേ​ദമാണ് ഒമിക്രോൺ. കേരളത്തിൽ ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വ്യാപനമാണ് ഒമിക്രോണിന്. വിദേശ രാജ്യങ്ങളിൽ അഞ്ച് മുതൽ ആറിരട്ടി വരെ വ്യാപനമുണ്ട്.

അശ്രദ്ധമൂലം കേരളത്തിലും വ്യാപനം ഇരട്ടിച്ചേക്കാമെന്ന് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ഈ ഘട്ടത്തിൽ N95 അല്ലെങ്കിൽ ഡബിൾ മാസ്ക് തന്നെ ധരിക്കണമെന്ന് മന്ത്രി ആവർത്തിച്ചു. കണ്ണിന് കാണാൻ സാധിക്കാത്ത ചെറിയ ഡ്രോപ്ലെറ്റ്സിൽ നിന്ന് പോലും വൈറസ് പടർന്ന് പിടിക്കുന്നു. വ്യക്തിശുചിത്വം പാലിക്കണമെന്നും, കൈകൾ സാനിറ്റൈസർ ഉപയോ​ഗിച്ചോ, സോപ്പും വെള്ളവും ഉപയോ​ഗിച്ചോ വൃത്തിയാക്കണമെന്ന് മന്ത്രി പറയുന്നു.

വാക്സിനേഷൻ നിർബന്ധമായും എടുക്കണം. മുൻനിര പ്രവർത്തകരും മറ്റ് അർഹരും ബൂസ്റ്റർ ഡോസ് എടുക്കണം. പൊതുജനങ്ങൾ അടഞ്ഞ സ്ഥലത്ത് ഇരിക്കാതെ, തുറസായ, വായുസഞ്ചാരമുള്ള സ്ഥലത്ത് ഇരിക്കണം. സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടാതെ ശ്രദ്ധിക്കണമെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.

സർക്കാർ ആശുപത്രിയിൽ 3107 ഐസിയു ബെഡുകളുണ്ട്. സ്വകാര്യ ആശുപത്രികളിൽ 7468 ഐസിയു ബെഡുകളുണ്ട്. വെന്റിലേറ്ററുകളും ഓക്സിജൻ ബെഡുകളും സംസ്ഥാനത്ത് സജ്ജമാണ്. 1817.54 മെട്രിക് ടൻ ലിക്വിഡ് ഓക്സിജൻ നിലവിൽ സംസ്ഥാനത്തുണ്ട്. സംസ്ഥാനത്ത് മരുന്ന് ക്ഷാമം എന്നത് തെറ്റായ വാർത്തയാണെന്നും ആവശ്യമുള്ള മരുന്നുകളെല്ലാം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.