Trending Now

മകരവിളക്ക് ദർശനത്തിന് എല്ലാ തയാറെടുപ്പുകളും പൂർത്തിയായി

മകരവിളക്ക് ദർശനത്തിന് എല്ലാ തയാറെടുപ്പുകളും പൂർത്തിയായി-അഡ്വ.കെ.അനന്തഗോപൻ

KONNIVARTHA.COM : ശബരിമല തീർത്ഥാടനത്തിന്റെ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ ജനുവരി പതിനാലിന് നടക്കുന്ന മകരജ്യോതി ദർശനത്തിന് മുന്നോടിയായുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും പൂർത്തിയാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ.കെ.അനന്തഗോപൻ പറഞ്ഞു. സന്നിധാനത്ത് മകരവിളക്കിന് മുന്നോടിയായി നടത്തിയ ദേവസ്വം ബോർഡ് ജീവനക്കാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 14 ന് ഉച്ചയ്ക്ക് 2.29 നാണ് സംക്രമ പൂജ നടക്കുക.

 

 

ഇത്തവണ ഹിൽ ടോപ്പിലും മകരവിളക്ക് ദർശനത്തിനു സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അവിടെ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. മകരവിളക്ക് ദർശനത്തിന് ഏകദേശം ഒന്നര ലക്ഷത്തോളം അയ്യപ്പഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിൽടോപ്പിൽ 2000 മുതൽ 5000 പേരെ വരെ ദർശനത്തിന് അനുവദിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.നിലവിൽ വെർച്വൽ ബുക്കിങ്ങിനും സ്പോട്ട് രജിസ്ട്രേഷനും നിശ്ചിത എണ്ണം ക്രമീകരിച്ചിട്ടുണ്ടെങ്കിലും എത്തിച്ചേരുന്ന എല്ലാ അയ്യപ്പ ഭക്തന്മാർക്കും സുഗമമായ ദർശനം അനുവദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എത്ര കൂടുതൽ ആളുകൾ വന്നാലും വെർച്വൽ ബുക്കിങ്ങിലെ അധിക സ്ലോട്ടുകളും സ്പോട്ട് രജിസ്ട്രേഷനിലെ അധിക സ്ലോട്ടുകളും ഉപയോഗപ്പെടുത്തി എല്ലാവർക്കും നിലവിൽ ദർശന സൗകര്യം നൽകുന്നുണ്ട്.

തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് 12ന് ആരംഭിക്കും. പതിവ് തിരുവാഭരണ പാത വഴി തന്നെയാണ് ഘോഷയാത്ര ഇത്തവണയും കടന്നുപോകുക. ആവശ്യമായിടത്ത് വെളിച്ചം, മറ്റു ക്രമീകരണങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പന്തളത്ത് അവലോകന യോഗം ചേർന്നിരുന്നു. തിരുവാഭരണ ഘോഷയാത്ര ഏറ്റവും പ്രൗഢിയോടെയും ചിട്ടയോടെയും സംഘടിപ്പിക്കുന്നതിന് ദേവസ്വം ബോർഡ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പേട്ട തുള്ളലും പമ്പാ സദ്യയുമുൾപ്പെടെയുള്ള ചടങ്ങുകൾക്കും ക്രമീകരണങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. പേട്ടതുള്ളലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് എരുമേലിയിൽ ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നിരുന്നു.

 

സന്നിധാനത്ത് പാണ്ടിത്താവളം, അന്നദാന മണ്ഡപത്തിന്റെ മുകളിൽ, കൊപ്രക്കളം എന്നിവിടങ്ങളിലൊക്കെ മകരജ്യോതി ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നിലവിൽ ഇതുവരെ തീർത്ഥാടനകാലം മികച്ച സൗകര്യങ്ങളോടെ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതായി യോഗം വിലയിരുത്തി. മകരവിളക്കിന് ശേഷം ജനുവരി 15 മുതൽ 19 വരെ അയ്യപ്പഭക്തർ പ്രത്യേകിച്ചും മലയാളികൾ കൂടുതലായി സന്നിധാനത്ത് എത്താൻ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ക്രമീകരണങ്ങളും എടുത്തിട്ടുണ്ട്. അപ്പം, അരവണ തുടങ്ങിയവ ആവശ്യത്തിന് കരുതൽ ശേഖരത്തിലുണ്ട്. ആന്ധ്രയിൽ കോവിഡ് നിയന്ത്രണങ്ങൾ കാര്യമായി ഇല്ലാത്തതിനാൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിച്ചേരുന്നത് അവിടെ നിന്നാണ്. കൂടാതെ തീർഥാടകർക്ക് താമസസൗകര്യത്തിനായി അഞ്ഞൂറോളം മുറികളും നിലവിലുണ്ട്.

മകര വിളക്ക് ഉത്സവത്തിനായി നട തുറന്നതിനു ശേഷം എട്ടാംദിവസം പൂർത്തിയാക്കുമ്പോൾ 25 കോടി 18 ലക്ഷം രൂപ നടവരവായി ലഭിച്ചിട്ടുണ്ടെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് പറഞ്ഞു. ഈ സീസണിൽ 110 കോടി രൂപയുടെ നടവരവ് ഉണ്ടായതായും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. പത്രസമ്മേളനത്തിൽ എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാര വാര്യർ, ഫെസ്റ്റിവൽ കൺട്രോളർ ഉപ്പിലിയപ്പൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ പി.എൻ.ഗണേശൻ പോറ്റി എന്നിവരും പങ്കെടുത്തു.

 

 

ശബരിമലയിലെ നാളത്തെ (09.01.2022) ചടങ്ങുകൾ
………
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ
4 മണിക്ക്…. തിരുനട തുറക്കൽ
4.05 ന്….. പതിവ് അഭിഷേകം
4.30 മുതൽ 11മണി വരെ നെയ്യഭിഷേകം
4.30 ന് …ഗണപതി ഹോമം
7.30 ന് ഉഷപൂജ
9.00am അഷ്ടാഭിഷേകം
11.30 ന് കലശാഭിഷേകം
തുടർന്ന് കളഭാഭിഷേകം
12 .15 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കൽ
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ന് …..ദീപാരാധന
6.45 ന്… പടിപൂജ
7.30 ന് പുഷ്പാഭിഷേകം
9 മണിക്ക് ….അത്താഴപൂജ
10.50 ന് ഹരിവരാസനം സങ്കീർത്തനം പാടി 11 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

 

ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ സഞ്ചരിക്കുന്ന ലാബും സജ്ജം;ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കി

സന്നിധാനത്തും പരിസരത്തും പ്രവർത്തിക്കുന്ന ഹോട്ടലുകളിലും ജ്യൂസ് കടകളിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഭക്ഷ്യവസ്തുക്കൾ വൃത്തിയായും പരമാവധി ചെറിയ ചൂടോടുകൂടിയും നൽകാൻ നിർദ്ദേശം നൽകി.

ഭക്ഷണ സാധനങ്ങൾ വിതരണം നടത്തുന്ന സ്റ്റീൽ പാത്രങ്ങൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നതിനും നിർദ്ദേശിച്ചു. നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. സന്നിധാനത്തെ പരിശോധനകൾക്ക് ഫുഡ് സേഫ്റ്റി ഓഫീസർമാരായ ജോസ് ലോറൻസ്, സക്കീർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.

സംവിധാനത്തെ ഹോട്ടലുകളിൽ നിന്നും അന്നദാന മണ്ഡപങ്ങളിൽ നിന്നും മെസ്സുകളിൽ നിന്നും ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച് ഗുണനിലവാരം ഉറപ്പാക്കിവരുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ സഞ്ചരിക്കുന്ന ലാബ് നിലയ്ക്കലിൽ പ്രവർത്തിച്ചുവരുന്നു.

സഞ്ചരിക്കുന്ന ലാബിന്റെയും പത്തനംതിട്ട ജില്ലാ ലാബിന്റെയും സഹായത്താലാണ് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കി വരുന്നത്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്‌പെഷൽ സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട് പരിശോധനകൾ ശബരിമല മകരവിളക്ക് ഉത്സവം തീരുന്നതുവരെ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

 

 

മകരവിളക്ക്: പാണ്ടിത്താവളത്തെ ഹെൽത്ത് കിയോസ്‌ക്
അടിയന്തിര ആവശ്യത്തിന് തുറക്കും

ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പാണ്ടിത്താവളത്ത് പണി പൂർത്തിയാക്കിയ ഹെൽത്ത് കിയോസ്‌ക് കെട്ടിടം അടിയന്തിര ആവശ്യങ്ങൾക്കായി തുറന്നു നൽകും.

ഇതിന് മുന്നോടിയായി സൗകര്യങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും എ.ഡി.എമ്മും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും കെട്ടിടം സന്ദർശിച്ച് സാഹചര്യം വിലയിരുത്തി. പാണ്ടിത്താവളത്ത് കേരളീയ ശൈലിയിലാണ് പുതിയ കെട്ടിടം പൂർത്തിയാക്കിയിട്ടുള്ളത്.രണ്ട് വിശാലമായ മുറികളും ഒരു ഹാളും ഇവിടെ സജ്ജമാണ്. ഹാൾ താൽക്കാലികമായി സന്നിധാനത്തെ അഗ്നി രക്ഷാ വിഭാഗത്തിൻരെ ആവശ്യത്തിന് നൽകും. ശേഷിക്കുന്ന മുറികൾ അടിയന്തിര ചികിത്സാ സഹായ കേന്ദ്രമായി പ്രവർത്തിക്കും. പിന്നീട് ഡോക്ടർമാരുൾപ്പടെയുള്ള സംവിധാനമാണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്. പാണ്ടിത്താവളത്ത് ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന അയ്യപ്പ ഭക്തർക്ക് താഴെവരെയെത്താതെ അടിയന്തിര ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുകയും ഇതിലൂടെ ദേവസ്വംബോർഡ് ലക്ഷ്യമിടുന്നു. ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായ പാണ്ടിത്താവളം മുതൽ ഇൻസിലിനേറ്റർ വരെയുള്ള റോഡ് നിർമാണം ടൈൽ ഉൾപ്പടെയിട്ട് നേരത്തെ പൂർത്തിയായിരുന്നു.

 

 

മകരവിളക്ക് തീർത്ഥാടനം:നടവരവ് 22 കോടി കടന്നു

മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നടതുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ ഇക്കാലയളവിലെ നടവരവ് 22 കോടി കടന്നു. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം അപ്പം വഴി 1 കോടി രൂപയും അരവണ വഴി ഒമ്പതര കോടി രൂപയും കാണിക്ക വഴി പതിനൊന്നരകോടി രൂപയും ആണ് നടവരവ്. ശബരിമലയിലെ ഇതുവരെയുള്ള നടവരവ് നൂറുകോടി കവിഞ്ഞു.കഴിഞ്ഞ ദിവസങ്ങളിൽ ഭക്തജനങ്ങളുടെ തിരക്ക് വർധിച്ചിരുന്നു.മകരവിളക്ക് കാലത്ത്് ഏറ്റവുമധികം നടവരവ് വെള്ളിയാഴ്ചയായിരുന്നു.

error: Content is protected !!