മകരവിളക്ക്: പോലീസിന്റെ നാലാം ബാച്ച് ചുമതലയേറ്റു
മകരവിളക്ക് തീര്‍ഥാടനത്തിന് ഒരുങ്ങിയ ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിനായി സുരക്ഷാക്രമീകരണങ്ങളൊരുക്കി പോലീസ്. നാലാം ബാച്ചിന്റെ ഭാഗമായി 365 പേരടങ്ങിയ പുതിയ സംഘത്തെയാണ് സന്നിധാനത്ത് നിയോഗിച്ചിരിക്കുന്നത്. ഒരു എസ്പി, അഞ്ച് ഡിവൈഎസ്പി, 12 സിഐ, 40 എസ്‌ഐ എന്നിവര്‍ അടങ്ങിയതാണ് നാലാം ബാച്ച്.
പുലര്‍ച്ചെ 3.30 മുതല്‍ രാത്രി 10.30 വരെയുളള സമയങ്ങളില്‍ നാല് ടേണുകളായിട്ടാണ് ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കുക. ഇതിനു പുറമേ ക്വിക്ക് റെസ്പോണ്‍സ് ടീം, ബോംബ് സ്‌ക്വാഡ്, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ പോലീസ് വിഭാഗങ്ങളും സന്നിധാനത്തുണ്ട്. ജനുവരി ഒന്‍പതു വരെയുളള നാലാം ഘട്ട ഡ്യൂട്ടിയില്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന്റെ ഉദ്ഘാടനം വലിയ നടപന്തലില്‍ വിളക്ക് തെളിച്ച് പോലീസ് കണ്‍ട്രോളര്‍ ബി. അജിത്ത് കുമാര്‍ നിര്‍വഹിച്ചു. സുരക്ഷയോടൊപ്പം സന്നിധാനത്ത് എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുന്നതിന് മുന്തിയ പരിഗണന നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. തീര്‍ഥാടകരോട് ക്ഷമയോടു കൂടി പെരുമാറണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ഡ്യൂട്ടിയില്‍ ഏര്‍പ്പെടാനെന്നും അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു. ചടങ്ങില്‍ അസിസ്റ്റന്റ് പോലീസ് കണ്‍ട്രോളര്‍ ടി. ബിജു ഭാസ്‌ക്കര്‍, ഡിവൈഎസ്പി സി.ഡി. ശ്രീനിവാസന്‍ എന്നിവരും സംസാരിച്ചു.
ശബരിമല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം
*ഭക്തര്‍ക്ക് പ്രവേശനം (ഡിസംബര്‍ 31) മുതല്‍
*എരുമേലി കാനനപാത വഴി (ഡിസംബര്‍ 31) ഭക്തരെ പ്രവേശിപ്പിക്കും
മകരവിളക്ക് തീര്‍ത്ഥാടനത്തിനായി വൈകിട്ട് അഞ്ചിന് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട തുറന്നു. ഇതോടെ മകരവിളക്ക് ഉല്‍സവത്തിനും തുടക്കമായി. വൈകീട്ട് 5 ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയാണ് നട തുറന്നത്. തുടര്‍ന്ന് ആഴി തെളിയിച്ചു. ശബരിമല വിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും താക്കോലും മേല്‍ശാന്തിയില്‍ നിന്ന് ഏറ്റുവാങ്ങിയ മാളികപ്പുറം മേല്‍ശാന്തി ശംഭു നമ്പൂതിരി ഗണപതിയേയും നാഗരാജാവിനേയും തൊഴുതശേഷം മാളികപ്പുറം ശ്രീകോവിലും തുറന്നു. മണ്ഡലപൂജയ്ക്ക് ശേഷം ഡിസംബര്‍ 26 ന് നട അടച്ചിരുന്നു. (ഡിസംബര്‍ 30) നട തുറന്നെങ്കിലുംഇന്ന് (31.12.2021 ) പുലര്‍ച്ചെ മുതല്‍ മാത്രമെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുമതിയുള്ളൂ. ജനുവരി 14 നാണ് മകരവിളക്ക്. ജനുവരി 19 വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ടാകും. 19 ന് രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും.
ഒരു ഇടവേളയ്ക്കുശേഷം എരുമേലി കാനന പാതയിലൂടെ വീണ്ടും തീര്‍ത്ഥാടകര്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.(ഡിസംബര്‍ 31) രാവിലെ മുതല്‍ തീര്‍ത്ഥാടകര്‍ക്കായി പാത തുറന്നു നല്‍കും. കാനനപാതവഴിയുള്ള യാത്രാ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ എരുമേലിയില്‍ നിര്‍വഹിക്കും.
കാനനപാതയില്‍ യാത്രാ സമയത്തിന് നിയന്ത്രണമുണ്ട്. എരുമേലി കോഴിക്കാല്‍ക്കടവില്‍നിന്നും രാവിലെ 5.30 നും രാവിലെ 10.30 നും ഇടയിലേ കാനന പാതയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. അഴുതക്കടവിലും മുക്കുഴിയിലും രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവേശനം നല്‍കുക.
ഈ മേഖലകളില്‍ ആവശ്യമായ രേഖകളുടെ പരിശോധനയും ഉണ്ടാകും. തീര്‍ത്ഥാടകര്‍ക്ക് കൂട്ടായും ഒറ്റയ്ക്കും വരാമെങ്കിലും ബാച്ചുകളായി മാത്രമേ കാനന പാതയിലൂടെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കൂ. വൈകിട്ട് അഞ്ചിന് ശേഷം കാനന പാതയിലൂടെ സഞ്ചാരം അനുവദിക്കില്ല.
വലിയാനവട്ടം, കരിമല, കല്ലിടാംകുന്ന് എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് വിരി വയ്ക്കാന്‍ സൗകര്യമാരുക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ എട്ട് ഇടത്താവളങ്ങളില്‍ കടകളും ലഘുഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്. മുക്കുഴിയിലും കരിമലയിലും ആശുപത്രി സംവിധാനം ഒരുക്കിയിട്ടുണ്ട്. മാമ്പാടി, കല്ലിടാംകുന്ന്, കരിയിലാംതോട്, മഞ്ഞപ്പൊടിത്തട്ട് എന്നിവിടങ്ങളില്‍ ഓരോ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും. പ്രവേശന സമയം കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തന്‍മാരെ കാനനപാതയിലൂടെ കടത്തിവിടുകയില്ല. ജനുവരി 11ന് ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട നടക്കും. ജനുവരി 12 ന് പന്തളം ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 14 ന് ആണ് മകരജ്യോതി ദര്‍ശനവും മകരവിളക്കും.
കാനനപാത സജ്ജം; തീര്‍ത്ഥാടകര്‍ക്ക് ഇന്ന് ( വെള്ളി) മുതല്‍ പ്രവേശനം
* എരുമേലിയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കാനന പാത യാത്ര ഉദ്ഘാടനം ചെയ്യും
*എരുമേലി, മുക്കുഴി എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യം
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വെള്ളിയാഴ്ച (31.12.2021) മുതല്‍ കരിമല വഴിയുളള കാനന പാതയിലൂടെ തീര്‍ഥാടകരെ പ്രവേശിപ്പിച്ച് തുടങ്ങും. രാവിലെ എരുമേലിയില്‍ നടക്കുന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ കാനന പാത യാത്ര ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച(ഡിസംബര്‍ 30) എഡിഎം അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലുളള സംഘം നടത്തിയ സംയുക്തപരിശോധനയില്‍ പാത സഞ്ചാരയോഗ്യമാണെന്ന് വിലയിരുത്തി.
എരുമേലി മുതല്‍ പമ്പ വരെയുളള 35 കിലോമീറ്ററിലെ അടിക്കാട് തെളിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ജോലികളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വലിയാനവട്ടം, കരിമല, കല്ലിടാംകുന്ന്, മുക്കുഴി, അഴുതക്കടവ് എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കാന്‍ സൗകര്യമാരുക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ എട്ട് ഇടത്താവളങ്ങളിലായി തൊണ്ണൂറോളം കടകളും ലഘുഭക്ഷണശാലകളും സജ്ജമാക്കിയിട്ടുണ്ട്. മുക്കുഴിയിലും കരിമലയിലും ആശുപത്രി സംവിധാനവും പ്രവര്‍ത്തന സജ്ജമാണ്. മാമ്പാടി, കല്ലിടാംകുന്ന്, കരിയിലാംതോട്, മഞ്ഞപ്പൊടിത്തട്ട് എന്നിവിടങ്ങളില്‍ ഓരോ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്ററുകളും പ്രവര്‍ത്തിക്കും.
സഞ്ചാര പാതകളില്‍ വന്യമൃഗങ്ങളില്‍ നിന്നും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനായി റാപ്പിഡ് റെസ്‌പോണ്‍സ് സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ഇവരെ കൂടാതെ വനം വകുപ്പിന്റെ കീഴിലുളള ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റി വോളണ്ടിയര്‍മാരുടെ സേവനവും തീര്‍ഥാടകര്‍ക്ക് ലഭിക്കുമെന്നും എഡിഎം അറിയിച്ചു. അഴുതക്കടവ് മുതല്‍ പമ്പ വരെ നടത്തിയ പരിശോധനയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. രാവിലെ ഒന്‍പതു മുതല്‍ ആരംഭിച്ച പരിശോധന വൈകുന്നേരം നാലിന് പൂര്‍ത്തിയായി.
കോവിഡ് പശ്ചാത്താലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കാനന പാതയിലൂടെ തീര്‍ഥാടകരെ പ്രവേശിപ്പിച്ചിരുന്നില്ല. ഈ വര്‍ഷം സമയ നിയന്ത്രണങ്ങളോടെയാണ് പ്രവേശനം അനുവദിക്കുന്നത്. കോഴിക്കാല്‍ക്കടവില്‍നിന്നും പുലര്‍ച്ചെ 5.30 നും 10.30 ഇടയിലേ കാനന പാതയിലേക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനമുളളൂ. അഴുതക്കടവിലും മുക്കുഴിയിലും രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവേശനം നല്‍കുക. വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്യാത്തവര്‍ക്ക് എരുമേലി, മുക്കുഴി എന്നിവിടങ്ങളില്‍ നിന്നും സ്‌പോട്ട് ബുക്കിംഗ് എടുക്കാം. ഈ മേഖലകളില്‍ ആവശ്യമായ രേഖകളുടെ പരിശോധനയും ഉണ്ടാകും. തീര്‍ഥാടകര്‍ക്ക് കൂട്ടായും ഒറ്റയ്ക്കും വരാമെങ്കിലും ബാച്ചുകളായി മാത്രമേ കാനന പാതയിലൂടെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കൂ. വൈകുന്നേരം അഞ്ചിന് ശേഷം കാനന പാതയിലൂടെ സഞ്ചാരം അനുവദിക്കില്ല.