KONNIVARTHA.COM : ഗ്രാമീണ മേഖലയുടെ ഉന്നമനത്തിന് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു.
അരുവാപ്പുലം പഞ്ചായത്തിലെ യാത്രാ ദുരിതത്തിന് പരിഹാരമായി 3.60 കോടി രൂപ വിനിയോഗിച്ച് ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്ന പഞ്ചായത്ത് പടി പുളിഞ്ചാണി – രാധപ്പടി റോഡ് നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം.
ഓരോ നിമിഷവും നാടും ജനങ്ങളും നവീകരണത്തിലൂന്നി മുന്നോട്ട് നീങ്ങണമെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വീടില്ലാത്തവര്‍ക്ക് വീട്, ജനങ്ങളുടെ ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, കാര്‍ഷിക മേഖലയുടെ വികസനം തുടങ്ങിയവയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. റോഡുകള്‍ മുമ്പൊരിക്കലുമില്ലാത്ത രീതിയില്‍ നവീകരിക്കുന്ന പദ്ധതികളാണ് സംസ്ഥാനത്ത് ആകെ നടപ്പാക്കിവരുന്നത്. ഗുണമേന്മയുള്ള സേവനം സമൂഹ ലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നല്‍കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കി വരുന്നു. കെ- ഫോണ്‍, കെ-ഡിസ്‌ക്ക് തുടങ്ങിയ പദ്ധതികള്‍ ദീര്‍ഘവീക്ഷണത്തോടെയുള്ളതാണ്. കേരളത്തിലെ 20 ലക്ഷം അഭ്യസ്ഥവിദ്യര്‍ക്ക് അഞ്ച് വര്‍ഷംകൊണ്ട് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. വികസന പ്രവര്‍ത്തനങ്ങളില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
പുളിഞ്ചാണി ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷവഹിച്ചു. കോന്നി മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് കലവറയില്ലാത്ത സഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് എംഎല്‍എ പറഞ്ഞു.
അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വര്‍ഗീസ് ബേബി, ദേവകുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.എന്‍. ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്മിത സന്തോഷ്, ബാബു എസ്.നായര്‍, ടി.ഡി. സന്തോഷ്, എസ്.ശ്രീലത, രാഷ്ട്രീയ- സാമൂഹ്യ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ അധീനതയിലുള്ള റോഡ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 3.60 കോടി രൂപ വകയിരുത്തി ആണ് നിര്‍മിക്കുന്നത്. റോഡിന്റെ വീതി കൂട്ടിയും വശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിച്ചും കലുങ്കുകള്‍ നിര്‍മിച്ചും കോണ്‍ക്രീറ്റിലും ബിഎം ആന്‍ഡ് ബിസി, സാങ്കേതിക വിദ്യയിലും ആണ് റോഡ് നിര്‍മിക്കുന്നത്.
അഞ്ചുവര്‍ഷം അറ്റകുറ്റപ്പണി ഉള്‍പ്പെടെ നടത്തുന്നതിനുള്ള കരാറാണ് നല്‍കിയിരിക്കുന്നത്. എട്ടു മാസമാണ് നിര്‍മാണ കാലാവധി. അഡ്വ. ജനീഷ് കുമാര്‍ എംഎല്‍എ ആയതിനുശേഷം നിരന്തരമായി ഇടപെട്ടതിന്റെ ഭാഗമായാണ് റോഡ് നിര്‍മാണ പദ്ധതി യഥാര്‍ഥ്യമാകുന്നത്. ഇതോടെ അരുവാപ്പുലം പഞ്ചായത്തിലെയും പത്തനാപുരം, കലഞ്ഞൂര്‍ പഞ്ചായത്തുകളിലെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്കും കോന്നി ടൗണിലും കോന്നി മെഡിക്കല്‍ കോളജിലും എത്തിച്ചേരുവാനുള്ള എളുപ്പ മാര്‍ഗമായി ഈറോഡ് മാറും. എട്ടു മാസമാണ് നിര്‍മാണ കാലാവധി.