കോന്നി വാര്‍ത്ത ഡോട്ട് കോം : ചിറ്റാർ വില്ലേജ് ഓഫിസിൽ അപേക്ഷിക്കുന്ന രേഖകൾ ലഭിക്കില്ലെന്ന് കാട്ടി ഓഫിസ് ഉപരോധിച്ച് പഞ്ചായത്ത് മെമ്പർ. പഞ്ചായത്തിലെ 8 വാർഡ് മെമ്പർ ജിതേഷ് ഗോപാലകൃഷ്ണനാണ് അപേക്ഷകർക്കൊപ്പം ചേർന്ന് ഓഫിസ് ഉപരോധിച്ചത്. കരം അടച്ച രസീത്, വസ്തുക്കളുടെ സ്കെച്ച് തുടങ്ങി വില്ലേജ് ഓഫിസിൽ നിന്ന് നേരിട്ട് ലഭിക്കേണ്ട രേഖകളാണ് നാളുകളായി നൽകാതെ വില്ലേജ് ഓഫിസർ കബളിപ്പിക്കുന്നത്.
വിവിധ അപേക്ഷകൾ നൽകി കാത്തിരിക്കുന്ന വിദ്യാർഥികൾക്കുൾപ്പടെ രേഖകൾ നൽകണമെന്ന് നേരിട്ടപേക്ഷിച്ച പഞ്ചായത്തു മെമ്പറോട് അപമര്യാദയായി ചിറ്റാർ വില്ലേജ് ഓഫിസർ പെരുമാറിയതായി ആരോപണമുണ്ട്. തഹസീൽദാർ ഉൾപ്പടെയുള്ളവരോട് ഇതേക്കുറിച്ചു പരാതിപ്പെട്ടിട്ടും നടപടികളില്ല. കോന്നി തഹസീൽദാർ ആവശ്യമായ രേഖകൾ സമയബന്ധിതമായി നൽകണമെന്ന് വില്ലേജ് ഓഫിസർക്കു നിർദ്ദേശം നല്കിയിയെങ്കിലും ഓഫിസർ ധിക്കാരപരമായ നിലപാടാണ് സ്വീകരിച്ചത്.
ദിവസേന അപേക്ഷകരോട് വില്ലേജ് ഓഫിസിൽ ഹാജരാകാനാണ് പറയുന്നത്. അപേക്ഷകർ വരുമ്പോൾ വില്ലേജ് ഓഫിസർ പുറത്തു പോകുകയാണ് പതിവ്. ഇങ്ങനെ ഒരു മാസമായി സ്ഥിരമായിട്ടെത്തുന്ന വിദ്യാർഥികൾ ഉൾപ്പടെ നിരവധി പേരാണ് ഇന്നത്തെ ഉപരോധത്തിൽ പങ്കെടുത്തത്. കരാറുകാരും പാറമട ലോബിക്കാരും നടത്തുന്ന ക്രിസ്ത്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് പങ്കെടുക്കാൻ വില്ലജ് ഓഫിസർ ഉച്ച തിരിഞ്ഞു സ്ഥലം കാലിയാക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. എന്നാൽ കൈമടക്ക് കൊടുക്കാൻ തയ്യാറുള്ളവർക്കു രേഖകൾ നൽകുന്നതിന് തടസ്സങ്ങളുമില്ല.