മകരവിളക്ക് തീര്‍ഥാടനത്തിനായി നട തുറന്ന ശേഷമുളള ആദ്യ ദിനത്തില്‍ തന്നെ ശബരീശ സന്നിധിയിലേക്ക് അഭൂതപൂര്‍വമായ ഭക്തജന പ്രവാഹം. വ്യാഴാഴ്ച(30) വൈകുന്നേരം നട തുറന്നിരുന്നെങ്കിലും വെള്ളിയാഴ്ച (31) പുലര്‍ച്ചെ മുതലാണ് തീര്‍ഥാടകരെ ദര്‍ശനത്തിനായി പ്രവേശിപ്പിച്ചത്. ഇന്ന് (31) പുലര്‍ച്ചെ നാലിന് നട തുറന്നു. 4.30 മുതല്‍ നെയ്യഭിഷേകം ആരംഭിച്ചു. ആദ്യ മണിക്കൂറില്‍ തന്നെ ഭക്തജന തിരക്ക് അനുഭവപ്പെട്ട് തുടങ്ങി.
കൂടുതല്‍ സമയം ദര്‍ശനത്തിനായി വരി നില്‍ക്കേണ്ട സാഹചര്യം ഭക്തര്‍ക്ക് അനുഭവപ്പെടാതെയുളള ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിട്ടുളളത്. ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ അയ്യനെ ഒരു നോക്കു കാണാനുളള ആഗ്രഹത്തില്‍ എത്തുന്ന ഭക്തര്‍ നിറഞ്ഞ മനസോടെ ദര്‍ശനം നടത്തിയാണ് മടങ്ങുന്നത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നുളള ഭക്തരാണ് കൂടുതലായി എത്തുന്നത്.
പമ്പ വഴിയും പുല്‍മേട് വഴിയുമാണ് ഭക്തര്‍ സന്നിധാനത്തേക്ക് പ്രവേശിക്കുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എരുമേലിയില്‍ നിന്നും കരിമല വഴിയുളള കാനനപാതയിലൂടെ ഇന്ന് (31) മുതല്‍ ഭക്തര്‍ പമ്പയിലേക്ക് എത്തി തുടങ്ങി. തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കിയതോടൊപ്പം ഭക്തര്‍ക്ക് സുഖദര്‍ശനമൊരുക്കുന്നതിനുളള ക്രമീകരണങ്ങളും ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഒരുക്കിയിട്ടുണ്ട്. പുതുവര്‍ഷത്തില്‍ ദര്‍ശനത്തിനായി കൂടുതല്‍ തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശബരിമലയില്‍ കളഭാഭിഷേകം
ശബരിമലയിലെ പ്രധാനപ്പെട്ട വഴിപാടുകളില്‍ ഒന്നായ കളഭാഭിഷേകം വെള്ളിയാഴ്ച(ഡിസംബര്‍ 31) നടന്നു. മകരവിളക്ക് തീര്‍ഥാടനത്തിനായി നട തുറന്ന ശേഷമുളള ആദ്യ കളഭാഭിഷേകമായിരുന്നു ഇത്. നിത്യേനയുളള ഇരുപത്തിയഞ്ച് കലശാഭിഷേകം കഴിഞ്ഞ് രാവിലെ 11.30 ന് ഉച്ചപൂജയ്ക്ക് മുന്‍പായാണ് ശബരീശന്റെ ഇഷ്ട വഴിപാടുകളിലൊന്നായ കളഭാഭിഷേകം നടന്നത്.
തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ കിഴക്കെ മണ്ഡപത്തില്‍ പൂജിച്ച കളഭകുംഭം മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണം നടത്തിയശേഷം ശ്രീകോവിലില്‍ എത്തിച്ചാണ് കളഭാഭിഷേകം നടത്തിയത്.