കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രാവിലെ ബൈക്ക് യാത്രികനെ ആക്രമിച്ച കാട്ടാന കല്ലേലി ആദിച്ചന്‍ പാറ , വയക്കര , കുമ്മണ്ണൂര്‍ ഭാഗങ്ങളില്‍ മാറി മാറി നിലയുറപ്പിച്ചു . ഇന്ന് രാവിലെ 6 മണിയോട് കൂടിയാണ് കോന്നി കല്ലേലി റോഡിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായത് ബൈക്ക് യാത്രികനെ കാട്ടാന ആക്രമിക്കുകയും ബൈക്ക് തകര്‍ക്കുകയും ചെയ്തു .
വകയാർ നടുവിലത്തു ബെനടിക്ട് ജോർജ്(43) നാണ് പരിക്ക് പറ്റിയത്. വകയാറിലെ വീട്ടിൽ നിന്നും കൊക്കാത്തോട്ടിൽ ടാപ്പിങ്ങിന് പോയതാണ്. കല്ലേലി മേസ്തിരി കാനയുടെ സമീപത്തു വെച്ചു കൊമ്പനാനയുടെ മുന്നിൽ പെട്ടു. ആന ബൈക്ക് ഇടിച്ചു കളഞ്ഞതോടെ ബെനടിക്ട് റോഡിൽ വീണു. ഇയാളുടെ മുകളിലൂടെ ആന അച്ഛൻകോവിൽ ആറ്റിൽ ചാടി വനത്തിൽ കയറി. പരിക്ക് പറ്റിയ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആറിന് അക്കരെ തേക്ക് കൂപ്പാണ് .അവിടെയാണ് ആന നിലയുറപ്പിച്ചത് . കല്ലേലി ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന ഭൂമിയില്‍ ഇപ്പോള്‍ ഏക്കറു കണക്കിന് കൈത കൃഷിയുണ്ട് . കൈത വിളവ് എത്തിയതോടെ ഇതിന്‍റെ മണമടിച്ചാണ് കാട്ടാന എത്തിയത് .കൈത തോട്ടത്തിലേക്ക് വന്യ മൃഗങ്ങള്‍ കയറാതെ ഇരിക്കാന്‍ സോളാര്‍ വേലി ഉണ്ട് .ഈ വേലിയില്‍ കാട്ടാന മുട്ടിയതോടെ ഷോക്ക് അടിച്ചു .ആ വെപ്രാളത്തിന് കാട്ടാന ഓടി . ഓടി റോഡില്‍ എത്തിയപ്പോള്‍ ആണ് വകയാര്‍ നിവാസി ഇത് വഴി വന്നത് . അങ്ങനെ ആണ് ആക്രമണം ഉണ്ടായത് .
ആറിന് അക്കരെ നിലയുറപ്പിച്ച കാട്ടാന തേക്ക് തൈകള്‍ നശിപ്പിച്ചു . മരം ഓടിക്കുന്ന ശബ്ദം തുടരെ തുടരെ കേള്‍ക്കാം . വീണ്ടും കാട്ടാന റോഡില്‍ എത്തുവാന്‍ സാധ്യത ഉണ്ട് . വേനല്‍ എത്തിയതോടെ വയക്കര നിവാസികള്‍ കുളിക്കാനും നനയ്ക്കാനും കല്ലേലി കടവ് ആണ് ഉപയോഗിക്കുന്നത് . ആന പകല്‍ പോലും എത്തിയതോടെ ജനം ഭീതിയില്‍ ആണ് . അച്ചന്‍ കോവില്‍ -ശബരിമല തീര്‍ഥാടന പാത കൂടിയാണ് കല്ലേലി എന്നതിനാല്‍ വനം വകുപ്പ് രാത്രി കാലത്ത് പെട്രോളിംഗ് ശക്തമാക്കണം .