മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഒരുങ്ങി
തിരുവാഭരണ ഘോഷയാത്ര 12ന് പന്തളത്തുനിന്ന് പുറപ്പെടും
മകരസംക്രമ പൂജ 14ന് ഉച്ചയ്ക്ക് 2.29ന്, മകരജ്യോതി 14ന് വൈകുന്നേരം
പ്രസാദ, ബിംബ ശുദ്ധിക്രിയകൾ 12നും 13നും
KONNIVARTHA.COM : ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം മകരവിളക്കിനായി ഒരുങ്ങി. മകരവിളക്കിന് മുന്നോടിയായുള്ള ക്ഷേത്രത്തിലെ ശുദ്ധിക്രിയകൾ 12നും 13നുമായി നടക്കും. 12ന് വൈകുന്നേരം പ്രാസാദ ശുദ്ധി ക്രിയയാണ് നടക്കുക. 13ന് ഉഷപൂജയ്ക്ക് ശേഷം ബിംബ ശുദ്ധി ക്രിയയും നടക്കും.
ജനുവരി 14 ന് ആണ് പ്രസിദ്ധമായ മകരവിളക്ക്. ഭക്തർക്ക് പൊന്നമ്പലമേട്ടിലെ മകരവിളക്ക് ദർശിക്കുന്നതിനായി സുരക്ഷിതമായ കേന്ദ്രങ്ങൾ ശബരിമല സന്നിധാനത്തും പരിസരത്തും ക്രമീകരിക്കുന്നുണ്ട്. ഇവിടെ പോലീസിന്റെ പ്രത്യേക സുരക്ഷാ സംവിധാനമുണ്ടാകും.
14 ന് ഉച്ചയ്ക്ക് 2.29ന് ആണ് മകര സംക്രമ പൂജ. തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്ന് പ്രതിനിധി കൊണ്ടുവരുന്ന നെയ് തേങ്ങകൾ ശ്രീകോവിലിനുള്ളിൽ വച്ച് ഉടച്ച ശേഷം, തന്ത്രി കണ്ഠര് മഹേഷ് മോഹനര് നെയ്യ് അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്തു മകരസംക്രമപൂജ നടത്തും. ഉച്ചപൂജയ്ക്കു ശേഷമാണ് മകരസംക്രമപൂജ. മകരസംക്രമ പൂജയ്ക്ക് ശേഷം വൈകുന്നേരം മൂന്നിന് അടയ്ക്കുന്ന അയ്യപ്പ ക്ഷേത്ര നട വൈകിട്ട് അഞ്ചിന് തുറക്കും.
തുടർന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പാട്. ശരംകുത്തിയിൽ വച്ച് ആചാരാനുഷ്ഠാന പ്രകാരമുള്ള സ്വീകരണത്തിനു ശേഷം കൊണ്ടുവരുന്ന തിരുവാഭരണ പേടകം പതിനെട്ടാം പടിക്കു മുകളിൽ കൊടിമരത്തിന് മുന്നിലായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ബോർഡ് അംഗങ്ങളായ പി.എം. തങ്കപ്പൻ, അഡ്വ. മനോജ് ചരളേൽ, ദേവസ്വം കമ്മീഷണർ ബി.എസ്. പ്രകാശ്, ശബരിമല സ്‌പെഷ്യൽ കമ്മീഷണർ എം. മനോജ് എന്നിവർ ചേർന്ന് സ്വീകരിച്ച് ശ്രീകോവിലിനു മുന്നിലേക്ക് കൊണ്ടു പോകും. ശേഷം തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധന 6.30ന് നടക്കും. ദീപാരാധനയെ തുടർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.
രാത്രിയോടെ മണി മണ്ഡപത്തിൽ നിന്നുള്ള എഴുന്നളളത്തിനും തുടക്കമാകും. (ജനുവരി 11) എരുമേലി പേട്ടതുള്ളൽ നടക്കും. (ജനുവരി 12) തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്നു പുറപ്പെടും.
ഹരിവരാസനം പുരസ്‌കാരം 14ന് സമ്മാനിക്കും
ജനുവരി 14 ന് സന്നിധാനത്തെ പ്രധാന സ്റ്റേജിൽ നടക്കുന്ന സമ്മേളനത്തിൽ 2022 ലെ ഹരിവരാസനം പുരസ്‌കാരം സംഗീത സംവിധായകൻ ആലപ്പി രംഗനാഥിന് സമ്മാനിക്കും. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി. കെ. രാധാകൃഷ്ണൻ ഹരിവരാസനം പുരസ്‌കാരം വിതരണം ചെയ്യും. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ചടങ്ങിൽ സ്വാഗതം പറയും. ആന്റോ ആന്റണി എംപി, ദേവസ്വം ബോർഡ് അംഗങ്ങളായ പി.എം. തങ്കപ്പൻ, അഡ്വ.മനോജ് ചരളേൽ, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ദേവസ്വം കമ്മീഷണർ ബി.എസ്. പ്രകാശ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് ആലപ്പി രംഗനാഥും ശിഷ്യൻമാരായ പിന്നണീ ഗായകരും ചേർന്ന് സ്റ്റേജിൽ ഭക്തിഗാനമേള അവതരിപ്പിക്കും. അന്നേ ദിവസം പ്രശസ്ത ഗായകൻ വീരമണി രാജുവും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനാമൃതവും നടക്കും.
ദിവസവും പതിനായിരത്തോളം അയ്യപ്പൻമാർക്ക് അന്നമേകി സന്നിധാനത്തെ അന്നദാന മണ്ഡപം
ശബരിമല തീർത്ഥാടകർക്ക് ഏറെ ആശ്വാസമായി ദിനംപ്രതി പതിനായിരത്തിന് മുകളിൽ പേർക്ക് ഭക്ഷണം വിളമ്പുകയാണ് സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ. അന്നദാന മണ്ഡപം പൂർണ തോതിൽ ഉപയോഗിച്ചാൽ ഒരു സമയം മൂവായിരത്തോളം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നതാണ് പുതിയ മണ്ഡപം. മകരവിളക്ക് അടുത്തതോടെ തിരക്ക് വർധിച്ചത് പരിഗണിച്ച് രാവിലെ ആറു മുതൽ 11 വരെയാണ് പ്രഭാത ഭക്ഷണം. ഉപ്പുമാവും കടലക്കറിയുമാണ് നൽകുന്നത്. ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ ഇപ്പോൾ പുലാവാണ് നൽകുന്നത്. പുലാവിനൊപ്പം ചള്ളാസും അച്ചാറും ഉണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ ഡിസ്‌പോസിബിൾ പാത്രത്തിൽ പുലാവും ഡിസ്‌പോസിബിൾ ഗ്ലാസിൽ കുടിവെള്ളവുമാണ് നൽകുന്നത്. വൈകിട്ട് ആറു മുതൽ 11 വരെ ഉപ്പുമാവ്, സാമ്പാർ എന്നിവ നൽകുന്നു. സന്നിധാനത്തെത്തുന്ന ഭക്തൻമാരിൽ വലിയൊരു വിഭാഗം ഭക്ഷണത്തിന് അന്നദാന മണ്ഡപത്തെ ആശ്രയിക്കുന്നു. കോവിഡ് പരിഗണിച്ച് ഡിസ്‌പോസിബിൾ പാത്രത്തിൽ നൽകുന്നതിനുള്ള സൗകര്യം പരിഗണിച്ചാണ് പുലാവ് നൽകുന്നത്. ദേവസ്വം ബോർഡിന്റെ അന്നദാന വിതരണത്തിന് ഭാഗഭാക്കാകാൻ സംഭാവനകളുമായി അയ്യപ്പഭക്തർ ധാരാളം എത്തുന്നു. സംഭാവന സ്വീകരിക്കാനായി രണ്ടു കൗണ്ടറുകളും ഇവിടെ തയാറാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ 21 ജീവനക്കാരും ദിവസ വേതനക്കാരായ 22 പേരും വിശ്രമമില്ലാതെ ജോലി ചെയ്താണ് സൗജന്യ അന്നദാനത്തിന് സൗകര്യം ഒരുക്കുന്നതെന്ന് ചുമതല വഹിക്കുന്ന അന്നദാനം സ്‌പെഷ്യൽ ഓഫീസർ കെ.ആർ. വിജയകുമാർ പറഞ്ഞു.
സന്നിധാനത്ത് ഭക്തി ഗാനസുധ
ശബരിമല സന്നിധാനത്ത് വലിയ നടപ്പന്തലിലെ വേദിയിൽ കൊല്ലം വിഷ്ണുവർദ്ധൻ, അമ്പലപ്പുഴ കലേഷ്‌കുമാർ, വിപിൻ എന്നിവർ ചേർന്ന് ഭക്തിഗാനസുധ അവതരിപ്പിച്ചു. വിഷ്ണുവർദ്ധൻ സൺ ടിവിയിലെ സൺസിങ്ങർ ഫൈനലിസ്റ്റും കലേഷ്‌കുമാർ ഗന്ധർവസംഗീതത്തിലെ മത്സരാർഥിയുമായിരുന്നു. വിഷ്ണു എട്ടുവർഷമായി സന്നിധാനത്ത് ഗാനം അവതരിപ്പിക്കുന്നു. കലേഷ് ആദ്യമായാണ് അയ്യപ്പ സന്നിധിയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. തമിഴ് അയ്യപ്പ ഭക്തിഗാനങ്ങൾ ഉൾപ്പടെയുള്ള ഗാനമേളയ്ക്ക് നല്ല ആസ്വാദകരുമുണ്ടായി.
മാധ്യമപ്രവർത്തകർ സന്നിധാനത്ത് ശുചീകരണപ്രവർത്തികൾ നടത്തി
മാധ്യമ പ്രവർത്തകർ സന്നിധാനത്ത് പുണ്യം പൂങ്കാവനം പദ്ധതിയിൽ പങ്കാളികളായി ശുചീകരണ പ്രവർത്തികളിൽ ഏർപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ രണ്ടുമണിക്കൂറോളം സമയം സന്നിധാനത്തെ മഹാകാണിക്ക, വാവര് നട, തിരുമുറ്റം എന്നിവിടങ്ങളാണ് വൃത്തിയാക്കിയത്. ഇവിടങ്ങളിലെ അഞ്ച് മരങ്ങളുടെ ചുവടും ഇരുമ്പു ഗ്രില്ലും വൃത്തിയാക്കി. നെയ്‌ത്തേങ്ങയും നെയ്യും മറ്റും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് എത്തിയ അയ്യപ്പഭക്തർക്കിടയിൽ ബോധവത്കരണവും നടത്തി. മരങ്ങളുടെ ചുവടും വൃത്തിയാക്കി. സന്നിധാനത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന മുതിർന്ന റിപ്പോർട്ടർമാർ, വിവിധ മാധ്യമങ്ങളുടെ പ്രതിനിധികൾ, ഫോട്ടോഗ്രാഫർമാർ, വീഡിയോ ഗ്രാഫർമാർ എന്നിവരും പുണ്യം പൂങ്കാവനം പ്രതിനിധികൾക്കൊപ്പം ശുചീകരണത്തിൽ ഏർപ്പെട്ടു. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള മീഡിയ സെന്ററിലെ ജീവനക്കാരും ശുചീകരണത്തിൽ പങ്കാളികളായി.
ശബരിമലയിലെ നാളത്തെ (11.01.2022) ചടങ്ങുകൾ
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ
4 മണിക്ക്…. തിരുനട തുറക്കൽ
4.05 ന്….. പതിവ് അഭിഷേകം
4.30 മുതൽ 11മണി വരെ നെയ്യഭിഷേകം
4.30 ന് …ഗണപതി ഹോമം
7.30 ന് ഉഷപൂജ
9.00മാ അഷ്ടാഭിഷേകം
11.30 ന് കലശാഭിഷേകം
തുടർന്ന് കളഭാഭിഷേകം
12 .15 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കൽ
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ന് …..ദീപാരാധന
6.45 ന്… പടിപൂജ
7.30 ന് പുഷ്പാഭിഷേകം
9 മണിക്ക് ….അത്താഴപൂജ
10.50 ന് ഹരിവരാസനം സങ്കീർത്തനം പാടി 11 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.