ശബരിമല തീർത്ഥാടനത്തിന് സൗകര്യമൊരുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 3.20 കോടി രൂപയുടെ സ്പെഷ്യൽ ഗ്രാൻഡ് അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
പഞ്ചായത്ത് ഡയറക്ടറും നഗരകാര്യ ഡയറക്ടറും ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും ഗ്രാൻഡ് നൽകുവാൻ വേണ്ട സത്വര നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരും നഗരസഭാ സെക്രട്ടറിമാരും തങ്ങൾക്ക് ലഭിക്കുന്ന ഗ്രാൻഡ് ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം.
സമയബന്ധിതമായി പ്രവർത്തനങ്ങൾ നടത്തി തീർത്ഥാടകർക്കാവശ്യമായ സൗകര്യങ്ങളും ശുചിത്വവും ഉറപ്പുവരുത്തണമെന്നും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പ്രവർത്തന മേൽനോട്ടത്തിനായി മുന്നോട്ടുവരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.